തിരുവനന്തപുരം: ധനമന്ത്രി കെഎം മാണിയുടെ മുഖ്യന്ത്രി പദമോഹത്തിന് തടയിടാനുള്ള തന്ത്രമായിരുന്നു ബാർ കോഴ. ഒപ്പം രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാവുകയും വേണം. പിസി ജോർജ്ജിന്റെ സഹായത്തോടെ സമർത്ഥമായി ചെന്നിത്തല കരുനീക്കിയപ്പോൾ മാണി പ്രതിസന്ധിയിലായി. എന്നാൽ ബജറ്റ് അവതരണ ശേഷം മാണി പ്രതിരോധ തന്ത്രം വിട്ടു. തന്റെ ശത്രുക്കളാരെന്ന് തിരിച്ചറിഞ്ഞ മട്ടിൽ പ്രത്യാക്രമണം നടത്തിയ ഇതോടെ അപ്രതീക്ഷിതമായി കേരളാ കോൺഗ്രസിന്റെ ശത്രുക്കൾ പ്രതിരോധിത്തിലായി. ജോർജിന് ചീഫ് വിപ്പ് സ്ഥാനം പോകുമെന്നും ഉറപ്പായി. ഇതിനിടെയിലുണ്ടായ കോലാഹലത്തിനെതിരെ ബാറുടമ ബിജു രമേശിന് നാവും പഴിച്ചു. ഇതോടെ കളിയെല്ലാം മാറി. എക്‌സൈസ് കെ ബാബുവിനെ കോഴയിൽ കുരുക്കി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പ്രതിസ്ഥാനത്ത് എത്തിക്കാനുള്ള ചെന്നിത്തലയുടെ നീക്കമാണ് എല്ലാം പൊളിച്ചത്. അറിയാതെ ചെന്നിത്തലയുടേയും വി എസ് ശിവകുമാറിന്റേയും പേരുകൂടി ബിജു രമേശ് വിളിച്ചു പറഞ്ഞതോടെ ബാർ കോഴയുടെ അണിയറ ശിൽപ്പികൾ വെട്ടിലായി.

കോൺഗ്രസ് മന്ത്രിമാർക്കെതിരായ ആരോപണങ്ങൾ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. അങ്ങനെ വി എസ് അച്യുതാനന്ദന്റെ പരാതിയിൽ തൊടുന്യായങ്ങളുമായി വിജിലൻസ് മടക്കി. അപ്പോഴും ഇത്രയും കോലാഹലങ്ങൾ ആഭ്യന്തര വകുപ്പ് പ്രതീക്ഷിച്ചില്ല. കെഎം മാണി വീണ്ടും രംഗത്തും വന്നു. ബാർ കോഴയിലെ ഗൂഡാലോചനക്കാരൻ രമേശ് ചെന്നിത്തലയാണെന്ന് പറയാതെ പറഞ്ഞു. ലളിതാ കുമാരി കേസ് ഉയർത്തി ബാർ കോഴയിൽ തനിക്കെതിരെ ക്വിക്ക് വെരിഫിക്കേഷനും കേസും. ബാബുവിന് തലോടലും. എല്ലാം വ്യക്തമാണെന്നും മാണി പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പുള്ളതിനാൽ മാണിയെ പിണക്കുന്നത് ഗുണകരമാകില്ലെന്ന നിലപാട് മുസ്ലിം ലീഗിനുമുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ മാണിക്ക് ഒപ്പമുള്ള എട്ട് വോട്ടുകൾ ഉറപ്പിച്ചേ മതിയാകൂ. അതിന് അടിയന്തര തീരുമാനങ്ങൾ വേണമെന്ന് ആഭ്യന്ത്ര മന്ത്രിയോട് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.

ഈ സാഹചര്യത്തിലാണ് എഴുതി തയ്യാറാക്കിയ തിരക്കഥയുടെ മൂന്നാം ഭാഗം മാത്രം ചെന്നിത്തല പരിശോധിക്കുന്നത്. ടിഒ സൂരജിലൂടെ കുഞ്ഞാലിക്കുട്ടിയുടെ ചിറകരിഞ്ഞ ചെന്നിത്തല മാണിയേയും ബാർ കോഴയിൽ കുടുക്കി. മുഖ്യന്ത്രിയിലേക്ക് എത്താനുള്ള വഴിയായിരുന്നു കെ ബാബു. അതിനുള്ള രാഷ്ട്രീയ നാടകത്തിലാണ് അറിഞ്ഞോ അറിയാതെയോ രമേശ് ചെന്നിത്തലയുടെ പേരിലേക്ക് ബിജു രമേശ് വിരൽ ചൂണ്ടിയത്. എങ്കിലും രമേശ് ചെന്നിത്തലയുടെ പേര് പരസ്യമായി പറഞ്ഞിട്ടില്ല. ശിവകുമാറിനേയും പ്രത്യക്ഷത്തിൽ ദ്രോഹിക്കുന്നത് ഒന്നുമില്ല. ഈ സാഹചര്യത്തിൽ താൻ നേരിട്ട് പണം നൽകിയെന്ന് ബിജു രമേശ് പറഞ്ഞ കെ ബാബുവിനെ കേസിൽ കുടുക്കാനാണ് നീക്കം. ഇതിലൂടെ കോൺഗ്രസ് മന്ത്രിമാർക്കെതിരെ കേസും എഫ്‌ഐആറുമില്ലെന്ന മാണിയുടെ പരാതി പരിഹരിക്കപ്പെടും. അപ്പോഴും രമേശ് ചെന്നിത്തലയ്ക്ക് എതിരായ ആരോപണങ്ങൾ വെള്ളത്തിൽ വരച്ച വരയാകും.

ആഭ്യന്തര മന്ത്രിയായ രമേശ് ചെന്നിത്തല, വിജിലൻസിന് ഉപോയഗിച്ച് തന്റെ പ്രതിച്ഛായ കൂട്ടാനാണ് ശ്രമിച്ചത്. പലതിനേയും മുഖ്യമന്ത്രി എതിർത്തു. എന്നാൽ അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന നിലപാടുമായി രമേശ് ചെന്നിത്തല എല്ലാം വെട്ടി നീക്കി. ടിഒ സൂരജിനെതിരായ നടപടി പോലും മുഖ്യമന്ത്രിയുടെ എതിർപ്പ് അവഗണിച്ചായിരുന്നു. എന്നാൽ ബാർ കോഴയിൽ ഒറ്റയാൾ തീരുമാനത്തിന് ചെന്നിത്തലയെ ഉമ്മൻ ചാണ്ടി അനുവദിക്കില്ല. കെ ബാബുവിനെ കേസിൽ കുടക്കാനുള്ള നീക്കത്തെ അംഗീകരിക്കുകയുമില്ല. ശക്തമായ എതിർപ്പ് ഈ വിഷയത്തിൽ ഉയർത്തും. ചെന്നിത്തലയ്ക്കും ശിവകുമാറിനും കേസില്ലെങ്കിൽ ബാബുവിനെതിരേയും വേണ്ട്. മാണിയെ എത്രയും വേഗം ഒഴിവാക്കുകയും വേണം. ഫലത്തിൽ മാണിയെ ബാർ കോഴയിൽ നിന്ന് ഒഴിവാക്കിയില്ലെങ്കിൽ മൂന്ന് പേരും കുടുങ്ങുമെന്ന സൂചനയാണ് മുഖ്യമന്ത്രി നൽകുന്നത്. അല്ലെങ്കിൽ ജനങ്ങൾക്ക് മുന്നിൽ സമർത്ഥമായ പ്രതിരോധം തീർക്കാൻ പോലും കഴിയില്ലെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കുള്ളത്.

പക്ഷേ ചെന്നിത്തല ഒന്നിനും വഴങ്ങില്ലെന്നാണ് സൂചന. നേരിട്ട് പണം വാങ്ങിയെന്ന ബിജു രമേശിന്റെ മൊഴിയാണ് ബാബുവിന് എതിരെയുള്ളത്. കോടതിക്ക് മുന്നിൽ നൽകിയ രഹസ്യമൊഴിയിലും സിഡികളിലും മാണിക്കും ബാബുവിനും എതിരായ തെളിവുകളാണ്. ഈ സാഹചര്യത്തിൽ ബാബുവിനെതിരെ നടപടി വേണ്ടി വരും. തനിക്കും ശിവകുമാറിനുമെതിരെ രഹസ്യമൊഴിയിൽ വ്യക്തമായ തെളിവുകളുണ്ടെങ്കിൽ അതും പരിശോധിക്കാം. മജിസ്‌ട്രേട്ടിന് മുന്നിൽ എന്തു പറഞ്ഞെന്ന് തിരക്കഥ ഒരുക്കിയവർക്ക് അറിയാം. ബിജു രമേശിന്റെ മൊഴിയിൽ ചെന്നിത്തലയേയും ശിവകുമാറിനേയും പ്രത്യക്ഷത്തിൽ പരാമർശിക്കുന്ന ഒന്നുമില്ലെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് കോടതിക്ക് പുറത്തെ ബിജു രമേശിന്റെ വാക്കുകളെ പരിഗണിക്കാതെ കേസ് എടുക്കാനുള്ള നീക്കം. എന്നാൽ ഇതിനെ മുഖ്യമന്ത്രി എതിർത്തതോടെ വിഷയം കോൺഗ്രസിലെ ഗ്രൂപ്പുകളിലേക്ക് പടരും.

ബാർ കോഴയിൽ ചെന്നിത്തലയുടേയും ശിവകുമാറിന്റേയും പേര് റിപ്പോർട്ടർ ടിവിയാണ് ആദ്യം പുറത്ത് വിട്ടത്. എന്നാൽ ഇത് ദേശാഭിമാനി പോലും ഏറ്റെടുത്തില്ല. എല്ലാ പത്രങ്ങളും ചാനലുകളും കണ്ടില്ലെന്ന് നടിച്ചു. ഇതോടെ വിവാദത്തിൽ പെടില്ലെന്ന് ഉറപ്പിച്ച് ചെന്നിത്തല നീങ്ങുന്നതിനിടെയാണ് ചാനൽ ചർച്ചയ്ക്കിടെ ചെന്നിത്തലയുടെ പേര് ബിജു രമേശ് പറയാതെ പറഞ്ഞത്. ഇതിനിടെ ചെന്നിത്തലയ്ക്കും ശിവകുമാറിനും ബാബുവിനുമെതിരെ അന്വേഷണം നടത്താൻ വി എസ് അച്യുതാനന്ദൻ, വിജിലൻസിന് കത്തും നൽകി. എന്നാൽ ഒന്നിനും ആധികാരികതയില്ലെന്നായിരുന്നു വിജിലൻസിന്റെ മറുപടി. ഇതോടെ മാണി ശക്തമായി രംഗത്തുവന്നു. വി എസ് വീണ്ടും പരാതി നൽകുകയും ചെയ്തു. ഈ സാഹചര്യത്തിലെ രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കാൻ ബാബുവിനെ ബലികൊടുക്കാമെന്നാണ് ചെന്നിത്തലയുടെ അഭിപ്രായം.

എന്നാൽ എല്ലാം മുൻകൂട്ടി തയ്യാറാക്കിയതാണ്. തന്റെ മന്ത്രിസഭയിൽ ഇരുന്ന് പാലം വലിക്കാൻ ശ്രമിക്കുന്ന ആഭ്യന്തര മന്ത്രിയെ നേരത്തെ തന്നെ ഉമ്മൻ ചാണ്ടി തിരിച്ചറിഞ്ഞതുമാണ്. അതുകൊണ്ട് തന്നെ ചെന്നിത്തലയുടെ കള്ളക്കളികൾ കോൺഗ്രസ് ഹൈക്കമാണ്ടിനെ ബോധിപ്പിക്കാനുള്ള ഉചിതമായ സമയമായി നിലവിലെ സാഹചര്യത്തെ മുഖ്യമന്ത്രിയും കാണുന്നു. എല്ലാത്തിനും പ്രധാനം സർക്കാരാണ്. അതിനെ അട്ടിമറിക്കുന്ന തരത്തിലെ രാഷ്ട്രീയ നീക്കങ്ങൾ കോൺഗ്രസിനുള്ളിൽ നിന്ന് തന്നെ ഉണ്ടാകുന്നുവെന്ന പരാതിയാണ് മുഖ്യമന്ത്രിക്കുള്ളത്. നിസ്സാരമായി തീർക്കാവുന്ന പ്രശ്‌നമാണ് വിജിലൻസിനെ ഉപയോഗിച്ച് രമേശ് ചെന്നിത്തല വഷളാക്കിയതെന്നും മുഖ്യമന്ത്രി പറയുന്നു.

ദുഃഖ വെള്ളിയാഴ്ച പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (ഏപ്രിൽ 3) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ