തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ  സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച  ചലച്ചിത്രോത്സവമായ  ക്വിസ 2015 ന്റെ അവാർഡ് വിതരണം ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വച്ച് നടന്നു. പ്രശസ്ത ചലച്ചിത്രകാരൻ  ശ്യാമപ്രസാദ് വിജയികൾക്ക് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. ജൂറി ചെയർമാൻഎം എഫ് തോമസ്, ടെക്‌നോപാർക്ക് ബിസിനസ്സ് മാനേജർ  വസന്ത് വരദ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അധ്യക്ഷ്യം വഹിച്ച ചടങ്ങിൽ ക്വിസയുടെ കൺവീനർ വിനു സ്വാഗതവും  ക്വിസയുടെ ജോയിന്റ് കൺവീനർ  ജോൺസൺ കൃതജ്ഞതയും പറഞ്ഞു.

ടെക്‌നോപാർക്ക് ജീവനക്കാർ സൃഷ്ടിച്ച 25 ഹൃസ്വ ചിത്രങ്ങളിൽ നിന്നും, ചലച്ചിത്ര മേഖലയിലെ പ്രഗത്ഭരടങ്ങിയ ജഡ്ജിങ് പാനലാണ് വിജയികളെ നിശ്ചയിച്ചത്. ദേശീയ, സംസ്ഥാന ചലച്ചിത്ര അവാർഡ്  നിർണ്ണയ സമിതികളിലെ സ്ഥിരം സാന്നിദ്ധ്യമായ പ്രശസ്ത ചലച്ചിത്ര നിരൂപകൻ  എം. എഫ്. തോമസ് അദ്ധ്യക്ഷനായുള്ള ജഡ്ജിങ് പാനലിൽ സുപ്രസിദ്ധ ചലച്ചിത്ര സംവിധായകൻ  സുദേവൻ, പ്രശസ്ത ചലച്ചിത്ര നിരൂപകയും കോളമിസ്റ്റുമായ  കെ. എ. ബീന എന്നിവർ  ജൂറി അംഗങ്ങളായിരിന്നു.

ക്വിസ 2015 ലെ വിജയികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു,

1. മികച്ച ചിത്രം: എൽ ബസോ ധസംവിധാനം: മഹേഷ് പെരിയാടൻ, കമ്പനി :  യു എസ് ടി ഗ്ലോബൽ
 
2. മികച്ച സംവിധായകൻ: മഹേഷ് പെരിയാടൻ, കമ്പനി :  യു എസ് ടി ഗ്ലോബൽ ചിത്രം : എൽ ബസോപ
 
3. മികച്ച രണ്ടാമത്തെ ചിത്രം : 'Rs.2'  സംവിധാനം: രാഹുൽ റെജി നായർ,  കമ്പനി:  ടി സി എസ്
 
4. മികച്ച തിരക്കഥ :  രാഹുൽ  റെജി നായർ, കമ്പനി :  ടി സി എസ്   ചിത്രം:  'MJ'
 
5. മികച്ച അഭിനേത്രി : അനു ഏബ്രഹാം, കമ്പനി :  അലയൻസ് ചിത്രം: ഏക
 
6. ജൂറിയുടെ പ്രത്യേക പരാമർശം:  എന്നു സ്വന്തം മധുമതി സംവിധാനം:  കിരൺ പ്രസാദ്, കമ്പനി :  യു എസ് ടി ഗ്ലോബൽ

മികച്ച ചിത്രത്തിന് ശില്പവും 11,111 രൂപയും  മികച്ച രണ്ടാമത്തെ ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥാകൃത്തിനും ശിൽപ്പവും 5,555 രൂപയും വീതവും സമ്മാനമായി ലഭിച്ചു. പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം സുനിൽ രാജ് വിജയികളെ അവാർഡ് സ്വീകരിക്കുന്നതിനായി വേദിയിലേക്ക് ക്ഷണിച്ചു.

ആർക്കും ഒരു ഹൃസ്വ ചിത്രമെടുക്കാം എന്ന നിലയാണിന്ന് നില നിൽക്കുന്നതെന്നും അതിനാൽ തന്നെ ചിത്രത്തിന്റെ ഗുണമേന്മയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അത് വഴി നിലവാരമുള്ള ചിത്രങ്ങൾ മാത്രം നിർമ്മിക്കുവാനും ശ്യാമപ്രസാദ് ടെക്‌നോപാർക്കിലെ ചലച്ചിത്ര പ്രേമികളെ ഉപദേശിച്ചു. ദൂരദർശനിൽ ഹ്രസ്വചിത്രങ്ങൾ എടുത്തിരുന്ന ഭൂത കാലം തന്റെ ജീവിതത്തിലെ സുവർണ്ണ  ദശയായി കാണുന്നുവെന്നും ശ്യാമ പ്രസാദ് തന്റെ മുഖ്യപ്രഭാഷണത്തിൽ പറയുകയുണ്ടായി.

ക്വിസയിൽ  മത്സരത്തിനു വന്ന ചിത്രങ്ങൾ  വളരെ മികച്ച നിലവാരം പുലർത്തിയതായും  സിനിമയുടെ എല്ലാ മേഖലയിലും കൈത്തഴക്കം വന്ന പ്രതിഭകളുടെ സാന്നിദ്ധ്യം അനുഭവവേദ്യമാക്കാൻ  ക്വിസക്കു സാധിച്ചു എന്നും ജൂറി ചെയർമാൻ  വിലയിരുത്തി. ക്വിസ 2015 ചിത്രങ്ങളുടെ എണ്ണത്തിൽ  മാത്രമല്ല ഗുണത്തിലും നിലവാരത്തിലും അഭിമാനാർഹമാം   വിധം ഏറെ മുന്നേറിയിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം ശ്രീജിത് കെ  ശ്യാമപ്രസാദിന് പ്രതിധ്വനിയുടെ ഉപഹാരം സമ്മാനിച്ചു. ജൂറി ചെയർമാൻ തോമസ് മാഷിന് പ്രതിധ്വനി എക്‌സിക്യൂട്ടീവ് അംഗം രഞ്ജിത് രാജേന്ദ്രൻ പ്രതിധ്വനിയുടെ ഉപഹാരം സമ്മാനിച്ചു.

അവാർഡ് ജേതാക്കളായ മഹേഷ് പെരിയാടൻ, രാഹുൽ  റെജി നായർ, കിരൺ പ്രസാദ്, അനു ഏബ്രഹാം എന്നിവർ ക്വിസയിലൂടെ പ്രതിധ്വനി നൽകിയ വലിയ അവസരത്തിനും അംഗീകാരത്തിനും  ഒപ്പം ശ്യാമപ്രസാദിൽ  നിന്നും സമ്മാനം സ്വീകരിക്കാൻ കഴിഞ്ഞതിലും അവർക്കുള്ള അകൈതവമായ  നന്ദി രേഖപ്പെടുത്തി.

അവാർഡ് വിതരണത്തിനു ശേഷം സമ്മാനാർഹമായ 'എൽ ബസോ', 'Rs.2',  'MJ" 'എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയുണ്ടായി. സമ്മാനർഹാമായ ചിത്രങ്ങൾ ശ്യാമപ്രസാദ് , ജൂറി ചെയർമാൻ എം എഫ് തോമസിനൊപ്പം ഇരുന്നു കാണുകയും നല്ല ചിത്രങ്ങൾ എന്ന് സാക്ഷ്യപ്പെടുത്തുകയും   ചെയ്തു

അതിനു ശേഷം IFFK 2015 ൽ  മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട, പശസ്ത ചലച്ചിത്രകാരൻ ജയരാജിന്റെ  'ഒറ്റാൽ' നിറഞ്ഞ സദസ്സിനു മുൻപിൽ പ്രദർശിപ്പിക്കുകയുണ്ടായി.