തിരുവനന്തപുരം: ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിദ്ധ്വനി നടത്തുന്ന ക്വിസ-2015 ഹ്രസ്വചലച്ചിത്രോത്സവം  ഇന്ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ രാവിലെ 9 മുതൽ ആരംഭിക്കും. UST Global, Infsoys, IBS, Envestnet, Tataelxsi, TCS, D+H, Alamy, RM Education, Navigant, Neologix, Applexus  തുടങ്ങി പാർക്കിലെ പ്രമുഖ കമ്പനികളിൽ നിന്നുമായി ഇരുപതിൽ പരം ഹ്രസ്വചിത്രങ്ങൾ ഇക്കുറി മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതായിരിക്കും.

പ്രശസ്ത ചലച്ചിത്ര നിരൂപകൻ M.F. തോമസ് അദ്ധ്യക്ഷനാകുന്ന ജൂറിയിൽ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ CR:NO.89 സംവിധാനം ചെയ്ത സുദേവൻ, എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമായ  K.A. ബീന തുടങ്ങിയവരും അംഗങ്ങളാണ്. അവാർഡ് വിതരണം ഒമ്പതിന് വൈകുന്നേരം ഇതേ വേദിയിൽ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ് മുഖ്യാതിഥിയായി എത്തുന്ന ചടങ്ങിൽ വച്ച് നിർവഹിക്കപ്പെടുന്നതാണ്.
പുരസ്‌കാരവിതരണത്തിനു ശേഷം അതിനർഹമായ ചിത്രങ്ങളുടെ പ്രദർശനവും തുടർന്ന് ഇക്കഴിഞ്ഞ IFFKയിൽ സുവർണ്ണ ചകോരമടക്കം നിരവധി ദേശീയ/സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയ ജയരാജ് സംവിധാനം നിർവഹിച്ച 'ഒറ്റാൽ' എന്ന സിനിമയുടെ പ്രദർശനവും ഉണ്ടായിരിക്കുന്നതാണ്.  

2012ൽ ആരംഭിച്ച ക്വിസ ചലച്ചിത്രമേള കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി ടെക്‌നോപാർക്കിലെ കലാകാരന്മാർ ഒരുക്കിയ 75 ഓളം ഹ്രസ്വചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുകഴിഞ്ഞു. ചലച്ചിത്ര മേഖലയിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി ച കരുൺ, രഞ്ജിത്ത് ശങ്കർ, വിനീത് ശ്രീനിവാസൻ,  തുടങ്ങിയവരായിരുന്നു മുൻവർഷങ്ങളിൽ ഈ മേളയിലെ മുഖ്യാതിഥികൾ. ടെക്‌നോപാർക്കിലെ കലാകാരന്മാരെ അടുത്തറിയുവാനും അവരുടെ സൃഷ്ടികൾ വിലയിരുത്തുവാനും വേണ്ടി പ്രതിധ്വനി നടത്തുന്ന ഈ കലാ മേളയിലേക്ക്  ഇവിടെയുള്ള എല്ലാ സിനിമാപ്രേമികളെയുംപ്രതിധ്വനി സാദരം ക്ഷണിച്ചുകൊള്ളുന്നു. മേളയിലേക്ക് എല്ലാ ടെക്‌നോപാർക്ക് ജീവനകാർക്കും പ്രവേശനം സൗജന്യമായിരിക്കും