തൃശൂർ: കാറിന്റെ ഹോൺ നീട്ടിയടിച്ചതിന്റെ പേരിൽ എൻജിനീയറുടെ കൈ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയെന്ന കേസിൽ പ്രതിസ്ഥാത്തുള് അഭിഭാഷകൻ കീഴടങ്ങി. അയ്യന്തോൾ എട്ടുകുളം വക്കത്ത് വി.ആർ.ജ്യോതിഷാണ് ഈസ്റ്റ് സ്റ്റേഷനിൽ കീഴടങ്ങിയത്. കേസിൽ താൻ കുടുങ്ങാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിച്ച അഭിഭാഷകൻ മുൻകൂർ ജാമ്യമെടുത്തിരുന്നു. അതുകൊണ്ട് തന്നെ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.

പരാതിക്കാരനായ കൂർക്കഞ്ചേരി ലവ്‌ഷോറിൽ പുളിക്കത്തറ ഗിരീഷ്‌കുമാർ സ്റ്റേഷനിലെത്തി ജ്യോതിഷിനെ തിരിച്ചറിയുകയും പൊലീസിനു മൊഴി നൽകുകയും ചെയ്തു. ഒന്നര മാസമായി ജ്യോതിഷ് ഒളിവിലായിരുന്നു. തിരുവോണത്തലേന്നാണ് ആക്രമണമുണ്ടായത്. ജ്യോതിഷിന്റെ കാറിനു പിന്നിൽ നീട്ടി ഹോണടിച്ചത് ഇഷ്ടപ്പെടാത്തതിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. 15 മിനിറ്റിനു ശേഷം ഗിരീഷിന്റെ ഫ്‌ലാറ്റിൽ രണ്ടു ഗുണ്ടകളെത്തി ഇരുമ്പുവടി ഉപയോഗിച്ചു കൈ തല്ലിയൊടിച്ചെന്നാണു കേസ്. ഹൈക്കോടതിയിൽ ജ്യോതിഷ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ വ്യാഴാഴ്ച കോടതി അംഗീകരിച്ചിരുന്നു.

ആക്രമണത്തിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ചു ഗിരീഷ്‌കുമാർ മൊഴി നൽകി. എന്നാൽ, താൻ ക്വട്ടേഷൻ നൽകിയിട്ടില്ലെന്ന മുൻനിലപാട് ജ്യോതിഷ് ആവർത്തിച്ചു. നഗരത്തിലെ മാളിനു മുന്നിൽ തർക്കമുണ്ടാകാൻ കാരണം ഗിരീഷ്‌കുമാർ അസഭ്യം പറഞ്ഞതാണെന്നും വക്കീൽ ആരോപിച്ചു. ഗിരീഷ്‌കുമാർ ഇതു നിഷേധിച്ചിട്ടുണ്ട്.

സാബു വിൽസൺ, അജീഷ് എന്നീ ഗുണ്ടകളെ പൊലീസ് പിടികൂടി ചോദ്യം ചെയ്തപ്പോഴാണു ക്വട്ടേഷനാണെന്നു വ്യക്തമായത്. 10,000 രൂപയായിരുന്നു ക്വട്ടേഷൻ തുക. ക്വട്ടേഷന് ഇടനില നിന്ന പൊങ്ങണംകാട് സ്വദേശി നെൽസൺ എന്ന നാലാം പ്രതി ഇപ്പോഴും ഒളിവിലാണെന്ന് ഈസ്റ്റ് എസ്‌ഐ എം.ജെ. ജിജോ അറിയിച്ചു.

കേസിൽ അഡ്വ. വി.ആർ. ജ്യോതിഷിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ ഉണ്ടെന്ന ആരോപണം ശക്തമായിരുന്നു. ബന്ധു കൂടിയായ അഭിഭാഷകനെ രക്ഷിക്കാൻ പൊലീസ്വകുപ്പിലെ ഉന്നതൻ കടുത്ത സമ്മർദമാണു ചെലുത്തിയതെങ്കിലും ഒരുവിഭാഗം വഴങ്ങിയില്ല. കേസ് നടപടികൾ താമസിപ്പിക്കാനും ശ്രമിച്ചു. സിറ്റി പൊലീസ് നേതൃത്വം ഉറച്ച നിലപാടു സ്വീകരിച്ചതാണ് വഴിത്തിരിവായത്. അഭിഭാഷകൻ നിയമോപദേശകനായിരുന്ന സ്വകാര്യപണമിടപാടു സ്ഥാപനത്തിന്റെ മറവിൽ നടത്തിയ പല പ്രവൃത്തികളെക്കുറിച്ചും ആക്ഷേപമുയർന്നിരുന്നു. ഈ സ്ഥാപനം പലരുടെയും വ്യാജ ഒപ്പിട്ട് പ്രമാണങ്ങൾ തയാറാക്കിയെന്നാണ് മുഖ്യആക്ഷേപം.

രണ്ടുവർഷംമുമ്പ് ഇതേക്കുറിച്ച് രേഖാമൂലം പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ മുഖവിലയ്ക്കെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. ലീഗൽ അഡൈ്വസർ എന്ന നിലയിൽ സ്ഥാപനത്തിൽനിന്നു ലഭിച്ച രേഖകൾ ദുർവിനിയോഗം ചെയ്തതായി സ്ഥാപനത്തിന്റെ മുൻ ചെയർമാൻ ചൂണ്ടിക്കാട്ടി. കൂർക്കഞ്ചേരിയിൽ പ്രവർത്തിക്കുന്ന ധനകാര്യസ്ഥാപനത്തിൽനിന്നു നോട്ടീസ് ലഭിച്ചപ്പോഴാണ് പലരും കുടുക്കിലായ കാര്യം അറിയുന്നത്. കഴിഞ്ഞ മൂന്നിനാണ് ശക്തൻ നഗറിലുണ്ടായ തർക്കത്തെത്തുടർന്ന് എൻജിനീയറുടെ കൈ ഗുണ്ടകളെ വിട്ട് തല്ലിയൊടിച്ചത്. മുൻകൂർ ജാമ്യഹർജി സമർപ്പിച്ച വേളയിൽ കോടതി പൊലീസ് റിപ്പോർട്ടും തേടുകയായിരുന്നു. അഭിഭാഷകന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.