- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്വാറി കമ്പനിയുടെ വിറ്റുവരവ് 28 കോടി രൂപയെന്ന് കണക്കാക്കി; ബാങ്കിൽ ഉണ്ടായിരുന്നത് ഏഴു കോടി രൂപ മാത്രവും; 21 കോടി തട്ടിച്ച നടത്തിപ്പുകാരൻ അറസ്റ്റിൽ; കൂട്ടു നിന്ന ചാർട്ടേഡ് അക്കൗണ്ടന്റ് ഒളിവിൽ
കണ്ണൂർ: ക്വാറിയുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച് 21 കോടിയോളം രൂപ കബളിപ്പിച്ചുവെന്ന പരാതിയിൽ ക്വാറി നടത്തിപ്പുകാരൻ അറസ്റ്റിൽ. കണ്ണൂർ ടൗൺ പൊലീസാണ് നടത്തിപ്പുകാരനായെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്ത് സബ് ജയിലിലാക്കി. കൂട്ടുപ്രതി തളാപ്പിലെ ചാർട്ടേഡ് അക്കൗണ്ടന്റ് ഒളിവിലാണ്. ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് മാവിലക്കണ്ടിയിലെ കെ.സി.മിനീഷിന്റെ പരാതിയിൽ കണ്ണവം എടയാർ മഠത്തിനമറ്റത്തിൽ വീട്ടിൽ എം.എം.തോമസ് (57) ആണ് അറസ്റ്റിലായത്.
ശ്രീവിഹാറിൽ സി.സുരേഷ് കുമാറാണ് ഒളിവിൽ. ഏഴുവർഷംവരെ തടവുകിട്ടാവുന്ന വ്യാജരേഖ ചമയ്ക്കൽ, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവം ഇങ്ങനെയാണ്: തോമസും കെ.മുഹമ്മദ് ഹാജിയും മാനേജിങ് ഡയറക്ടർമാരായി മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നപേരിൽ കമ്പനി രൂപവത്കരിച്ച് എടയാറിൽ ക്വാറി നടത്തിയിരുന്നു. വരുമാനത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കം ഹൈക്കോടതിയിലെത്തുകയും കോടതി റിട്ട. ജഡ്ജിയെ തർക്കപരിഹാരത്തിന് നിയോഗിക്കുകയും ചെയ്തു.
2018 ഒക്ടോബറിൽ കമ്പനി തീരുമാനപ്രകാരം ക്വാറിനടത്തിപ്പ് പ്രതിമാസം 15 ലക്ഷം രൂപ വാടകയ്ക്ക് പരാതിക്കാരനായ മിനീഷ്, അനിൽകുമാർ എന്നിവരെ ഏൽപ്പിച്ചു. ക്വാറി നടത്തി പരിചയമുള്ളയാൾ എന്ന നിലയ്ക്ക് തോമസിനെക്കൂടി ചേർത്ത് മലബാർ കൺസ്ട്രക്ഷൻ മെറ്റീരിയൽസ് എന്നപേരിൽ പങ്കാളിത്ത സ്ഥാപനമുണ്ടാക്കി. രണ്ടാം പ്രതിയായ ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉപദേശംകൂടി കണക്കിലെടുത്തായിരുന്നു ഇത്. ഈ സ്ഥാപനത്തിൽ 50 ശതമാനം അവകാശം തോമസിനും ബാക്കി അവകാശം 25 ശതമാനം വീതം മിനീഷിനും അനിലിനുമായിരുന്നു. നടത്തിപ്പുചുമതല തോമസിനും.
10 മാസം നടത്തിക്കഴിഞ്ഞപ്പോൾ കമ്പനിയുടെ വിറ്റുവരവ് 28 കോടി രൂപയെന്ന് കണക്കാക്കി. പക്ഷേ ബാങ്ക് അക്കൗണ്ടിൽ ഏഴുകോടിയോളം രൂപ മാത്രമാണുണ്ടായിരുന്നത്. ഇത്ര തുക തന്നെ ചെലവായും കാണിച്ചതിനാൽ വീതംവെയ്ക്കാൻ ഒന്നുമുണ്ടായില്ല. വരുമാനത്തിൽ ബാക്കിയുണ്ടാകേണ്ട 21 കോടി രൂപ ഉത്പന്നങ്ങൾ വാങ്ങിയ വകയിൽ പലരും തരാനുള്ളതാണെന്നാണ് തോമസ് പറഞ്ഞുവിശ്വസിപ്പിച്ചിരുന്നത്. പക്ഷേ മിനീഷിന്റെ അന്വേഷണത്തിൽ മിക്കവരും തുക തോമസിന് നൽകിക്കഴിഞ്ഞതായി വ്യക്തമായി. ഇടപാടുകാർ പങ്കാളിത്തക്കമ്പനിയുടെ പേരിൽ നൽകിയ ചെക്കിൽ പ്രൈവറ്റ് ലിമിറ്റഡ് എന്നുകൂടി എഴുതിച്ചേർത്ത് തോമസ് താൻ തനിച്ച് കൈകാര്യംചെയ്തിരുന്ന കമ്പനിയുടെ പേരിലേക്ക് പണം മാറ്റുകയായിരുന്നു. കമ്പനിയുടെ കണക്കുകൾ കൈകാര്യംചെയ്തിരുന്ന ചാർട്ടേഡ് അക്കൗണ്ടന്റിന്റെ അറിവോടെയാണ് തട്ടിപ്പുകൾ മുഴുവൻ നടന്നതെന്ന് പരാതിയിൽ പറയുന്നു. അസി. കമ്മിഷണർ പി.പി.സദാനന്ദന് സെപ്റ്റംബർ 21-നാണ് പരാതി നൽകിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ കമ്പനിയുടെ ചെലവ് പലതും പെരുപ്പിച്ചുകാണിച്ചതായി കണ്ടെത്തി.
പ്രതിദിനം 30,000 ഘന അടി ഉത്പാദിപ്പിച്ചിരുന്ന ക്വാറി തങ്ങൾ ഏറ്റെടുത്തശേഷം 1.3 കോടിയോളം രൂപ മുടക്കി പുതിയ ഉപകരണങ്ങൾ വാങ്ങി ഉത്പാദനം ഇരട്ടിയാക്കിയിരുന്നതായി മിനീഷ് പറഞ്ഞു. പക്ഷേ വരുമാനം കിട്ടിയില്ല. ഈ ക്വാറിയിൽനിന്ന് തോമസ് തന്റെ വിശ്വസ്തരെ ഉപയോഗിച്ച് രേഖകളില്ലാതെ വേറെ സ്ഥലത്തുള്ള തന്റെ സ്വന്തം ക്വാറിയിലേക്ക് ഉത്പന്നങ്ങൾ കടത്തിയ വകയിലും നഷ്ടമുണ്ടായതായി മിനീഷ് ആരോപിക്കുന്നു. ആ നഷ്ടം കണക്കാക്കാൻ കഴിഞ്ഞിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ