ദോഹ: ഖത്തറുമായി സൗദി ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ നയതന്ത്രബന്ധം വിച്ഛേദിച്ച പ്രശ്‌നം അടയിന്തിരമായി തീർക്കാർ സാധ്യത തെളിയുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ അടിയന്തിരമായി ജിസിസി യോഗം ചേരുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കര, ജല, വ്യോമ ഗതാഗതം പുനഃസ്ഥാപിക്കാൻ ഉടൻ തീരുമാനമെടുക്കാനും മറ്റുവിഷയങ്ങൾ പെരുന്നാൾ കാലം തീരുന്നതിന് മുമ്പുതന്നെ ചർച്ചയിലൂടെ പരിഹരിക്കാനും ഏകദേശ ധാരണ ആയതായാണ് സൂചന.

തുർക്കി പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് അനുരഞ്ജന നീക്കത്തിനായി ജിസിസി രാജ്യങ്ങളുടെ യോഗം ചേരുകയെന്നും കുവൈറ്റിലെ അറബ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. കുവൈറ്റിലായിരിക്കും യോഗം. തുർക്കി ഭരണാധികാരിയേയും യോഗത്തിലേക്ക് ക്ഷണിക്കും. സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഉപരോധം നീക്കാൻ മധ്യസ്ഥ ചർച്ചയ്ക്ക് തയ്യാറാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽതാനി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന് നീക്കം തുടങ്ങിയത്.

ആധുനികവും പുരോഗമന ചിന്താഗതിയുമുള്ള രാജ്യം നയതന്ത്രത്തിൽ വിശ്വസിക്കുകയും മധ്യപൂർവ മേഖലയിലെ സമാധാനം പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് അൽതാനി വ്യക്തമാക്കിയിട്ടുള്ളത്. ഖത്തറിന് അമാനുഷിക ശക്തിയില്ല. ഏറ്റുമുട്ടലിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നില്ല. ഭീകരത പ്രവർത്തനത്തിന് പണം നൽകുന്നതിനെ എതിർക്കുകയും ഭീകരരിൽ നിന്ന് ലോകത്തെ സംരക്ഷിക്കുകയും ചെയ്യുന്ന രാജ്യമാണ് ഖത്തർ എന്നും ടി.വി. അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.

മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള ഭീകര, വിഭാഗീയ സംഘടനകളുമായി ഖത്തറിന് ബന്ധമുണ്ടെന്ന സൗദിയുടെ പ്രസ്താവന പരസ്പര വിരുദ്ധമാണെന്നും ശൈഖ് മുഹമ്മദ് പ്രതികരിച്ചു. ഒരേസമയം ഇറാനെയും സിറിയയിലെ വിഭാഗീയ സംഘടനകളെയും ഖത്തർ പിന്തുണയ്ക്കുന്നുവെന്ന് പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകളാണ് വരുന്നത്.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസ്താവനകൾ. ഖത്തറിലേയും സൗദിയിലേയും സുരക്ഷാ, ഇന്റലിജൻസ് ഏജൻസികൾ ഒരുമിച്ച് നിന്നാണ് സൗദിയുടെ ദേശീയ സുരക്ഷ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുമായി ടെലിഫോൺ സംഭാഷണവും നടത്തി. ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള നയതന്ത്ര പ്രതിസന്ധിക്ക് പരിഹാരം കാണാൻ തയ്യാറാണെന്ന് ട്രംപും അമീറിനെ അറിയിച്ചിട്ടുണ്ട്. എല്ലാ ഗൾഫ് രാജ്യങ്ങളും ഐക്യത്തോടെ കഴിയണമെന്നും അമേരിക്ക ആഹ്വാനം ചെയ്തു.

ഒരുമിച്ചിരുന്ന് പ്രശ്നം പരിഹരിക്കാനായി ഖത്തറിനെയും മറ്റ് രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്ന് യു.എസ്.സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൺ വ്യക്തമാക്കി. അമേരിക്കയുടെ സഹായം ആവശ്യമെങ്കിൽ അതിന് തയ്യാറാണെന്നും ഗൾഫ് രാജ്യങ്ങൾ ഐക്യത്തോടെ നിലനിൽക്കുകയാണ് പ്രധാനമെന്നും റെക്സ് പറഞ്ഞു.

ഖത്തർ പ്രതിസന്ധിക്ക് പരിഹാരം കാണാനായി കുവൈത്ത് അമീർ ഷേഖ് സബ അൽ അഹമ്മദ് അൽ ജാബിർ അൽ സബ സൗദിയിലെത്തിയിരുന്നു. സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ് അൽ സൗദുമായി ജിദ്ദയിലെ അൽ സലാം കൊട്ടാരത്തിൽ അമീർ ഷേഖ് സബ കൂടിക്കാഴ്ച നടത്തിയതായും ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തതായും വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനും സമാധാനചർച്ചകൾക്കും ഖത്തർ ഭരണകൂടം സമ്മതം അറിയിച്ചതായും സമാധാനചർച്ചകൾക്ക് വഴിയൊരുങ്ങുന്നതിന് ഖത്തറിന് മേൽ സുപ്രധാനമായ എട്ട് ഉപാധികൾ ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച രാജ്യങ്ങൾ മുന്നോട്ട് വച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇറാനുമായുള്ള നയതന്ത്രബന്ധം ഖത്തർ വിച്ഛേദിക്കുക, അൽ ജസീറ സംപ്രേഷണം നിർത്തലാക്കുക, ജിസിസി നയങ്ങൾക്കെതിരെയുള്ള രാഷ്ട്രീയക്കളി ഖത്തർ ഉപേക്ഷിക്കുക, ഹമാസ് അംഗങ്ങളെ പുറത്താക്കുക, ഹമാസ് അംഗത്വമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുക, ഹമാസുമായി എല്ലാ ബന്ധവും ഉപേക്ഷിക്കുക, അൽ ജസീറ മൂലമുണ്ടായ നിന്ദയ്ക്ക് ജിസിസി അംഗ രാജ്യങ്ങളോട് മാപ്പ് പറയുക, 2012 ൽ കിങ് അബ്ദുള്ള ബിൻ അബ്ദുൽ അസീസിന്റെ കാലത്ത് ഒപ്പ് വെച്ച ഉടമ്പടി ദോഹ പാലിക്കുക, ഹമാസിനും മുസ്ലിം ബ്രദർഹുഡിനും നൽകിവരുന്ന പിന്തുണ അവസാനിപ്പിക്കുക എന്നിങ്ങനെയാണ് ഉപാധികൾ.

ഇത് ഖത്തർ ഉടൻ പാലിച്ചേക്കുമെന്നാണ് സൂചന. ഇത്രയും ചെയ്താൽ ഖത്തറുമായുള്ള നയതന്ത്രബന്ധം പഴയപടിയാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഖത്തർ വിദേശകാര്യമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അത്താനി കുവൈത്ത് അമീറിന്റെ ഇടപെടലിനെ സ്വാഗതം ചെയ്തു. അമീറിൽ വിശ്വാസവും ആദരവും അർപ്പിക്കുകയും ചെയ്തിട്ടുണ്ട്.