- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചനയിലെ സിബിഐ അന്വേഷണം തന്നെ കുരുക്കാൻ; സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ വേട്ടയാടാനാണ് നീക്കം; നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമം; ഇത് സംബന്ധിച്ച വിവരങ്ങൾ ഡൽഹിയിൽ നിന്നും ലഭിച്ചു: ആരോപണവുമായി ഗുജറാത്ത് മുൻ ഡിജിപി ആർ ബി ശ്രീകുമാർ
കോഴിക്കോട്: ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് സിബിഐയുടെ വിശദ അന്വേഷണത്തിനെതിരെ ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ. ഈ അന്വേഷണം തനിക്കെതിരായ നീക്കത്തിന്റെ ഭാഗമാണെന്ന് ശ്രീകുമാർ ആരോപിച്ചു. നമ്പി നാരായണനെതിരെ കേസ് എടുത്തത് താനെന്ന് സ്ഥാപിച്ച് ക്രിമിനൽ കേസിൽ കുടുക്കാൻ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച ചില വിവരങ്ങൾ തനിക്ക് ഡൽഹിയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മീഡിയവൺ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ആർ ബി ശ്രീകുമാർ ആരോപണം ഉന്നയിച്ചത്.
ചാരക്കേസിൽ നമ്പി നാരായണനെ അറസ്റ്റ് ചെയ്യുകയോ ചോദ്യം ചെയ്യുകയോ അടക്കമുള്ള നടപടികളിൽ താൻ ഏർപ്പെട്ടിട്ടില്ല. ശാസ്ത്രജ്ഞൻ ശശി കുമാറിനെ ചോദ്യം ചെയ്യുകയും അതിനോട് അനുബന്ധിച്ച് അന്വേഷണം നടത്തുകയും മാത്രമാണ് ചെയ്തിട്ടുള്ളത്. തന്റെ ചോദ്യം ചെയ്യലിനെ കുറിച്ച് ശശി കുമാർ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. നല്ല രീതിയിലാണ് ശശി കുമാറിനോട് പെരുമാറിയതെന്ന് ജസ്റ്റിസുമാരായ ശ്രീധരനും പട്നായികും അടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നുെവന്നും ശ്രീകുമാർ പറഞ്ഞു.
ഗുജറാത്ത് കൂട്ടക്കൊലക്ക് പിന്നിൽ സംഘ്പരിവാർ ആണെന്നതിന് താൻ തെളിവ് ഹാജരാക്കിയിരുന്നു. അതാണ് തനിക്കെതിരെയുള്ള പകക്ക് കാരണം. അന്ന് ഒപ്പം പ്രവർത്തിച്ച സഞ്ജീവ് ഭട്ടിനെ ജയിലിൽ അടച്ചത് പോലെ വേട്ടയാടാനുള്ള നീക്കത്തിന്റെ ഭാഗമാണ് സിബിഐ അന്വേഷണമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ഇന്റജിലൻസ് ബ്യൂറോ (ഐ.ബി) സംസ്ഥാന പൊലീസിന് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് െഎ.എസ്.ആർ.ഒ ചാരക്കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്. ചാരക്കേസ് സമയത്ത് കേരളത്തിലെ ഇന്റജിലൻസ് ബ്യൂറോ (ഐ.ബി) ഡെപ്യൂട്ടി ഡയറക്ടറായിരുന്നു ആർ.ബി ശ്രീകുമാർ.
ഐ.എസ്.ആർ.ഒ ചാരക്കേസിന് പിന്നിലെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചന സംബന്ധിച്ച് വിശദ അന്വേഷണം നടത്താൻ വ്യാഴാഴ്ചയാണ് സിബിഐയോട് സുപ്രീംകോടതി നിർദേശിച്ചത്. മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണം. ജസ്റ്റിസ് ജെയിൻ സമിതി റിപ്പോർട്ട് പ്രാഥമിക അന്വേഷണ റിപ്പോർട്ടായി കണക്കാക്കാമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ സിബിഐക്ക് തുടർ നടപടി സ്വീകരിക്കാമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അടക്കമുള്ളവർ പ്രതികളായ 1994 ലെ ഐ.എസ്.ആർ.ഒ ചാരക്കേസ് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ. ജോഷ്വ, എസ്. വിജയൻ തുടങ്ങിയവരാണ് അന്വേഷിച്ചത്. സുപ്രീംകോടതി ഉത്തരവ് പ്രകാരം ജസ്റ്റിസ് ഡി.കെ. ജെയിൻ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര വകുപ്പിലെ മുൻ അഡീഷനൽ സെക്രട്ടറി ബി.കെ. പ്രസാദ്, കേരളത്തിലെ മുൻ അഡി. ചീഫ് സെക്രട്ടറി വി എസ്. സെന്തിൽ എന്നിവർ അംഗങ്ങളുമായ അന്വേഷണ സമിതി 2018 സെപ്റ്റംബർ 14നാണ് രൂപവത്കരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ