പത്തനംതിട്ട: കൊട്ടാരക്കരയിലെ തലയെടുപ്പുള്ള കൊമ്പൻ തന്നെയാണ് ആർ ബാലകൃഷ്ണ പിള്ള. എന്നാൽ, യുഡിഎഫിൽ നിന്ന് കഷ്ടകാലം തുടങ്ങിയതോടെയാണ് എൽഡിഎഫിലേക്ക് ചേക്കേറിയത്. അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കിടന്ന പിള്ള തന്നെ ശിക്ഷിക്കാൻ ഇടയാക്കിയ വിഎസിനൊപ്പം അഴിമതി വിരുദ്ധ പോരാട്ടത്തിൽ പങ്കു ചേരുന്നത് പിൽക്കാലത്ത് കണ്ടു. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പിള്ളയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഉദിച്ചിട്ടുണ്ട്. തനിക്ക് കൊട്ടാരക്കരയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടെന്ന് അറിയിച്ചെങ്കിലും എൽഡിഎഫ് അത് കേട്ടഭാവം നടിച്ചില്ല. വിവാദങ്ങൾക്ക് ഒടുവിൽ മണ്ഡലത്തിൽ ഐഷ പോറ്റിയെ തന്നെ ഒരിക്കൽ കൂടി രംഗത്തിറക്കാനാണ് പാർട്ടി ഒരുങ്ങുന്നത്. രണ്ട് പ്രാവശ്യം വിജയം കണ്ട ഐഷ പോറ്റിക്ക് ഇത് മൂന്നാമൂഴമാണ് ലഭിക്കാൻ പോകുന്നത്. നേരത്തെ രാജഗോപാലിനെയയാണ് ഇവിടെ പരിഗണിച്ചതെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു.

കഴിഞ്ഞ തവണ തിരഞ്ഞെടുപ്പിന് പിള്ള പൂജപ്പുര സെൻട്രൽ ജയിലിലായിരുന്നു. ജയിലിൽ കിടന്നുകൊണ്ട് പകരക്കാരനായി ഇറക്കിവിട്ട ഡോ.എൻ.എൻ.മുരളിയും തെറിച്ചപ്പോൾ കൊട്ടാരക്കരയുടെ മനസ്സ് ഇടത്തേക്ക് ഒഴുകി തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് വീണ്ടും കാഹളം മുഴങ്ങുമ്പോൾ പിള്ളയുടെ പേര് പോലും ജില്ലയിൽ പതിയുന്നില്ല. കൊട്ടാരക്കരയിൽ ഞാൻ നിന്നാൽ പ്രയോജനമുണ്ടാകുമെന്ന് പറഞ്ഞ് പിള്ള തന്റെ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അത് വിലപ്പോയില്ല. സീറ്റ് കിട്ടിയില്ലെങ്കിലും യു.ഡി.എഫിനെ വീഴ്‌ത്തി എൽ.ഡി.എഫിനെ അധികാരത്തിൽ എത്തിക്കണം. അതാണ് ലക്ഷ്യം. അഴിമതിയുടെയും സദാചാര വിരുദ്ധന്മാരുടെയും മന്ത്രിസഭയാണിത്. അത് പോയേ മതിയാവൂ. എനിക്ക് എംഎ!ൽഎ യോ മന്ത്രിയോ ഇനി ആവണമെന്ന ആഗ്രഹമില്ല, നാടിന്റെ അഭിമാനമാണ് വലുതെന്നുമാണ് പിള്ള പറയുന്നത്.

എന്തായാലും കൊട്ടാരക്കര കിട്ടില്ലെന്ന് ഉറപ്പായതോടെ പിള്ളയെ പത്തനംതിട്ട ജില്ലയിലെ ആറന്മുള നിയോജക മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ആലോചിക്കുന്നത്. കോന്നിയും പരിഗണിക്കുന്നുണ്ട്. കൊട്ടാരക്കരയിൽ സിറ്റിങ് എംഎൽഎ അയിഷാ പോറ്റിയെ വീണ്ടും മൽസരിപ്പിക്കാൻ തീരുമാനിച്ചതോടെയാണ് പിള്ളയുടെ പ്രതീക്ഷ പോയത്. കുണ്ടറയിൽ വി എസ് പക്ഷനേതാവ് ജെ മേഴ്‌സിക്കുട്ടിയമ്മയും സ്ഥാനാർത്ഥിയാകും. ഇരുവരുടെയും സ്ഥാനാർത്ഥിത്വത്തിന് സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നൽകി. ഇതോടെ സിപിഎമ്മിന് കൊല്ലം ജില്ലയിൽ രണ്ടു വനിതാ സ്ഥാനാർത്ഥികളായി. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിലാണ് കുണ്ടറയിലെയും കൊട്ടാരക്കരയിലെയും സ്ഥാനാർത്ഥികളെ സംസ്ഥാന നേതൃത്വം നിശ്ചയിച്ചത്. നേരത്തെ ജില്ലാ നേതൃത്വം നൽകിയ പട്ടികയിൽ അയിഷാ പോറ്റിയുടെ പേരില്ലായിരുന്നു. രണ്ടുതവണ മൽസരിച്ചവർക്ക് ഇളവ് അനുവദിക്കേണ്ടതില്ലെന്ന ന്യായം ചൂണ്ടിക്കാട്ടിയായിരുന്നു.

എന്നാൽ കൊല്ലം ജില്ലയിൽനിന്ന് നൽകിയ പട്ടിക അപ്പാടെ പുനഃപരിശോധിക്കാൻ സംസ്ഥാന നേതൃത്വം നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റാണ് പട്ടികയിൽ മാറ്റം വരുത്തിയത്. പുതിയ പട്ടിക അനുസരിച്ച് കൊല്ലത്ത് പി കെ ഗുരുദാസനെയും കുണ്ടറയിൽ ജെ മേഴ്‌സിക്കുട്ടിയമ്മ, എൻ എസ് പ്രസന്നകുമാർ എന്നിവരെയും, കൊട്ടാരക്കരയിൽ കെ രാജഗോപാലിനൊപ്പം അയിഷാ പോറ്റിയുടെയും പേര് നൽകുകയായിരുന്നു. അതേസമയം അയിഷാപോറ്റിയെ വീണ്ടും മൽസരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിൽ പോസ്റ്ററുകൾ വ്യാപകമായിരുന്നു.

ജയസാധ്യത കൂടി പരിഗണിച്ചാണ് കൊട്ടാരക്കരയിൽ വീണ്ടും അയിഷാ പോറ്റിയെ മൽസരിപ്പിക്കാൻ സിപിഐ(എം) സംസ്ഥാന നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ജില്ലാ നേതൃത്വം നൽകിയ പട്ടികയിൽ പ്രഥമ പരിഗണന ഉണ്ടായിരുന്ന കെ രാജഗോപാലിനെ ഒഴിവാക്കിയാണ് അയിഷാ പോറ്റിയെ മൽസരിപ്പിക്കുന്നത്. വർഷങ്ങളോളം ആർ ബാലകൃഷ്ണപിള്ള കുത്തകയാക്കി വച്ചിരുന്ന കൊട്ടാരക്കര മണ്ഡലം 2006ൽ അയിഷാ പോറ്റിയിലൂടെയാണ് സിപിഐ(എം) പിടിച്ചെടുത്തത്. 2011ൽ 20000ൽ ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അയിഷപോറ്റി മണ്ഡലം നിലനിർത്തിയത്.

അതേസമയം പത്തനംതിട്ട ജില്ലയിൽ സിപിഎമ്മിന്റെ പ്രശ്‌നം തീരുന്ന മട്ടില്ല. ആറന്മുളയിലേക്ക് നേരത്തെ മാദ്ധ്യമപ്രവർത്തക വീണ ജോർജ്ജിനെയാണ് പരിഗണിച്ചിരുന്നത്. ഈ സീറ്റിലേക്കാണ് ഇപ്പോൾ പിള്ളയെയും അദ്ധ്യാപികയായ എംഎസ് സുനിൽ ടീച്ചറെയും പരിഗണിക്കുന്നത്. എല്ലാ ജില്ലാ നേതാക്കളും സ്ഥാനാർത്ഥി കുപ്പായം തുന്നി രംഗത്തുവന്നിട്ടും പിള്ളയെ പോലുള്ള വരത്തന്മാരെ പരിഗണക്കുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ അതൃപ്തിയുണ്ട്. വീണാ ജോർജ്ജിന്റെ പേര് ആറന്മുളയിൽ നിന്നും വെട്ടി ഇവിടെ അദ്ധ്യാപികയായ സുനിൽ ടീച്ചറെ പരഗണിക്കുന്നുണ്ട് പാർട്ടി.

പത്തനംതിട്ട കാത്തലിക്കേറ്റ് കോളേജിലെ സുവോളജി വിഭാഗം അദ്ധ്യാപികയാണ് ഡോ. എം.എസ് സുനിൽ. നിർധനരായ 37 പേർക്ക് വീടു വച്ച് നൽകിയാണ് ഈ അദ്ധ്യാപിക വ്യത്യസ്തയായത്. അദ്ധ്യാപനം ഒരു തപസ്യയാവണം എന്ന മുൻ രാഷ്ട്രപതി എൻ രാധാകൃഷ്ണന്റെ ആഹ്വാനത്തെ ജീവിതം കൊണ്ട് ഏറ്റെടുത്ത് വ്യത്യസ്ഥയാകുകയാണ് ഡോ എം.എസ് സുനിൽ എന്ന അദ്ധ്യാപിക. നാഷണൽ സർവ്വീസ് സ്‌കീം പ്രോഗ്രാം ഓഫീസർ കൂടിയായ സുനിൽ ടീച്ചർ തന്റെ ശിഷ്യയ്ക്ക് വീടില്ലെന്ന് അറിഞ്ഞതോടെ ആണ് സാമൂഹിക സേവന രംഗത്ത് സജീവമാകുന്നത്. ഇങ്ങനെയൊരു വ്യക്തിയെ സ്ഥാനാർത്ഥിയാക്കിയാൽ അത് ഗുണം ചെയ്യുമെന്നാണ് പാർട്ടി കരുതുന്നത്. സുനിൽ ടീച്ചറെ ഇവിടെ പരിഗണിച്ചാൽ കോന്നിയിലേക്ക് പിള്ള മാറേണ്ടി വന്നേക്കും.

അതേസമയം, തർക്കമുള്ള ജില്ലകളിലെ സ്ഥാനാർത്ഥിനിർണയം സിപിഎമ്മിനു തലവേദനയായി തുടരുകയാണ്. അവസാനഘട്ട സ്ഥാനാർത്ഥിപ്പട്ടിക അംഗീകരിക്കുന്നതിന് ഇന്നലെ ചേർന്ന സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലും അന്തിമ തീരുമാനമുണ്ടായില്ല. ഇതോടെ അപാകത പരിഹരിക്കാൻ സിപിഐ(എം). സംസ്ഥാന സെക്രട്ടേറിയറ്റ് വീണ്ടും ജില്ലാ നേതൃത്വങ്ങൾക്കു നിർദ്ദേശം നൽകി. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം ജില്ലകളിലെ സ്ഥാനാർത്ഥി നിർണയമാണു സിപിഐ(എം). നേതൃത്വം പുനഃപരിശോധിക്കുന്നത്. സ്ഥാനാർത്ഥി നിർണയത്തിൽ വിജയസാധ്യതമാത്രം മാനദണ്ഡമാക്കിയാൽ മതിയെന്നു സംസ്ഥാന നേതൃത്വം കർശനനിർദ്ദേശം നൽകിയിട്ടും ഈ കമ്മിറ്റികൾ അതിനു തയാറായില്ലെന്ന വിമർശനം സെക്രട്ടേറിയറ്റിലുണ്ടായി.

അതേസമയം ചെങ്ങന്നൂർ, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ചു സിപിഎമ്മിൽ കലാപം തുടരുകയാണ്. വിജയസാധ്യത മുൻനിർത്തി ജില്ലാ സെക്രട്ടേറിയറ്റ് നൽകിയ പട്ടിക പുനഃപരിശോധിച്ചു പുതിയ പട്ടിക നൽകാൻ സംസ്ഥാന കമ്മിറ്റി ജില്ലാ നേതൃത്വത്തിനു നിർദ്ദേശം നൽകി. സംസ്ഥാന നേതൃത്വത്തിന്റെ പ്രതിനിധിയുടെ സാന്നിധ്യത്തിൽ അടുത്ത ദിവസം ജില്ലാ സെക്രട്ടേറിയറ്റ് യോഗം വീണ്ടും ചേരും.

രണ്ടു മണ്ഡലത്തിലേക്കും ഒറ്റപ്പേരു മാത്രം ഉൾപ്പെടുത്തിയ ജില്ലാ നേതൃത്വത്തിന്റെ ശുപാർശ സംസ്ഥാന നേതൃത്വം നിരസിച്ചതു ജില്ലാ ഘടകത്തിനു തിരിച്ചടിയായി. കെ.കെ. രാമചന്ദ്രൻ നായരെ ചെങ്ങന്നൂരിലേക്കും രജനി ജയദേവിനെ കായംകുളത്തേക്കും സ്ഥാനാർത്ഥികളായാണു കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചത്. ഭൂരിപക്ഷം അംഗങ്ങളും വിയോജിപ്പു രേഖപ്പെടുത്തിയെങ്കിലും തങ്ങളുടെ തീരുമാനവുമായി ജില്ലാ നേതൃത്വം മുന്നോട്ടു പോയി.

ഇന്നലെ സ്ഥാനാർത്ഥി നിർണയത്തിലെ അപാകതകൾ ചൂണ്ടിക്കാട്ടി ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു സംസ്ഥാന നേതൃത്വത്തിനും കേന്ദ്ര കമ്മിറ്റിക്കും പരാതികൾ പോയി. സി.എസ്. സുജാതയ്ക്കും സി.കെ. സദാശിവനും സീറ്റ് നിഷേധിച്ചതിൽ വി എസ്. അച്യുതാനന്ദനും അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. ഏതാനും സ്ഥലങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയും സാമുഹിക മാദ്ധ്യമങ്ങളിൽ വിമർശന പരമ്പര ഉയരുകയും ചെയ്തു.

തിരുവനന്തപുരത്തെ അരുവിക്കര, വർക്കല, നെയ്യാറ്റിൻകര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും കൊല്ലത്തെ കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും ആലപ്പുഴയിലെ ചെങ്ങന്നൂർ, കായംകുളം എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെയും പട്ടിക സംബന്ധിച്ച് ചർച്ച നടന്നു. ആദ്യഘട്ട പട്ടികയിലെ അപാകത പരിശോധിച്ച് അവസാനപട്ടിക സമർപ്പിക്കാനാണ് നേരത്തെ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ, ഇതു ജില്ലാ ഘടകങ്ങൾ ഗൗരവമായി കണ്ടില്ലെന്നാണു നേതൃത്വത്തിന്റെ വിലയിരുത്തൽ. പല മണ്ഡലങ്ങളിലും ഒന്നിലധികം പേരുകളാണ് ജില്ലാ ഘടകങ്ങൾ വീണ്ടും സമർപ്പിച്ചത്. കൂടാതെ പട്ടികയിൽനിന്നു ചില പ്രമുഖ നേതാക്കളെ ബോധപൂർവം ഒഴിവാക്കിയതായും യോഗം വിലയിരുത്തി. ഇക്കാര്യത്തിൽ കേന്ദ്രനേതൃത്വത്തിന്റെ അഭിപ്രായം തേടാനും അതിനുശേഷം സെക്രട്ടേറിയറ്റ് യോഗം ചേർന്നു സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനുമാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.

കൊല്ലത്തു പി.കെ. ഗുരുദാസൻ സ്ഥാനാർത്ഥിയായാൽ മതിയെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ജില്ലാ കമ്മിറ്റി കഴിഞ്ഞപ്പോൾ അപ്രത്യക്ഷമായത് എങ്ങനെയെന്നു പരിശോധിക്കണമെന്നു നേരത്തേ യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. ഗുരുദാസനെ മാറ്റിനിർത്തുന്നതിനോട് സംസ്ഥാന സെക്രട്ടേറിയറ്റിലെ ചിലർ എതിർപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഗുരുദാസൻ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചതായാണ് വിവരം. തുശൂർ ജില്ലയിലെ വടക്കാഞ്ചേരി മണ്ഡലത്തിൽനിന്നു ചലച്ചിത്രതാരം കെ.പി.എ.സി. ലളിതയെ മത്സരിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ പ്രതിഷേധം ഉയർന്നതും കൊട്ടാരക്കരയിൽ അയ്ഷാ പോറ്റിക്ക് അനുകൂലമായി പോസ്റ്ററുകൾ വന്നതും സെക്രട്ടേറിയറ്റ് ചർച്ച ചെയ്തു. എന്നാൽ, ഇക്കാര്യങ്ങളിലെല്ലാം കുടുതൽ പരിശോധന നടത്തി തീരുമാനത്തിലെത്താനാണു സെക്രട്ടേറിയറ്റിന്റെ തീരുമാനം.

ആലപ്പുഴയിൽ വി എസ്.പക്ഷ നേതാവായ സി.എസ്. സുജാതയെ ഒഴിവാക്കിയത് ഏറെ വിമർശനത്തിന് ഇടയാക്കി. സുജാതയെ ഒഴിവാക്കിയതു വിഭാഗീയത മൂലമാണെന്നു ചൂണ്ടിക്കാട്ടി അവിടെനിന്നുള്ള ഒരു സംസ്ഥാനകമ്മിറ്റി അംഗം സിപിഐ(എം). ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പരാതി നൽകിയതായാണു വിവരം. കൂടാതെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ സ്ഥാനാർത്ഥി നിർണയത്തിലും അപാകതയുണ്ടെന്നറിയിച്ച് കേന്ദ്രനേതൃത്വത്തിനു ചിലർ പരാതയുമായി രംഗത്തുവന്നിട്ടുണ്ട്.