- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ; ഞാൻ ഒന്നും പറയുന്നില്ല; ചിരിച്ചുമാറി ബാലശങ്കർ
കോട്ടയം: കേരളത്തിലെ ബിജെപിയുടെ പരാജയത്തെ പറ്റി പ്രതികരിക്കാനില്ലെന്ന് ആർഎസ്എസ് നേതാവ് ആർ.ബാലശങ്കർ. കേരളത്തിൽ ബിജെപിയും സിപിഎമ്മുമായി ധാരണയാണെന്ന് പ്രസ്താവന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് ബിജെപി സംസ്ഥാന നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ നേതാവായിരുന്നു ബിജെപി ബൗദ്ധിക വിഭാഗം മുൻ കൺവീനറും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിന്റെ മുൻ പത്രാധിപരുമായ ആർ.ബാലശങ്കർ. ചെങ്ങന്നൂരിൽ മൽസരിക്കാനുള്ള ആഗ്രഹം നേതൃത്വം തള്ളിക്കളഞ്ഞപ്പോഴാണ് തനിക്കു സീറ്റ് നിഷേധിച്ചതിനു പിന്നിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഡീൽ ആകാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് ബാലശങ്കർ ആരോപിച്ചത്.
ചെങ്ങന്നൂരും ആറന്മുളയിലും സിപിഎമ്മിന്റെ വിജയം ഉറപ്പാക്കി കോന്നിയിൽ വിജയിക്കുകയെന്നാതാകാം ഡീൽ എന്നാണു ബാലശങ്കർ ആരോപിച്ചത്. ചെങ്ങന്നൂർ സീറ്റിൽ സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്ന ബാലശങ്കറിനെ ഒഴിവാക്കി ബിജെപി ജില്ലാ പ്രസിഡന്റ് എം വിഗോപകുമാറിനെയാണു സ്ഥാനാർത്ഥിയാക്കിയത്. സിപിഎം സ്ഥാനാർത്ഥി സജി ചെറിയാൻ 32,093 വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ചെങ്ങന്നൂരിൽ ഗോപകുമാറിന് 34,620 വോട്ടാണ് ലഭിച്ചത്. 2016ൽ പി.എസ്. ശ്രീധരൻ പിള്ള ഇവിടെ 42,682 വോട്ട് നേടിയിരുന്നു.
'കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചു പ്രതികരിക്കുന്നേയില്ല. ഒന്നിനെക്കുറിച്ചും തൽക്കാലം പ്രതികരിക്കേണ്ടെന്നു വിചാരിച്ചിരിക്കുകയാണ്. എല്ലാവരും പ്രതികരിക്കുന്നുണ്ടല്ലോ. ബിജെപിയിൽ ആയതിനാൽ, ബിജെപിയെ കുറിച്ചു പറയേണ്ടി വരും. അതിനാൽ ഒന്നും പറയുന്നില്ലെന്നു തീരുമാനിച്ചു.' ബാലശങ്കർ ചിരിച്ചുകൊണ്ട് ഒഴിഞ്ഞുമാറി.. പിണറായി വിജയൻ സർക്കാർ തുടർഭരണം നേടിയതിനെ കുറിച്ചു ചോദിപ്പോഴും ബാലശങ്കർ പ്രതികരിക്കാൻ തയ്യാറായില്ല.
ഹൃദയവിശാലതയുടെയും പക്വതയുടെയും സംസ്കാരത്തിന്റെയും കുറവാണു കേരളത്തിലെ ബിജെപി നേതൃത്വത്തിൽ പ്രകടമാകുന്നതെന്നും ബാലശങ്കർ കുറ്റപ്പെടുത്തിയിരുന്നു. 'വർഷങ്ങളായി തന്നെ അറിയുന്ന വി.മുരളീധരനും കെ.സുരേന്ദ്രനും കാട്ടുന്ന പുച്ഛം ഇവിടത്തെ പാർട്ടിയെ ബാധിച്ചിരിക്കുന്ന രോഗത്തിന്റെ ലക്ഷണമാണ്. പാർട്ടിക്കാർ പോലും വോട്ടു ചെയ്യാത്തവരാണു ബിജെപി സ്ഥാനാർത്ഥികളാകുന്നത്. ബിജെപിയുടെ സുപ്രധാനമായ പല സമിതികളിലും അംഗവും ദേശീയ പരിശീലന പദ്ധതിയുടെ കോകൺവീനറുമായ ഞാൻ 7 വർഷമായി പാർട്ടി കേന്ദ്ര ഓഫിസിൽ ഇരിപ്പിടമുള്ള ആളായിട്ടും വലിഞ്ഞുകയറി വന്ന അന്യൻ എന്ന നിലയിൽ പരമാവധി അപമാനിച്ചു' ബാലശങ്കർ തുറന്നടിച്ചത് ഇങ്ങനെ.
വൻ തിരിച്ചടിയുടെ ആഘാതത്തിൽ നിൽക്കുന്ന ബിജെപിക്കുള്ളിൽ ചേരിപ്പോര് രൂക്ഷമാകുന്നതിനിടെയാണ് പരിഹാസം കലർന്ന ചിരിയോടെ ബാലശങ്കറിന്റെ മൗനം. നേരത്തെ ബിജെപിയുടെ മുൻ സംസ്ഥാന പ്രസിഡന്റ് സികെ പത്മനാഭനും തൃപ്പൂണിത്തുറയിലെ സ്ഥാനാർത്ഥിയായിരുന്ന ഡോ. കെ.എസ്. രാധാകൃഷ്ണനും നേതൃത്വത്തിനെതിരെ പ്രതികരിച്ചിരുന്നു. പരസ്യപ്രതികരണം ഒഴിവാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടിരിക്കുകയാണ്.