ആലപ്പുഴ: കൃഷി വകുപ്പ് മുൻ ഡയറക്ടറും പ്രമുഖ കാർഷിക ശാസ്ത്രജ്ഞനുമായ ആർ ഹേലി അന്തരിച്ചു. എൺപത്തിയേഴ് വയസായിരുന്നു. ആലപ്പുഴയിലെ മകളുടെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്‌കാരം തിരുവനന്തപുരം ആറ്റിങ്ങലിൽ നടക്കും.

കൃഷി വകുപ്പ് മുൻ ഡയറക്ടറായിരുന്ന ആർ. ഹേലിയാണ് മലയാളത്തിൽ ഫാം ജേർണലിസത്തിന് തുടക്കമിട്ടത്. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്കു പിന്നിൽ ആർ.

ഹേലിയായിരുന്നു. കാർഷിക സംബന്ധിയായ ലേഖനങ്ങൾ നിരവധി ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതിയിരുന്നു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. സംസ്ഥാന കാർഷിക നയരൂപീകരണ സമിതി അംഗമായിരുന്നു.

കൃഷി വകുപ്പ് മുൻ മുൻ ഡയറക്ടറും കാർഷിക മാധ്യമപ്രവർത്തകനുമായിരുന്നു ആർ ഹേലി. ആകാശവാണിയിലെ 'വയലും വീടും' എന്ന പരിപാടിയിലൂടെയും ദൂരദർശനിലെ 'നൂറ് മേനിയുടെ കൊയ്ത്തുകാർ' എന്ന പരിപാടിയിലൂടെയും ജനകീയനായ കൃഷി ശാസ്ത്രജ്ഞൻ. കേരള കർഷകൻ മാസികയുടെ പത്രാധിപരായി 'ഫാം ജേർണലിസം' എന്ന ശാഖയെ മലയാളത്തിന് പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കേരളത്തിലെ കാർഷിക വിപ്ലവത്തിന് പ്രധാന പങ്ക് വഹിച്ച വ്യക്തികളിൽ ഒരാളാണ് അദ്ദേഹം.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനും ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ ആദ്യ ചെയർമാനും ആയിരുന്ന പിഎം രാമന്റെ മകനാണ് അദ്ദേഹം. ആറ്റിങ്ങലിന്റെ നേതാവ് ആയിരുന്ന ആർ പ്രകാശവും ആർ പ്രസന്നനും സഹോദരങ്ങളാണ്. ഹേലി എന്ന പേരിന്റെ അർത്ഥം സൂര്യൻ എന്നായിരുന്നു.