ആറ്റിങ്ങൽ:പുസ്തകം പ്രകാശനം ചെയ്യും മുമ്പ് രചയിതാവ് വിട പറഞ്ഞെങ്കിലും നിശ്ചയിച്ച ദിവസം പുസ്തക പ്രകാശനത്തിന് വേദിയൊരുങ്ങുന്നു. കവിയും നിലമേൽ എൻഎസ്എസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. ആർ മനോജിന്റെ പുസ്തകമാണ് അദ്ദേഹത്തിന്റെ മരണശേഷം പ്രകാശനം ചെയ്യുന്നത്. മഹാഭാരത കഥയെ ആസ്പദമാക്കി തയ്യാറാക്കിയ കുട്ടികളുടെ നാടകമായ 'സഭാനാടകം' എന്ന കൃതിയാണ് പ്രസിദ്ധീകരിക്കുന്നത്. ആർ മനോജ് സ്ഥാപിച്ച അഭിധ രംഗസാഹിത്യവീഥിയുടെ നേതൃത്വത്തിൽ സുഹൃത്തുക്കളാണ് ഇതിന് പിന്നിൽ.

ഡോ. ആർ മനോജിനെ നവംബർ 15 ന് വീടിന് സമീപത്തെ ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പുസ്തക പ്രകാശനത്തിനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആർ മനോജിന്റെ വേർപാട്. പുസ്തകം നേരത്തേ പ്രിന്റ് ചെയ്ത് കിട്ടിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം പ്രകാശനം ചെയ്താൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ഈ മാസം 29 ന് പ്രകാശനം നിശ്ചിയിക്കുകയും വിവരം സുഹൃത്തുക്കളെ അറിയിക്കുകയും ചെയ്തിരുന്നു. കവി അൻവർ അലിയെയായിരുന്നു പ്രകാശന കർമ്മം നിർവ്വഹിക്കാൻ നിശ്ചയിച്ചിരുന്നത്.

കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ വിതുര സുഹൃദ് നാടകക്കളരി നടത്തിയ നാടക ക്യാമ്പിൽ രചിക്കപ്പെട്ടതാണ് ഈ കൃതി. മഹാഭാരതത്തിലെ ഓരോ ഖണ്ഡങ്ങൾ ഓരോ എഴുത്തുകാരെക്കൊണ്ട് കുട്ടികളുടെ നാടകമായി രൂപാന്തരപ്പെടുത്തി അവതരിപ്പിക്കുകയായിരുന്നു ക്യാമ്പിലൂടെ ചെയ്തത്. ഇതിൽ സഭാപൂർവ്വം ഖണ്ഡത്തിലെ കഥയെ ആസ്പദമാക്കിയുള്ളതാണ് സഭാനാടകം. കുട്ടികൾക്കുവേണ്ടി രചിക്കപ്പെട്ട കൃതി എംഎസ് സതീഷാണ് സംവിധാനം ചെയ്തത്.

ഈ കൃതിയാണ് ഡോ. ആർ ഗോപിനാഥന്റെ പഠനത്തോടൊപ്പം പുസ്തകമാക്കിയത്. മനോജിന്റെ ആഗ്രഹപ്രകാരം കവി അൻവർ അലി നഗരസഭാ ചെയർമാൻ എം പ്രദീപിന് നൽകി പുസ്തകം പ്രകാശനം ചെയ്യും. യോഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം മേധാവി ഡോ. എൽ തോമസ്‌കുട്ടി, കേരള സർവ്വകലാശാല ഇന്ത്യൻ ലാംഗ്വേജസ് വിഭാഗം ഡയറക്ടർ ഡോ. സിആർ രാജഗോപാൽ, ഡോ. ആർ ലതാ ദേവി, വർക്കല ഗോപാലകൃഷ്ണൻ, കെഎസ് അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും