കൊല്ലം: മത്സരിക്കുന്നത് ജയിക്കാനാണ്. സ്വതന്ത്ര സ്ഥാനാർത്ഥികൾ പോലും താൻ ജയിച്ചുവെന്ന് ഉറപ്പിച്ച് പറഞ്ഞാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാറ്. പെട്ടി പൊട്ടിക്കുമ്പോൾ ഇവരുടെ പൊടി പോലും കാണില്ല. അതാണ് തെരഞ്ഞെടുപ്പ്. ഇവിടെ ആർക്കും വിജയിക്കാനും കഴിയും. അട്ടിമറിക്ക് സാധ്യത കാണുന്നവർ വീറോടെ പോരടിക്കും. എന്നാൽ കൊട്ടാരക്കയിലെ യുഡിഎഫ് സ്ഥാനാർത്ഥി സത്യം പറഞ്ഞു. പണിയും കിട്ടി.

വിജയപ്രതീക്ഷയെക്കുറിച്ച് സത്യസന്ധമായ അഭിപ്രായം പറഞ്ഞ സ്ഥാനാർത്ഥിക്ക് സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടു. കൊട്ടാരക്കര മണ്ഡലത്തിൽ മത്സരിപ്പിക്കാൻ യു.ഡി.എഫ് തീരുമാനിച്ചിരുന്ന ആർ. രശ്മിക്കാണ് സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ടത്. രശ്മിക്ക് പകരം സബിൻ സത്യൻ ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയാകും. പത്ത് വർഷമായി മണ്ഡലത്തിൽ എംഎ‍ൽഎ ആയ ആയിഷ പോറ്റിയെ പരാജയപ്പെടുത്താനാകുമെന്ന് പ്രതീക്ഷയില്ലെന്ന് തുറന്നു പറയുകയായിരുന്നു രശ്മി.

താൻ നിരവധി വർഷങ്ങളായി പി.എസ്.സി പരീക്ഷ എഴുതുന്നയാളാണ്. ഇതുവരെ ഒരു ലിസ്റ്റിൽ പോലും കയറിക്കൂടിയിട്ടില്ല. അതുപോലെ ഒരു പരീക്ഷണമാണ് കൊട്ടാരക്കരയിലെ തന്റെ മത്സരമെന്നും രശ്മി പറഞ്ഞിരുന്നു. ഇതോടെ രശ്മിയെ തേടി പണി വന്നു. വിജയപ്രതീക്ഷയില്ലെന്ന് പ്രസ്താവിച്ചെങ്കിലും രശ്മി മണ്ഡലത്തിൽ സജീവമായിരുന്നു. രശ്മിയുടെ നാവ് പിഴച്ചതോടെ അവരെ മാറ്റാൻ യു.ഡി.എഫ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. നിലവിൽ കലയപുരം ഡിവിഷനിൽ നിന്നുള്ള ജില്ലാ പഞ്ചായത്ത് അംഗമാണ് രശ്മി. അങ്ങനെ സബിൻ സത്യൻ സ്ഥാനാർത്ഥിയായെത്തി.

ആർ ബാലകൃഷ്ണ പിള്ളയുടെ തട്ടകമായാണ് കൊട്ടരക്കര നിറഞ്ഞു നിന്നത്. പിള്ളയെ തോൽപ്പിച്ചാണ് പത്തുകൊല്ലം മുമ്പ് അയിഷാ പോറ്റി ആദ്യം എംഎൽഎ ആയത്. പിന്നീട് ജനകീയ ഇടപെടലിലൂടെ കൊട്ടാരക്കരയെ അയിഷാ പോറ്റി കൈയിലെടുത്തു. ഇത്തവണ ആർ ബാലകൃഷ്ണ പിള്ളയും ഇടതുപക്ഷത്താണ്. അതുകൊണ്ട് തന്നെ അയിഷാ പോറ്റിക്ക് മികച്ച സാധ്യതയുണ്ട്. അതു മനസ്സിലാക്കിയാണ് കോൺഗ്രസിലെ മുൻ നിരനേതാക്കൾ കൊട്ടാരക്കയിൽ നോട്ടമിടാത്തത്. അങ്ങനെയാണ് രശ്മിക്ക് സ്ഥാനാർത്ഥിത്വത്തിന് അവസരം വന്നത്. അതാകട്ടെ സത്യം പറഞ്ഞതിലൂടെ നഷ്ടമാവുകയും ചെയ്തു.

കൊടിക്കുന്നിൽ സുരേഷ് തുടക്കത്തിൽ കൊട്ടാരക്കരയിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ എംപിയായ കൊടിക്കുന്നിലിന് മത്സരിക്കാൻ അനുമതി നൽകിയില്ല. ഐഎൻടിയുസി പ്രസിഡന്റ് ചന്ദ്രശേഖരനും സീറ്റ് മോഹിച്ച് ആദ്യ ഘട്ടത്തിൽ രംഗത്തുണ്ടായിരുന്നു. എന്നാൽ വിജയസാധ്യത കുറവെന്ന് മനസ്സിലായതിനാൽ പിന്നീട് പിന്മാറുകയായിരുന്നു.