തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഴിമതി വീണ്ടും ചർച്ചയാക്കിയത് മംഗളം പത്രമാണ്. തിരുവനന്തപുരം ബ്യൂറോ ചീഫ് വിഎ ഗിരീഷിന്റെ റിപ്പോർട്ടുകളിലൂടെ പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്തെ അഴിമതി ചർച്ചയാക്കി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതോടെ എല്ലാ മാധ്യമങ്ങളും വാർത്ത ഏറ്റെടുത്തു. അങ്ങനെ തിരുവിതാംകൂർ ദേവസം ബോർഡ് അഴിമതി ചർച്ചയായി. പക്ഷേ ആലപ്പുഴയിൽ തോമസ് ചാണ്ടിയുടെ രാജി ഏഷ്യാനെറ്റിന് അവകാശപ്പെട്ടതുപോലെ തിരുവിതാംകൂറിലെ വിഷയം മംഗളത്തിന്റെ മാത്രം നേട്ടമാണ്. പക്ഷേ ഗിരീഷിന്റെ നിരന്തരമുള്ള വാർത്തയിലെ നടപടിയുടെ ക്രെഡ്റ്റ് മറ്റുള്ളവർ ഏറ്റെടുത്താലോ?

ഇതാണ് ഇന്ന് രാവിലെ സംഭവിച്ചത്. തിരുവിതാകൂർ ദേവസം ബോർഡിലെ മിനിട്‌സിലെ പ്രശ്‌നങ്ങൾ തങ്ങളാണ് പുറത്തു കൊണ്ടു വന്നതെന്ന് മാതൃഭൂമി ന്യൂസ് രാവിലെ മുതൽ വാർത്ത നൽകി. ഇത് മംഗളത്തിലെ മാധ്യമ പ്രവർത്തകരെ ചൊടിപ്പിക്കുകയും ചെയ്തു. വൈക്കം മുഹമ്മദ്ബഷീറിന്റൈ പ്രശസ്തമായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. ലോകത്ത് എന്തുണ്ടായാലും അതിൻെ്റയൊക്കെ ഉത്തരവാദിത്വം അല്ലെങ്കിൽ അതിനൊക്കെ പിന്നിൽ താനാണെന്ന് വീമ്പിളക്കുന്ന കഥാപാത്രം. ഇതാണോ മാതൃഭൂമിയെന്ന സംശയമാണ് മംഗളത്തിലെ മുതിർന്ന മാധ്യമ പ്രവർത്തകനായ സുരേഷ് തോപ്പിൽ ഉയർത്തുന്നത്. മാതൃഭൂമിയുടെ നിലപാടിനെ രൂക്ഷമായി പരിഹസിക്കുന്ന സുരേഷിന്റെ പോസ്റ്റ് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

സുരേഷിന്റെ പോസ്റ്റ് ഇങ്ങനെ: വൈക്കം മുഹമ്മദ്ബഷീറിന്റെ പ്രശസ്തമായ കഥാപാത്രമാണ് എട്ടുകാലി മമ്മൂഞ്ഞ്. ലോകത്ത് എന്തുണ്ടായാലും അതിന്റെയൊക്കെ ഉത്തരവാദിത്വം അല്ലെങ്കിൽ അതിനൊക്കെ പിന്നിൽ താനാണെന്ന് വീമ്പിളക്കുന്ന കഥാപാത്രം. നമ്മുടെ നാട്ടിലെ ചില എക്സ്‌ക്ലൂസീവ് കുട്ടന്മാരും അവരുടെയൊക്കെ അപ്പോസ്തലന്മാരായ എക്സ്‌ക്ലൂസീവുകൾ തങ്ങളാണെന്ന് ഭാവിക്കുന്ന ചില അൽപ്പത്തരംപിടിച്ച സംവിധാനങ്ങളുമുണ്ട്. പ്രസവിക്കാൻ കഴിയാത്ത മച്ചികളായ സ്ത്രീകളെയും ഉൽപ്പാദനക്ഷമതയില്ലാത്ത പുരുഷന്മാരെയുംപോലെ. ആരെങ്കിലും പ്രസവിച്ചാൽ അത് തൻെ്റ കുഞ്ഞാണെന്ന് വീമ്പിളക്കാനും അതിന്റെ് പിതൃത്വാും മാതൃത്വവുമൊക്കെ അവകാപ്പെടാനും കഴിയുന്ന ഷണ്ഡന്മാർ.

അതുപോലെ ഒന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. ദേവസ്വംബോർഡിലെ അഴിമതി സംബന്ധിച്ച് വി.എ. ഗീരീഷ് മംഗളം പത്രത്തിലൂടെ പുറത്തുകൊണ്ടുവന്ന വാർത്ത. രണ്ടുദിവസം കഴിഞ്ഞപ്പോൾ ചില ഷണ്ഡൻ എക്സ്‌ക്ലൂസീവ് കുട്ടന്മാരുടെ സന്തതിയായി. പരസ്യമായി മംഗളത്തിനെ ചീത്തപറയുകയും രഹസ്യമായി അതിൽ വരുന്ന വാർത്തകൾ എടുത്ത് ഇതിന്റെ അപ്പൻ ഞാനാണ്, അല്ലെങ്കിൽ ഞങ്ങളാണെന്ന് വീമ്പുപറയുകയും ചെയ്യുന്നത് പച്ചമലയാളത്തിൽ പറഞ്ഞാൽ തന്തയില്ലാത്തരമാണ് എന്ന് മാത്രമേ പറയാനാകൂ. പിന്നെ ഇതൊക്കെ പ്രത്യുൽപ്പാദനശേഷിയില്ലാത്ത ചില എട്ടുകാലി മമ്മൂഞ്ഞുമാരുടെ ലീലാവിലാസങ്ങളെന്നുകരുതി പുച്ഛിച്ചുതള്ളാനേ കഴിയു.-ഇങ്ങനെയാണ് സുരേഷിന്റെ പോസ്റ്റ്. ഇവിടെ കളിയാക്കപ്പെടുന്നത് മാതൃഭൂമി ന്യൂസാണെന്നാണ് സൂചന.

നേരത്തെ ആലപ്പുഴയിലെ കൈയേറ്റത്തിലെ ഏഷ്യാനെറ്റിന്റെ ഇടപെടലിന് വലിയ കൈയടി കിട്ടിയപ്പോഴും നേട്ടം അവകാശപ്പെട്ട് മാതൃഭൂമി ന്യൂസ് രംഗത്ത് വന്നിരുന്നു. ഇത് മാധ്യമ ലോകത്തും പ്രേക്ഷകർക്കിടയിലും ചർച്ചയാവുകയും ചെയ്തു. അതിന് സമാനമായ സംഭവമാണ് തിരുവിതാംകൂർ ദേവസ്വം വിഷയത്തിലും ഉണ്ടാകുന്നതെന്നാണ് വിലയിരുത്തൽ. ഇതിനെയാണ് മംഗളത്തിലെ സുരേഷ് പരസ്യമായി കളിയാക്കുന്നത്.