പറ്റ്ന: 'വധുവിനെ ആവശ്യമുണ്ട്.നാടൻ പെൺകുട്ടിയായിരിക്കണം.ഷോപ്പിങ് മാളുകളിലൊക്കെ കറങ്ങി നടക്കുന്ന പരിഷ്‌കാരിപ്പെണ്ണുങ്ങളെ വേണ്ട.നല്ല സംസ്‌കാര സമ്പന്നകളെ മാത്രം മതി'. വായിച്ചു ഞെട്ടേണ്ട.വധുവിനെ തേടുന്നത് മറ്റാരുമല്ല,ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ ജെ ഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്രി ദേവിയാണ്.ലാലു പ്രസാദിന്റെ എഴുപതാം പിറന്നാളുമായി ബന്ധപ്പെട്ട ആഘോഷച്ചടങ്ങിനിടെയാണ് റാബ്രി തന്റെ ഭാവി മരുമക്കളെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കിയത്.


ബിഹാർ മന്ത്രിസഭയിലെ മന്ത്രിമാരാണ് റാബ്രി ദേവിയുടെയും ലാലുപ്രസാദിന്റെയും മക്കളായ തേജ് പ്രതാപും തേജസ്വി പ്രസാദും. തേജസ്വി പ്രസാദ് ഉപമുഖ്യമന്ത്രിയും തേജ് പ്രതാപ് ആരോഗ്യമന്ത്രിയുമാണ്.
സിനിമാ തിയേറ്ററുകളിലും ഷോപ്പിങ് മാളുകളിലും പോകുന്ന പെൺകുട്ടികളെ തന്റെ മക്കൾക്ക് വധുക്കളായി വേണ്ട. 'സംസ്‌കാര സമ്പന്നരായ' പെൺകുട്ടികളെയാണ് വേണ്ടത്, പ്രത്യേകിച്ച് വലിയ മതവിശ്വാസിയായ തേജ് പ്രതാപിന്. നന്നായി വീടു നോക്കുന്ന, മുതിർന്നവരെ ബഹുമാനിക്കുന്ന, തന്നെപ്പോലെ വീടിനു പുറത്തെ കാര്യങ്ങളും നോക്കാനറിയുന്ന പെൺകുട്ടികളായിരിക്കണം മരുമക്കൾ- റാബ്രി ദേവി പറഞ്ഞു.

ഷോപ്പിങ് മാൾ നിർമ്മാണവുമായി ബന്ധപ്പെട്ട് ലാലു പ്രസാദിന്റെ കുടുംബത്തെ ചുറ്റിപ്പറ്റി വാവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് റാബ്രിദേവിയുടെ പ്രസ്താവന.2008ൽ ലാലുപ്രസാദ് റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് അനധികൃതമായി നേടിയ ഭൂമിയിൽ റാബ്രി ദേവിയും മക്കളും ഉടമകളായ കമ്പനി ഷോപ്പിങ് മാൾ നിർമ്മിക്കുന്നതായാണ് ആരോപണം.എന്നാൽ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ലാലുവിന്റെ വാദം.