മെൽബൺ: ഓസ്‌ട്രേലിയൻ മണ്ണിൽ വംശീയത വച്ചുപൊറുപ്പിക്കാനാവില്ലെന്നും നിയമപരമായി ഏതറ്റം വരെയും പോകുമെന്ന് ലിബറൽ പാർട്ടി ഇലക്ഷൻ കമ്മിറ്റിയംഗവും മലയാളിയുമായ പ്രസാദ് ഫിലിപ്പ്.

വിക്‌ടോറിയൻ മൾട്ടി കൾച്ചറൽ ഷാഡോ മിനിസ്റ്ററായ ഇൻഗ പെല്യൂച്ച് കഴിഞ്ഞ വർഷം നടന്ന ലിബറൽ പാർട്ടി യോഗത്തിൽ പ്രസാദ് ഫിലിപ്പിനെ വംശീയമായി അധിക്ഷേപിച്ചിരുന്നു. ഇതിനെതിരേ ശക്തമായി മുന്നോട്ടുപോകുമെന്നും ഇത് സമൂഹത്തിനാകമാനം നാണക്കേടുണ്ടാക്കുന്ന സമീപനമാണെന്നും പ്രസാദ് ഫിലിപ്പ് ദി ഓസ്‌ട്രേലിയൻ പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം, മറ്റൊരു സന്ദർഭത്തിൽ ഇത്തരത്തിൽ അപമാനിക്കാൻ ഇൻഗ പെല്യൂച്ച് ശ്രമം നടത്തിയെന്ന് ആരോപിച്ച് ഗ്രീൻസ് പാർട്ടി നേതാവ് രാജ് നായ്ക് പരാതിയുമായി രംഗത്തെത്തി.

മന്ത്രിക്കെതിരെ പരാതി ഉയർന്നതോടെ ലിബറൽ പാർട്ടിയിലെ നേതാക്കൾ യോഗം ചേർന്ന് പ്രസാദ് ഫിലിപ്പിനു പിന്തുണ നൽകുകയും മനുഷ്യാവകാശ കമ്മീഷനും പൊലീസിനും രേഖാമൂലം പരാതി നൽകുകയും ചെയ്തു.

എന്നാൽ, പാർട്ടി തലത്തിൽ നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അതു കേസിനെ തളർത്തുവാനേ ഉപകരിക്കൂവെന്നും ഒരു വിഭാഗം ആളുകൾ ആരോപിച്ചു.

ലിബറൽ പാർട്ടിയിൽ സ്ഥാനമാനങ്ങൾ വഹിക്കുന്ന ഒരു ഇന്ത്യക്കാരന് ഇത്തരത്തിൽ വംശീയത അനുഭവിക്കേണ്ടി വന്നതിൽ ഭൂരിഭാഗം വരുന്ന ഇന്ത്യക്കാരായ ലിബറൽ അനുകൂലികൾ കുപിതരാണ്. ഇന്ത്യൻ അസോസിയേഷനുകളും ധാരാളം മലയാളി സംഘടനകളും നടപടിയിൽ പ്രതിഷേധം അറിയിച്ച് രംഗത്തുവന്നിട്ടുണ്ട്.

എന്നാൽ, തന്നെ തേജോവധം ചെയ്യുവാൻ പാർട്ടിയിലെ ചിലരുടെ നീക്കങ്ങളാണ് ഇതിനു പിന്നിലെന്നും ഇതിനെതിരെ പാർട്ടിതല നടപടികളും നിയമനടപടികളും സ്വീകരിക്കുമെന്നും ഇൻഗ പെല്യൂച്ച് മാദ്ധ്യമങ്ങളോടു പറഞ്ഞു. എന്നാൽ, ഷാഡോ മിനിസ്റ്റർ അയച്ച വക്കീൽ നോട്ടീസിനു മറുപടി നൽകേണ്ടതില്ലെന്നും സത്യത്തിന്റെയും നീതിയുടെയും മനഃസാക്ഷിയുടെയും കോടതിയിൽ അവർ തുറന്നുപറയട്ടെ എന്നും ലിബറൽ പാർട്ടി നേതാവ് പ്രസാദ് ഫിലിപ്പ് തുറന്നടിച്ചു.