മെൽബൺ: പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ചുകൊണ്ട് പ്രശസ്ത ഓസ്‌ട്രേലിയൻ കാർട്ടൂണിസ്റ്റ് ബിൽ ലീക്ക് വരച്ച കാർട്ടൂണിനെതിരേ പ്രതിഷേധം അലയടിക്കാൻ തുടങ്ങി. ദരിദ്രരായ ഇന്ത്യക്കാർ സോളാർ പാനൽ പൊട്ടിച്ച് മാങ്ങാച്ചമ്മന്തി കൂട്ടിക്കഴിക്കുന്ന കാർട്ടൂണാണ് ആഗോളപ്രതിഷേധത്തിന് ഇരയായിരിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള മൂന്നാം ലോകരാജ്യങ്ങളെ ആകമാനം വംശീയമായി അധിക്ഷേപിക്കുന്ന കാർട്ടൂണിനെതിരേ സാമൂഹിക മാദ്ധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

അന്തരീക്ഷത്തിലേക്ക് കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിന് വേണ്ടി വികസ്വര രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്ന സോളാർ പാനലുകൾ പക്ഷേ, ഭക്ഷണമാണെന്നു തെറ്റിദ്ധരിച്ച് ഇന്ത്യയിലെ ദരിദ്രരായ ആൾക്കാർ പൊട്ടിച്ച് കഴിക്കുന്നുവെന്നാണ് കാർട്ടൂണിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇന്ത്യപോലെയുള്ള ദരിദ്ര രാജ്യങ്ങളിൽ ഭക്ഷണമാണ് പ്രധാനമെന്നും രാജ്യത്തുള്ളവരുടെ പട്ടിണി മാറ്റാതെ കാലാവസ്ഥാ ഉച്ചകോടിയിലും മറ്റും ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ സ്വീകരിക്കുന്ന നിലപാടിനെയാണ് ബിൽ ലീക്ക് പരിഹസിച്ചിരിക്കുന്നത്.

സോളാർ പാനൽ ഭക്ഷണമായി തെറ്റിദ്ധരിച്ച് അവ പൊട്ടിച്ചു കഴിക്കുന്ന തലപ്പാവു ധരിച്ച ഇന്ത്യക്കാരനെയാണ് ബിൽ ലീക്ക് കാർട്ടൂണിൽ പ്രതിനിധീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ദ ഓസ്‌ട്രേലിയൻ പത്രത്തിലാണ് വംശീയാക്രമണം നടത്തിക്കൊണ്ടുള്ള കാർട്ടൂൺ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞാഴ്ചാവസാനം പാരീസ് കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യ ഒപ്പിട്ട ശേഷം തിങ്കളാഴ്ചയാണ് ബിൽ ലീക്കിന്റെ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്.

ബിൽ ലീക്കിന്റെ കാർട്ടൂൺ ഞെട്ടിപ്പിക്കുന്നതാണെന്നും ഇത്തരം വംശീയാക്രമണങ്ങളെ ഒരു വിധത്തിലും ന്യായീകരിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കിക്കൊണ്ട് പല ഉന്നതരും രംഗത്തെത്തിയിട്ടുണ്ട്. മൂന്നാം ലോകരാജ്യങ്ങളിലുള്ളവർക്ക് സാങ്കേതികവിവരമില്ലെന്നുള്ള പരമ്പരാഗത ചിന്തയിൽ നിന്നുണ്ടായ ആശയമാണിതെന്നും ഇതിനെ വംശീയ ആക്രമണമെന്നല്ലാതെ വിശേഷിപ്പിക്കാൻ സാധിക്കുകയില്ലെന്നും മാക്വറീ യൂണിവേഴ്‌സിറ്റി സോഷ്യോളജി അസോസിയേറ്റ് പ്രഫസർ അമാൻഡ വൈസ് ചൂണ്ടിക്കാട്ടുന്നു. ലോകത്തിൽ തന്നെ ഇന്ത്യ സാങ്കേതിക കേന്ദ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണിതെന്നും ഇത്തരത്തിലൊരു കാർട്ടൂൺ പ്രസിദ്ധീകരിച്ച് വികസ്വര രാജ്യങ്ങളെ കളിയാക്കുന്നത് വംശീയാക്രമണം ലക്ഷ്യം വച്ചുകൊണ്ടു തന്നെയാണെന്നുമാണ് അമാൻഡ വ്യക്തമാക്കുന്നത്.

ഇന്ത്യക്കാരെ വച്ച് കാർട്ടൂൺ വരച്ച് കളിയാക്കിയതിന് ഇന്ത്യൻ മാദ്ധ്യമങ്ങളിലും ശക്തമായ പ്രതിഷേധം അലയടിക്കുന്നുണ്ട്. 1950-കളിലെ ഇന്ത്യയെ മനസിൽ കണ്ടാണ് ഇത്തരം കാർട്ടൂണുകൾ പിറവിയെടുക്കുന്നതെന്നും നിലവിലുള്ള സാഹചര്യം ഇവർ കാണുന്നില്ലേയെന്നും ഇന്ത്യക്കാർ ചോദിക്കുന്നുണ്ട്. റൂപർക്ക് മർഡോക്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ദ ഓസ്‌ട്രേലിയൻ പത്രം. മുമ്പ് സിറിയയുടേയും ഗസ്സയുടേയും പശ്ചാത്തലത്തിൽ ബിൽ ലീക്ക് വരച്ച കാർട്ടൂണുകൾ വിവാദം സൃഷ്ടിച്ചിരുന്നു.