സംഭാൽ: രാധേ മായ്ക്കെതിരായ കേസുകളെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദ്യം ആരംഭിച്ചതോടെയാണ് വാർത്താ സമ്മേളനത്തിൽ രാധേ മാ പൊട്ടിത്തെറിച്ചത്. കൽക്കി മഹോത്സവത്തിനെത്തിയതായിരുന്നു വിവാദ ആൾ ദൈവം. തനിക്കെതിരേയുള്ള കേസുകളേക്കുറിച്ച് ചോദിച്ചപ്പോഴാണ് ശാന്തരൂപം കൈവിട്ട് ക്ഷുഭിതയായത്. കസേരയിൽനിന്നു ചാടിയെണീറ്റു മാധ്യമപ്രവർത്തകനോടു ഗർജിച്ചു. ഒടുവിൽ അനുയായികൾ ഇടപെട്ടാണു രാധേ മായെ തണുപ്പിച്ചത്. ദുർഗയുടെ അവതാരമെന്ന് അവകാശപ്പെടുന്ന വിവാദ ആത്മീയ നേതാവാണ് രാധേ മാ.

ചോദ്യങ്ങൾ ചോദിച്ച മാധ്യമ പ്രവർത്തകനോട് 15 ദിവസത്തിനുള്ളിൽ തന്നെ കണ്ടോളാമെന്നു ഇവർ ഭീഷണി മുഴക്കുകയും മാധ്യമപ്രവർത്തകരോട് വായടക്കാനും ക്യാമറകൾ എടുത്ത് പുറത്തു പോകാനും അവർ ആവശ്യപ്പെട്ടു. എനിക്കെതിരെ ഒരു ആരോപണവുമില്ല. പിന്നെ എന്തിനാണ് നിങ്ങൾ ഇക്കാര്യങ്ങൾ വീണ്ടും ചോദിക്കുന്നത്.മാധ്യമങ്ങൾ നിരന്തരം വേട്ടയാടുകയാണെന്നും കേസുകളെക്കുറിച്ചു ചോദിക്കാനേ അവർക്കു നേരമുള്ളൂവെന്നും അവർ പറഞ്ഞു.

രാധേ മായുടെ നിർദ്ദേശം അനുസരിച്ച് ഭർത്താവിന്റെ വീട്ടുകാർ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് യുവതി നൽകിയ പരാതിയിൽ അന്വേഷണം നടന്നുവരികയാണ്. പൊലീസ് സ്റ്റേഷനിൽ ഇൻസ്പെക്ടറുടെ സീറ്റിൽ കയറി ഇരുന്ന സംഭവവും അടുത്ത കാലത്ത് വിവാദമായിരുന്നു. കൂടാതെ നടി ഡോളി ബിന്ദ്ര ഇവർക്കെതിരെ ലൈംഗിക പീഡനക്കേസും ഫെയൽ ചെയ്തിരുന്നു. ഇക്കാര്യ്ങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് ദൈവത്തിന് നിയന്ത്രണം നഷ്ടപ്പെട്ടത്.