സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്- പൂജ ഹെഗ്ഡെ താരജോടികളായി എത്തുന്ന ആസ്ട്രോ ത്രില്ലർ ചിത്രം രാധേശ്യാമിന്റെ പ്രത്യേക ട്രെയിലർ പുറത്തിറക്കി. https://youtu.be/1I20Xy62sb8 മുംബൈയിൽ നടന്ന ചടങ്ങിലാണ് കർട്ടൻ റെയിസർ വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടത്. കാലവും പ്രണയവും തമ്മിൽ പോരാട്ടം എന്ന ടാഗ് ലൈനോട് കൂടിയാണ് ട്രെയിലർ എത്തിയിരിക്കുന്നത്.

ചിത്രത്തിലെ നായകൻ പ്രഭാസ്, നടി പൂജ ഹെഗ്ഡെ, സംവിധായകൻ രാധാകൃഷ്ണ കുമാർ, നിർമ്മാതാക്കളായ ഭൂഷൻ കുമാർ, വാംസി, പ്രമോദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മാർച്ച് 11 ന് രാജ്യമെമ്പാടും പ്രദർശനത്തിന് എത്തുന്നതിന് മുന്നോടിയായി ഇറങ്ങിയ ട്രെയിലർ ഏറെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

1970 കളിലെ യൂറോപ്പ് പശ്ചാത്തലമാക്കി ഒരുക്കിയ പ്രണയ ചിത്രം നിരവധി സസ്പെൻസ് നിറഞ്ഞതാണ്. ഇറ്റലി, ജോർജ്ജിയ, ഹൈദരാബാദ് എന്നിവടങ്ങളിലായി ചിത്രീകരിച്ച സിനിമയിൽ അത്യാധുനിക വിഷ്വൽ ഇഫക്ടും മനോഹര ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

ഹസ്തരേഖ വിദഗ്ദ്ധനായ വിക്രമാദിത്യയെന്ന കഥാപാത്രമായി പ്രഭാസ് എത്തുമ്പോൾ പ്രേരണയായാണ് പൂജ ഹെഗ്‌ഡെ വേഷമിടുന്നത്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. യുവി ക്രിയേഷൻ, ടി - സീരീസ് ബാനറിൽ ഭൂഷൺ കുമാർ, വാംസി, പ്രമോദ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് രാധാ കൃഷ്ണകുമാറാണ്.

ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. രാധേശ്യാമിലെ മനോഹരമായ ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകറാണ്. ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിങ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ, ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.