ടുത്തിടെ ഇറങ്ങിയ സിനിമകളിൽ ഏറ്റവും സാമൂഹീകപ്രസക്തിയുള്ള ഒരു സിനിമയാണ് ലീന യാദവ്‌ സംവിധാനം ചെയ്തു രാധിക ആപ്തെ അഭിനയിച്ച പർച്ചേഡ് (Parched) എന്ന സിനിമ. സ്ത്രീകേന്ദ്രീകൃതമായ ഈ സിനിമ സംസാരിക്കുന്നത്, ഇന്നും പേട്രിയാർക്കിക്കൽ സ്വഭാവം പുലർത്തുന്ന, പുരുഷനു ആസ്വദിക്കാനുള്ള നഗ്നശരീരം മാത്രമായി 'സ്ത്രീയെ' കാണുന്ന ഇന്ത്യൻ സമൂഹത്തിൽ അതിനെതിരെ പൊരുതി ജയിക്കാൻ ശ്രമിക്കുന്ന സ്ത്രീകളുടെ ജീവിതമാണ്.

ഇന്ത്യയുടെ ഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ശൈശവവിവാഹത്തിൽ തുടങ്ങി, കുടുബം എന്ന വ്യവസ്ഥയ്ക്ക് ഉള്ളിൽ പോലും, ലൈംഗികമായി ചൂഷണം ചെയ്യപ്പെടുകയും, ആക്രമിക്കപ്പെടുകയും ചെയ്യുന്ന, സാമ്പത്തിക സുരക്ഷിതത്വം ഇല്ലാത്ത സ്ത്രീകൾ, എന്നാൽ അതിനെതിരെയെല്ലാം പൊരുതി സ്വന്തമായ ഒരു വ്യക്തിത്വം കണ്ടെത്താൻ ശ്രമിക്കുന്നതാണ് ഈ സിനിമ. അതിലെ ഏറ്റവും ശക്തമായ രാഷ്ട്രീയം ലൈംഗിക സ്വന്തന്ത്ര്യത്തിലേക്കുള്ള സ്ത്രീയുടെ യാത്രയും യാതനയും ഈ ചിത്രം കാണിച്ചു തരുന്നു എന്നതാണ്.

എന്നാൽ അതേ സിനിമ വാർത്ത സൃഷ്ടിച്ചത്, അതിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ശ്രീ രാധിക ആപ്തയുടേതായി പുറത്തിറങ്ങി വൈറൽ ആയ ലീക് വീഡിയോയുടെ പേരിലാണ്. നഗ്നശരീരത്തെ ആർത്തിയോടെ നോക്കുന്ന കണ്ണുകൾ, ആ വീഡിയോ വൈറൽ ആക്കി, തങ്ങളുടെ ലൈംഗിക അരാജകത്വവും അല്പത്തരവും വെളിവാകുന്ന അശ്ലീലകമന്റുകളുമായി കൂടുതൽ പേരിലേയ്ക് അത് ഷെയർ ചെയ്തു. സിനിമ പുറത്തിറങ്ങിയിട്ടും സിനിമ മുന്നോട്ട് വച്ച ചോദ്യങ്ങൾ അല്ല, മറിച്ചു സ്ത്രീയെ 'ശരീരമായി മാത്രം കണ്ടു, അവളുടെ വ്യക്തിത്വത്തെ അംഗീകരിക്കാതെ, തെരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യുന്ന സമൂഹത്തിന്റെ പരിച്ഛേദമാണ് കഴിഞ്ഞ ദിവസം ഈ നഗ്ന വീഡിയോയെ പരാമർശിച്ചു 'നിങ്ങൾ ഇങ്ങനെ വിവാദങ്ങൾ സൃഷ്ടിച്ചു പ്രശസ്തയാകാനല്ലേ ശ്രമിക്കുന്നത്?' എന്ന ഒരു ജേർണ്ണലിസ്റ്റിന്റ രാധികയോടുള്ള ചോദ്യമായി നാം കേട്ടത്.  അതുകൊണ്ടു തന്നെ ചോദ്യത്തിന്' രാധിക നൽകിയ മറുപടി, സ്ത്രീയെ ഉപഭോഗവസ്തുവായി മാത്രം കാണുന്ന, അവളുടെ individalityയെ അംഗീകരിക്കാത്ത ഏതൊരാൾക്കുമുള്ള മറുപടിയാണ്.

രാധിക പറയുന്നു,  'ഇത്തരം വീഡിയോകൾ കണ്ടും ഷെയർ ചെയ്യതും അതിനെ വിവാദമാക്കുന്നത് നിങ്ങളോരോരുത്തരുമാണ്. ഞാൻ ഒരു കലാകാരിയാണ്, അഭിനയം എന്റെ തൊഴിൽ ആണ്. അതുകൊണ്ട് തന്നെ എന്റെ ജോലി ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയുക എന്നതു എന്റെ കർത്തവ്യമാണ്. സ്വയം സൃഷ്ടിച്ച കൊക്കൂണുകളിൽ നിന്ന് പുറത്തു വന്ന സമാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലോക സിനിമ കണ്ടിരുന്നുവെങ്കിൽ നിങ്ങൾ ഇങ്ങനെ ഒരു ചോദ്യം ചോദിക്കില്ലായിരുന്നു.'

അതിനു ശേഷമുള്ള രാധികയുടെ വാക്കുകൾ ആണ്, സ്ത്രീ ശരീരത്തെ ആസ്വദിക്കുകയും, അതോടൊപ്പം പല മാർഗ്ഗങ്ങളിൽ 'നഗ്‌ന ശരീരങ്ങളുടെ പകർപ്പുകൾ സ്വന്തമാക്കി അതിന്റെ പേരിൽ സ്ത്രീകളെ ചൂഷണം ചെയുകയും, ചെയ്യുന്നവർ, ചെവി തുറന്നു കേൾക്കേണ്ടത്.

'സ്വന്തം ശരീരത്തെ കുറിച്ച് അപകർഷതാ ബോധം ഉള്ളവരാണ്, മറ്റുള്ളവരുടെ ശരീരത്തിലേയ്ക്ക് ഒളിഞ്ഞു നോക്കുന്നത്. നിങ്ങൾക്ക് ഒരു നഗ്‌ന ശരീരം കാണണമെന്നുണ്ടെകിൽ ആദ്യം ഒരു കണ്ണാടിയിൽ ആണ് നോക്കേണ്ടത് അല്ലാതെ എന്റെ ക്ലിപ്പിൽ അല്ല'.

ലീക് ചെയ്‌പ്പെട്ട നഗ്‌നശരീരത്തിന് അപ്പുറത്തേക്ക് ആ സിനിമ പറയാൻ ശ്രമിക്കുന്ന അടിച്ചേൽപ്പിക്കപ്പെടുന്ന 'പുരുഷനിയന്ത്രിതമായ ഒരു സമൂഹ'(forced patriarchy)ത്തിൽ അടിച്ചമർത്തപ്പെടുന്ന സ്ത്രീകളെ കുറിച്ച്, അവരുടെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷിതത്വം ഇല്ലായമയെ കുറിച്ച് , മദ്യപാനാസക്തി തകർക്കുന്ന കുടുംബങ്ങളെ കുറിച്ച്, വൈധവ്യം ജീവിതത്തിൽ ഏല്പിക്കുന്ന ഏകാന്തതയെ അരക്ഷിതാവസ്ഥയെ കുറിച്ചെല്ലാം സംസാരിക്കുന്ന സിനിമയിൽ നാം കാണുന്നത് കേവലം നഗ്നത മാത്രമാണ്. അത് പേടിപ്പെടുത്തുന്നതാണ്.

എന്നാൽ ഓർക്കണം, 'ഇവിടെ നഗ്‌നയാകുന്നത് രാധികയല്ല, മറിച്ചു സത്വ ബോധമില്ലാതെ സ്ത്രീയുടെ നഗ്‌നത ഒളിച്ചും പാത്തും ആസ്വദിക്കുകയും പകൽ വെളിച്ചത്തിൽ അവളെ പുച്ഛിക്കുകയൂം ചെയ്യുന്ന നമ്മുടെ ഹിപ്പോക്രസിയാണ്.'

അടുത്തയിടെ സാമൂഹിക മാദ്ധ്യമത്തിൽ ജിഷയ്ക്കും സൗമ്യക്കും വേണ്ടി ധീരമായി സംസാരിക്കുന്ന, തന്റെ പേജ് നിറയെ മഹത് വചനങ്ങൾ കുറിക്കുന്ന ഒരു വ്യക്തിയുടെ 'following ലിസ്റ്റ്' നോക്കിയത്, അതിൽ നിറയുന്നത് മുഴുവൻ സ്ത്രീയുടെ നഗ്‌ന ശരീരങ്ങൾ അടങ്ങിയ പ്രൊഫൈലുകളാണ്. അതായതു സ്വന്തം ടൈം ലൈനിൽ നിറയുന്ന സ്ത്രീയുടെ നഗ്നത കണ്ടു ആസ്വദിച്ചാണ് മറുവശത്തു അദ്ദേഹം സ്ത്രീ സുരക്ഷയെ കുറിച്ച് എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. കപട സദാചാരത്തിന്റെ വക്താക്കളെയാണ് ക്രിമിനലുകൾ എന്ന് നാം മുദ്രകുത്തുന്നവരേക്കാൾ പേടിക്കേണ്ടത്. ക്രിമിനലുകൾ ഉണ്ടാക്കുന്ന നഷ്ടം പലപ്പോഴും വ്യക്തി കേന്ദ്രികൃതമാകുമ്പോൾ, ഈ കപടസദാചാരക്കാർ പതിയിരുന്നു ആക്രമിക്കുന്നത് ഒരു സമൂഹത്തെ തന്നെയാണ്. രാധിക എന്ന സ്ത്രീയെ ഉദാഹരണമായി പറഞ്ഞെങ്കിലും, അടിച്ചേല്പിക്കപ്പെടുന്ന ഈ വ്യവസ്ഥയുടെ ദുരന്തഫലം അനുഭവിക്കുന്ന പുരുഷമാരും അനവധിയാണ്.

ലൈംഗികതയെകുറിച്ചു വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ ഉചിതമായ ആളുകൾ ഇല്ലാതെ പോകുന്നതാണ്, ജീവിതത്തിൽ വികലമായ പല പെരുമാറ്റ രീതികളും പലരും വച്ചു പുലർത്തുന്നതിനു കാരണം. അടുത്തെയിടെ പ്രശസ്തമായ 'ഗപ്പി' എന്ന സിനിമയിലെ അമ്മയിലുടെയും മകനിലൂടെയും എങ്ങനെയാണ് 'അമ്മമാർക്ക് കുഞ്ഞുങ്ങളെ തിരുത്താനാവുക എന്ന് മനോഹരമായി വരച്ചു കാട്ടുന്നുണ്ട്. ഒരു വ്യക്തി കേവലം ശരീരം മാത്രമല്ല എന്ന തിരിച്ചറിവ് വീടുകളിൽ നിന്നും തന്നെ തുടങ്ങണം. ഒരുവൻ സ്വന്തന്ത്രചിന്താശക്തിയുള്ള, മറ്റുള്ളവരെ, അവരുടെ ലൈംഗികത അടക്കം അംഗീകരിക്കുന്ന ബഹുമാനിക്കുന്ന വ്യക്തിയാക്കി വളരാൻ ആണ് കുടുംബവും സമൂഹവും പ്രോത്സാഹിപ്പിക്കേണ്ടത്.

എന്നാൽ ഇന്നുംസമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറി ചിന്തിക്കുന്ന സ്വന്തമായ അഭിപ്രായങ്ങൾ ഉള്ള വ്യക്തിത്വമുള്ള ആളുകളെ അംഗീകരിക്കാൻ അവർക്കു ഒരു സ്‌പേസ് കൊടുക്കാൻ നമ്മുടെ സമൂഹത്തിനു മടിയാണ്. കാരണം സ്വതന്ത്രചിന്തയെ പ്രോത്സാഹിചിപ്പിച്ചാൽ, ആളുകൾക്കു ആത്മവിശ്വാസം വളരും, അവർ അസമത്വങ്ങളെ ചോദ്യം ചെയ്യും, സ്ത്രീ അവളുടെ 'വ്യക്തിത്വം' ശരീരത്തിനും അപ്പുറത്താണ് എന്ന് തിരിച്ചറിയും, അതിനെ ചോദ്യം ചെയ്യുന്നവർക്ക് നേരെ രാധിക ആപ്‌തെയെപോലെ തിരിച്ചടിക്കും. കൂടുതൽ ഹൈപോക്രറ്റുകൾ പൊതു വേദികളിൽ നഗ്നരാവും. അതുകൊണ്ട് ചിന്ത കൊണ്ട് സ്വാതന്ത്രരാകുന്ന ആണിനേയും പെണ്ണിനെയും നമുക്ക് അടിച്ചർത്തിയല്ലേ പറ്റു?