കൊച്ചി : ആലുവ കരുമാല്ലൂരിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച കേസിൽ ഭർതൃസഹോദരനെ പൊലീസ് അറസ്റ്റുചെയ്തു. കരുമാല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം പൂതപ്പാടം വീട്ടിൽ കെ.എ. രവിയുടെ ഭാര്യ രാധിക (റുഖിയ45) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ ഇവരുടെ വീട്ടിലായിരുന്നു സംഭവം. വാക്കത്തി ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്.

കേസിൽ രവിയുടെ ഇളയ സഹോദരൻ മധു(38)വിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്തു. ഇന്നലെ ഉച്ചയ്ക്ക് മധു അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് ശ്രദ്ധയിൽപ്പെട്ട രവി ഉച്ചഭക്ഷണം നൽകുന്നതിനായി തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു. ഇയാൾക്ക് മരണപ്പെട്ട രവിയുടെ ഭാര്യ രാധിക ചോറും നൽകി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പ്രതി അടുക്കളയിൽ നിന്നും വാക്കത്തിയെടുത്ത് രാധികയുടെ കഴുത്തിൽ വെട്ടിയത്.

ആഴത്തിലുള്ള മുറിവേറ്റ ഇവരെ ഉടൻ ഭർത്താവ് രവിയും, അയൽവാസികളും ചേർന്ന് ആലുവ നജാത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആലുവ ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അറസ്റ്റിലായ പ്രതി അവിവാഹിതനാണ്. ഏറെ നാളായി കഞ്ചാവ് ഉൾപ്പടെയുള്ള മയക്കുമരുന്നിന് അടിമയായിരുന്നു ഇയാളെന്ന് പറയപ്പെടുന്നു. കൊലപാതകം അറിഞ്ഞ് ആലങ്ങാട് പൊലീസ് സ്ഥലത്തെത്തുമ്പോഴും പ്രതി വീട്ടിൽ തന്നെയുണ്ടായിരുന്നു.

ആലുവ ഡിവൈ.എസ്‌പി. പി, വൈ. റസ്റ്റം സ്ഥലം സന്ദർശിച്ചു. കോട്ടപ്പുറം മാമ്പ്രയിലാണ് മരിച്ച രാധികയുടെ കുടുംബം. മുൻ ഗ്രാമപഞ്ചായത്ത് അംഗവും സിപിഐ(എം). ലോക്കൽ കമ്മറ്റി അംഗവുമാണ് രാധികയുടെ ഭർത്താവ് രവി. മക്കൾ രേഷ്മ (ബിരുദ വിദ്യാർത്ഥിനി സെന്റ് സേവ്യേഴ്‌സ് കോളേജ് ആലുവ), രാഹുൽ (ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി, കോട്ടപ്പുറം സ്‌കൂൾ).

ജില്ലയിൽ ഒരുമാസത്തിനിടയിൽ ഭ്രാന്തന്റെ വെട്ടേറ്റു മരിക്കുന്ന രണ്ടാമത്തെ ആളാണ് രാധിക. കരുമാല്ലൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ പൂതപ്പാടം വീട്ടിൽ മുൻ ഗ്രാമപഞ്ചായത്തംഗമായിരുന്ന കെ.എ. രവിയുടെ ഭാര്യ രാധിക (റുഖിയ- 45) കൊല്ലപ്പെട്ടത് ഒരുനാടിനെത്തന്നെ ഞെട്ടിച്ചു. നേരത്തെ പുല്ലേപടിയിൽ പുലർച്ചെ പാൽ വാങ്ങാനായി വീട്ടിൽനിന്നും ഇറങ്ങിയ പത്തുവയസുകാരനെ അയൽവാസിയായ മയക്കുമരുന്നിടിമ കുത്തിക്കൊന്നിരുന്നു. ഇന്നലെ ആലുവയെ ഞെട്ടിച്ച കൊലപാതകവും നടത്തിയത് മയക്കുമരുന്നിന് അടിമയായ ആളാണ്.

ആഴത്തിലുള്ള മുറിവേറ്റ രാധിക വീഴുന്നതടക്കം കണ്ടുനിന്ന പ്രതി, സംഭവം അറിഞ്ഞ് പൊലീസ് എത്തുമ്പോഴും ഈ വീട്ടിൽത്തന്നെയുണ്ടായിരുന്നു. പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോഴും ഇയാൾക്ക് യാതൊരു ഭാവമാറ്റവും കണ്ടിരുന്നില്ല. മയക്കുമരുന്നിന് അടിമയായ മധുവിനെ ഇന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ സഹോദരൻ രവി അടക്കമുള്ളവർ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രവിയുടെ കുടുംബത്തെ തന്നെ തകർത്ത ദുരന്തം കടന്നുവന്നത്. വെളിയത്തുനാട് മാമ്പ്രയിലാണ് കൊല്ലപ്പെട്ട രാധികയുടെ കുടുംബം താമസിക്കുന്നത്.

വീട്ടമ്മ കൊല്ലപ്പെട്ടതറിഞ്ഞ് നിരവധി നാട്ടുകാരാണ് പ്രദേശത്ത് തടിച്ചുകൂടിയത്. രാധികയെ എത്തിച്ച സ്വകാര്യ ആശുപത്രിയുടെ മുമ്പിലും വൻ ജനക്കൂട്ടമായിരുന്നു എത്തിയിരുന്നത്. മൃതദേഹം ഇന്നലെ വൈകിട്ട് 6 മണിയോടെ ആലുവ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.