ദോഹ: കിളിമാനൂർ മടവൂരിൽ മുന്റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന സംഭവത്തിൽ തനിക്ക് ബന്ധമില്ലെന്ന് ആരോപണവിധേയനായ ഖത്തറിലെ വ്യവസായിയായ സത്താർ വിശദീകരിക്കുമ്പോൾ പൊലീസ് അത് മുഖവിലയ്‌ക്കെടുക്കുന്നില്ല. സത്താറിനോ പൊലീസ് സംശയിക്കുന്ന സാലിഹ് ബിൻ ജലാലിനോ കൊലയിൽ പങ്കുണ്ടെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സത്താറിന്റെ മുൻഭാര്യയും ഖത്തറിലെ നൃത്താധ്യാപികയുമായ യുവതിയും പറഞ്ഞു. കൊല്ലപ്പെട്ട രാജേഷുമായി അടുപ്പമുണ്ടായിരുന്ന യുവതിയാണ് ഇവർ. ദോഹയിലെ ഒരു വെബ്‌പോർട്ടലിലാണ് ഇരുവരുടെയും വെളിപ്പെടുത്തൽ. ഇതിനേയും സംശയത്തോടെയാണ് പൊലീസ് കാണുന്നത്. സാലിഹ് കേരളത്തിൽ എത്തിയതിനും കൊല നടത്തിയതിനും തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ യുവതിയുടെ മൊഴി സംശയത്തിന് ഇടനൽകുന്നതാണ്.

സത്താറിനേയും സാലിഹിനേയും കണ്ടെത്താൻ പൊലീസ് റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇത് ഉടൻ ഖത്തർ പൊലീസിന് കൈമാറുകയും ചെയ്യും. സത്താറിനേയും സാലിഹിനേയും ചോദ്യം ചെയ്താൽ മാത്രമേ ഗൂഢാലോചനയിൽ ചുരുൾ അഴിക്കൂ. മുമ്പ് ഖത്തറിൽ റേഡിേയാ ജോക്കിയായിരുന്നു രാജേഷ്. ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സ?െന്ററിൽ നൃത്താധ്യാപികയായ യുവതിക്ക് രാജേഷുമായി അടുപ്പമുണ്ടായിരുന്നു. യുവതിയുടെ മുൻഭർത്താവാണ് ഓച്ചിറ തെക്ക് കൊച്ചുമുറി നായമ്പരത്ത് കിഴക്കതിൽ അബ്ദുൽ സത്താർ. രാജേഷുമായുള്ള ഭാര്യയുടെ ബന്ധം അറിഞ്ഞതിനെ തുടർന്ന് മൂന്നുമാസങ്ങൾക്ക് മുമ്പ് വിവാഹബന്ധം വേർപ്പെടുത്തിയതാണെന്ന് സത്താർ പറയുന്നു. എന്നാൽ മുൻഭർത്താവ് എന്ന നിലയിൽ കൊലപാതകത്തിൽ പൊലീസ് തന്നെ സംശയിക്കുന്നത് സ്വാഭാവികമാണ്. കുറ്റം ചെയ്യാത്തതിനാൽ പേടിയില്ലെന്നാണ് വിശദീകരണം.

സ്വാലിഹ് വിദ്യാഭ്യാസമുള്ള നല്ല സ്വഭാവക്കാരനാണെന്നും നൃത്താധ്യാപികയായ രാജേഷിന്റെ പെൺസുഹൃത്തും വെളിപ്പെടുത്തുന്നു, ഒപ്പം രാജേഷിനേയും നാട്ടിൽ നിന്നും ഖത്തറിൽ വീണ്ടുമെത്തിക്കാൻ അഹമ്മദ് കബീർ എന്ന വ്യക്തി ശ്രമിച്ചിരുന്നു എന്ന നിർണായക വിവരവും പെൺസുഹൃത്ത് വെളിപ്പെടുത്തി. ഇതിനായി നിരവധി തവണ കബീർ രാജേഷിന് ഖത്തറിൽ ജോലി വാഗാധാനം നൽകിയെങ്കിലും രാജേഷ് അത് നിരസിച്ചുവെന്നും ഇവർ പറഞ്ഞു. അഹമ്മദ് കബീർ സാമ്പത്തികമായി നല്ല നിലയിലാണ്. മണി എക്‌സ്‌ചേഞ്ചും ബ്യൂട്ടി പാർലറുമെല്ലാം നടത്തുന്നുണ്ട്. ബി എം ഡബ്ല്യൂ അടക്കമുള്ള കാറിലാണ് സഞ്ചാരം. ഇദ്ദേഹത്തിന്റെ ഇടപെടലിലാണ് യുവതിക്ക് പ്രധാനമായും സംശയം. സത്താറുമായി ഇയാൾക്ക് ബിസിനസ് തർക്കങ്ങളുണ്ടെന്നും പറയുന്നു. ഇങ്ങനെ മൂന്നാമനിലേക്ക് അന്വേഷണം എത്തിക്കാനാണ് ശ്രമം നടക്കുന്നത്. ഈ സാഹചര്യത്തിൽ സാലിഹ് കേരളത്തിൽ എത്തിയെന്ന് ഉറപ്പിക്കാനാണ് പൊലീസ് ശ്രമിക്കുന്നത്.

കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചുവെന്ന് പൊലീസ് പറയുന്ന അലി ഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ തന്റെ ജിംനേഷ്യത്തിൽ പരിശീലകനായിരുന്നു. ഇയാൾ ഇപ്പോഴും ഖത്തറിലുണ്ട്. വിഷയത്തിൽ അലിഭായിയുടെ പ്രതികരണം പുറത്തു വന്നിട്ടില്ല. രാജേഷിനെ കൊന്നത് സാലിഹിന്റെ സാന്നിധ്യത്തിലാണെന് പൊലീസ് തിരിച്ചറിഞ്ഞു. എന്നിട്ടും യുവതിയും സത്താറും സാലിഹിനെ പിന്തുണയ്ക്കുന്നു. ഇതിനൊപ്പം മറ്റൊരാളെ കേസിലേക്ക് കൊണ്ടു വരികയും ചെയ്യുന്നു. സാലിഹിനെ രക്ഷിച്ചെടുക്കാനുള്ള ബോധപൂർവ്വമായ ശ്രമമായി ഇതിനെ കാണുന്നു. ഈ സാഹചര്യത്തിൽ യുവതിയേയും പൊലീസ് ചോദ്യം ചെയ്യും. സത്താറിനും യുവതിക്കും ഖത്തറിൽ യാത്രാവിലക്കുണ്ട്. അതുകൊണ്ട് തന്നെ ഇരുവരേയും നാട്ടിലെത്തിക്കാൻ തടസ്സമുണ്ട്. ഇത് മനസ്സിലാക്കി പൊലീസ് സംഘം ഖത്തറിലേക്ക് പോകാനും സാധ്യതയുണ്ട്.

കൊല്ലാൻ ക്വേട്ടഷൻ നൽകേണ്ട കാര്യം തനിക്കില്ല. ബന്ധം വേർപ്പെടുത്തിയ ശേഷം മുൻഭാര്യയുടെ കാര്യം നോക്കാൻ പോയിട്ടില്ല. രണ്ട് കുട്ടികൾ തന്നോടൊപ്പമാണ് കഴിയുന്നത്. പൊലീസ് സംശയിക്കുന്ന മറ്റൊരാളായ അപ്പുണ്ണിയെ തനിക്കറിയില്ല. ജിംനേഷ്യം അടക്കമുള്ള ബിസിനസ് നടത്തിയത് വഴി ഒന്നരക്കോടിയോളം രൂപയുടെ കടബാധ്യത നാട്ടിലുണ്ട്. സ്വത്തുകൾ വിറ്റാണ് ബാധ്യത തീർത്തത്. നാല് ലക്ഷം റിയാൽ ഖത്തറിൽ തന്നെ ബാധ്യതയുണ്ട്. ഇതിനാൽ തനിക്ക് യാത്രാവിലക്കുമുണ്ട്. മുൻഭാര്യയും താനും പാർട്ണർ ആയാണ് 2010ൽ സ്ഥാപനങ്ങൾ തുടങ്ങിയത്. ഇതിനാൽ മുൻഭാര്യക്കും ഖത്തർ വിടാൻ നിയമപരമായി കഴിയില്ലെന്നും സത്താർ വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം, സത്താർ രാജേഷിനെ കൊലപ്പെടുത്താൻ ക്വേട്ടഷൻ നൽകിയെന്നോ സാലിഹാണ് പിന്നിലെന്നോ താൻ വിശ്വസിക്കുന്നില്ലെന്ന് യുവതിയും വെളിപ്പെടുത്തി. ഇതാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

ഭർത്താവാണ് ക്വട്ടേഷൻ നൽകിയതെന്ന തരത്തിൽ യുവതി പൊലീസിന് തുടക്കത്തിൽ സൂചനകൾ കൊടുത്തിരുന്നു. ഇതാണ് ഇപ്പോൾ മാറ്റി പറയുന്നത്. രാജേഷ് കൊലയിലെ ഗൂഢാലോചനയിൽ യുവതിയുടെ പങ്കിൽ സംശയമുണ്ടെന്ന വിലയിരുത്തലുകൾ എത്തിയ ശേഷമായിരുന്നു ഇത്. യുവതിയുടെ വെളിപ്പെടുത്തലുകളിലും പൊലീസ് സംശയങ്ങൾ കാണുന്നുണ്ട്. കേരളപൊലീസ് തന്നെ വിളിച്ച് കാര്യങ്ങൾ ചോദിക്കാറുണ്ട്. സാലിഹ് ഇപ്പോഴും ഖത്തറിൽ ഉള്ള കാര്യം തനിക്കറിയാം. രാജേഷ് കൊല്ലപ്പെടുന്ന ദിവസവും സാലിഹ് ഇവിടെ ഉണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. എന്തായാലും പൊലീസ് കാര്യങ്ങൾ അന്വേഷിക്കെട്ടെയെന്നാണ് യുവതി ഇപ്പോൾ വിശദീകരിക്കുന്നത്.

പൊലീസ് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ മെറ്റാരു ബിസിനസുകാരനും രാജേഷും തമ്മിൽ നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന കാര്യവും പൊലീസ് അന്വേഷിക്കെട്ടയെന്നും യുവതി പറഞ്ഞു. രാജേഷ് കൊല്ലപ്പെടുേമ്പാൾ തങ്ങൾ മൊബൈൽ ഫോണിൽ സംസാരത്തിലായിരുന്നു. നല്ല രൂപത്തിലുള്ള ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. കൊല്ലപ്പെടുന്ന നിലവിളി താൻ ഫോണിൽ കേട്ടിട്ടുണ്ട്. ഈ വിവരം ഉടൻ തന്നെ രാജേഷിന്റെ പിതാവിനെയും രാജേഷിെന്റ മറ്റൊരു സുഹൃത്തിനെയുമാണ് അറിയിച്ചത്. രാജേഷിന്റെ അമ്മ, കുടുംബക്കാർ തുടങ്ങിയവരെയൊക്കെ തനിക്ക് അറിയാമെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.

അതിനിടെ രാജേഷിനെ കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേരെ ചോദ്യം ചെയ്യാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലു പേരെ മൂന്നാറിനു സമീപത്തെ മാങ്കുളത്തു നിന്നും ഒരാളെ കായംകുളത്തു നിന്നുമാണു പിടികൂടിയത്. രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷൻ സംഘത്തെ ഇവർ സഹായിച്ചതായി കണ്ടെത്തിയതോടെയാണു കസ്റ്റഡിയിലെടുത്തത്. ആയുധങ്ങൾ ഒരുക്കി നൽകിയത് ഇവരാണെന്നു പൊലീസ് സംശയിക്കുന്നുണ്ട്. മാങ്കുളത്തെ റിസോർട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണു നാലുപേരെ പിടികൂടിയത്. സാലിഹിന് സഹായം ചെയ്തു കൊടുത്തവരാണ് ഇവർ.

എന്നാൽ ഇന്നലെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ പലരെയും കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡിവൈഎസ്‌പി: സി.അനിൽ കുമാർ പറഞ്ഞു. ക്വട്ടേഷൻ സംഘത്തെ സഹായിച്ചതിനു കൊല്ലം സ്വദേശി സനുവിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.