തിരുവനന്തപുരം: റെഡ് എഫ്എമ്മിലെ മുൻ ആർജെ രാജേഷിന്റെ കൊലപാതകത്തിന് പിന്നിൽ ആരൊക്കെയാണെന്നും കാരണം എന്താണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് അന്വേഷണത്തിൽ തെളിയുന്നു. ഖത്തർ വ്യാവസായിയുടെ ഭാര്യയുമായി രാജേഷിനുണ്ടായിരുന്ന അടുപ്പമാണ് ക്വട്ടേഷനെ നിയോഗിച്ച് ആക്രമണം നടത്താൻ കാരണമായത് എന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. രാജേഷിനെ കൊല്ലാനുള്ള ആസൂത്രണവും അത് കൃത്യമായി നടപ്പിലാക്കിയതും ഖത്തറിൽ നിന്നെത്തിയ അലിഭായ് എന്ന വ്യക്തിയാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തേക്ക് കടന്ന ഇയാളെ എങ്ങനെ നാട്ടിലെത്തിക്കും എന്ന കാര്യത്തിൽ മാത്രമാണ് പൊലീസിന് ഇപ്പോൾ ആശങ്കയുള്ളത്. മറ്റ് കൂട്ടുപ്രതികൾക്കായും അന്വേഷണ സംഘം വലവിരിച്ചു കഴിഞ്ഞു.

വെറുമൊരു കൊലപാതകം എന്നതിൽ അപ്പുറത്തേക്ക് കൃത്യമായ തിരക്കഥ രചിച്ചു നടത്തിയ കൊലപാതകമാണെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. കൊലപാതകം നടപ്പിലാക്കാൻ മുന്നിൽ നിന്നത് അലിഭായ് എന്നയാളായിരുന്നു. ഇയാളെ രാജേഷിനെ വകവരുത്താൻ വേണ്ടി വ്യക്തമായ പ്ലാനോടെയാണ് കേരളത്തിൽ വിമാനമിറങ്ങിയത്. ഖത്തറിലേ വ്യവസായി തന്റെ ഭാര്യയെ അകറ്റിയ ആളെ വകവരുത്താൻ വേണ്ടി നൽകിയ ക്വട്ടേഷൻ കൃത്യമായി തന്നെ അലിഭായ് നടപ്പിലാക്കി. ഖത്തറിൽ നിന്നും തുടങ്ങിയ പ്ലാനിങ് നടപ്പിലാക്കാൻ അലിഭായിക്ക് ഒരു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. കൊല നടത്തി കേരളത്തിൽ നിൽക്കാതെ വ്യാജപാസ്‌പോർട്ടിൽ കാഠ്മണ്ഡു വഴി ഖത്തറിലേക്ക് കടക്കുകയായിരുന്നു.

രാജേഷ് കൊല്ലപ്പെടുന്നത് 27ന് പുലർച്ചെ രണ്ടരയ്ക്കാണ്. രാജേഷിനെ കൊല്ലാൻ ലക്ഷ്യമിട്ട് ഒരു ദിവസം മുമ്പ് അലിഭായി എന്നറിയപ്പെടുന്ന ഓച്ചിറക്കാരൻ ലാൻഡു ചെയ്തു. കൊല്ലത്തെ ക്വട്ടേഷൻ സംഘങ്ങലുമായി അലിഭായിക്ക് ബന്ധമുണ്ടായിരുന്നു എന്നാണ് പൊലീസ് അനുമാനിക്കുന്നത്. കൊച്ചിയിൽ വിമാനം ഇറങ്ങി മുൻകൂട്ടി നിശ്ചയിച്ചതു പ്രകാരം ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേരെ കൂടെക്കൂട്ടി കിളിമാനൂരിലെത്തി. അവിടെ നിന്നും മടവൂരിലേക്ക് നീങ്ങി രാജേഷിന്റെ പരിപാടികളെ കുറിച്ച് ആസൂത്രണം നടത്തി. രാജേഷ് മടവൂരിലെ റെക്കോഡിങ് സ്റ്റുഡിയോയിലുണ്ടാകുമെന്ന് മുൻപ് തന്നെ സ്‌കെച്ച് ചെയ്തിരുന്നു.

രാജേഷ് പരിപാടി കഴിഞ്ഞ് രാത്രി ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കൃത്യം അയാൾ നിർവഹിച്ചതും. ഗുണ്ടാത്തലവൻ അപ്പുണ്ണി 'കായംകുളം അപ്പുണ്ണി' എന്ന പ്രമുഖ ഗുണ്ടാത്തലവനാണ് ആക്രമണത്തിൽ അലിഭായിക്കൊപ്പം നിന്നത്. നിരവധി കേസുകളിൽ പ്രതിയായ അപ്പുണ്ണി ആലപ്പുഴ ജില്ലാ പൊലീസിന്റെ എ ലിസ്റ്റ് കാറ്റഗറിയിൽ ഉള്ള ഗുണ്ടയാണ്. കൊലപാതക കേസുകൾ അടക്കം മൂന്ന് ക്രിമിനൽ കേസുകൾ പേരിലുള്ള അപ്പുണ്ണി നേരത്തെ ആലപ്പുഴ പൊലീസിന്റെ നല്ലനടപ്പ് ശിക്ഷയ്ക്ക് വിധേയനായിട്ടുണ്ട്. അതേസമയം ഇയാൾ ഒളിവിലാണ്. ഇതിനിടെ രാജേഷിന്റെ അടുപ്പക്കാരിയായ നൃത്താധ്യാപികയുടെ ഭർത്താവിനെ പൊലീസ് പ്രതിപട്ടികയിൽ ഉൾപ്പെടുത്തി. ഇയാളെ നാട്ടിലെത്തിക്കാൻ ഉള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഇയാൾക്കായി നേരത്തേ തന്നെ പൊലീസ് ഇന്റർപോളിന്റെ സഹായം തേടിയിട്ടുണ്ട്.

കൂട്ടുപത്രിയായ അപ്പുണ്ണി രാജേഷിനെ പിടിച്ചുനിർത്തിയതോടെയാണ് അലിഭായി പലതവണ വെട്ടിയത്. കൃത്യം നിർവഹിച്ച ശേഷം അലിഭായി രക്ഷപെട്ടത് കായംകുളത്തേക്കാണ്. അവിടെ വെച്ച് ആയുധം ഉപേക്ഷിച്ചു. സംഘത്തിലെ മൂന്നാമൻ അവിടെ നിന്ന് മറ്റൊരു വഴിയിലേക്കു നീങ്ങിയതോടെ അലിഭായിയും അപ്പുണ്ണിയും നേരെ തൃശൂരിലേക്കും നീങ്ങി. തുടർന്ന് ബാംഗ്ലൂരിലേക്കും തുടർന്ന് ഡൽഹിയിലുമെത്തി. ഇവിടെ നിന്നും കാഠ്മണ്ഡുവിലേക്കാണ് യാത്രതിരിച്ചത്. മുൻകൂട്ടി കരുതിവച്ച വ്യാജപാസ്‌പോർടിൽ ഖത്തറിലേക്ക് കടക്കുയാണ് ചെയ്തത്.

രാജേഷിനെ കൊല്ലാനുള്ള ക്വട്ടേഷൻ അലിഭായിയെ ഏൽപ്പിക്കുന്നത് രാജേഷുമായി അടുപ്പമുള്ള ഖത്തറിലെ സ്ത്രീയുടെ മുൻഭർത്താവാണ്. ഈ വ്യവസായിക്ക് നേരത്തെ തന്നെ അടുപ്പമുള്ളവരാണ് അലിഭായി. അലിഭായിയാണ് ഖത്തറിൽ തന്നെയുള്ള കായംകുളംകാരനായ അപ്പുണ്ണിയെയും സംഘത്തിൽ കൂട്ടുന്നത്. മുന്ന് മാസത്തോളം നീണ്ട ആസൂത്രണമായിരുന്നു പിന്നീട്. രാജേഷിനെ നിരീക്ഷിക്കാനായി ആദ്യം അപ്പുണ്ണി നാട്ടിലേക്ക് തിരിച്ചു. ഫെബ്രുവരി 25ന് കേരളത്തിലെത്തി. പിന്നീട് ചെന്നൈയിലേക്ക് താവളം മാറ്റി. അവിടെ നിന്ന് രാജേഷിന്റെ വരവും പോക്കും കൃത്യമായി മനസിലാക്കിയിരുന്നു.

കൃത്യം നടപ്പിലാക്കി എങ്ങനെ തടിയൂരി രക്ഷപെടാമെന്നും അലിഭായിയും കൂട്ടരും വഴി കണ്ടെത്തിയിരുന്നു. മികച്ച ആസൂത്രണത്തിനിടെ ക്വട്ടേഷൻ സംഘത്തിന് ഏക പിഴവായതുകൊലനടന്ന് രണ്ടാം ദിവസം തന്നെ പൊലീസ് വാഹനം തിരിച്ചറിഞ്ഞിട്ടാണ്. ക്വട്ടേഷൻ സംഘത്തെ തിരിച്ചറിയാൻ ഇടയാക്കിയതോടെയാണ് ആസൂത്രണം പിഴച്ചത്. കൊല നടത്താനായി സംഘമെത്തിയത് വ്യാജ നമ്പർ പതിച്ച കാറിലായിരുന്നു. കൊലയ്ക്ക് ശേഷം കരുനാഗപ്പള്ളിയിലെത്തി യഥാർത്ഥ നമ്പർ പതിച്ചു. അമിത വേഗതയിൽ പോയ മോട്ടോർവാഹന വകുപ്പിന്റെ ക്യാമറയിൽ പതിഞ്ഞതാണ് വിനയായത്.

കൊലപാതകം നടക്കുന്നതിന് തൊട്ട് മുൻപ് രാജേഷ് വീട്ടമ്മയുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നു. രാജേഷിന്റെ നിലവിളി വീട്ടമ്മ കേട്ടിരുന്നു. ഇവരാണ് രാജേഷിന് വെട്ടേറ്റകാര്യം ബന്ധുക്കളേയും സുഹൃത്തുക്കളേയും അറിയിച്ചത്. രാജേഷുമായി വീട്ടമ്മയ്ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരും ഭർത്താവും അകന്ന് താമസിക്കുകയാണ്. പൊലീസ് വീട്ടമ്മയുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഭർത്താവിന് കൊലപാതകത്തിൽ പങ്കുണ്ടെന്ന് ഇവർ പൊലീസിനോട് വ്യക്തമാക്കുകയായിരുന്നു. അതേസമയം ഇവരെ ഇതുവരെ നാട്ടിൽ എത്തിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. എന്നാൽ ബുധനാഴ്ചയോടെ ഇവരോട് നാട്ടിലെത്തിക്കാൻ പൊലീസ് ശ്രമം നടത്തുന്നുണ്ട്.

വീട്ടമ്മയും ഖത്തർ വ്യവസായിയായ ഭർത്താവിന്റേതും പ്രണയ വിവാഹമായിരുന്നു. ഇരുവരും വ്യത്യസ്ത മതസ്ഥർ ആയിരുന്നു. അതുകൊണ്ട് തന്നെ വിവാഹ ശേഷം യുവതി മതം മാറി. എന്നാൽ ഇതിനിടയിലാണ് ഇവരുടെ ജീവിതത്തിലേക്ക് രാജേഷ് കടന്ന് വന്നത്. ഇത് ഇവരുടെ വിവാഹ ജീവിതം തകരാൻ കാരണമായി. ഇതാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.