റായ്ബലറേലി: കോൺഗ്രസ് പാർട്ടിക്കു നേതൃത്വം നല്കുന്ന നെഹ്രു കുടുംബത്തിന്റെ സ്വന്തം മണ്ഡലങ്ങളാണ് അമേഠിയും റായ്ബറേലിയും. എന്നാൽ മോദിയുടെയും അമിത് ഷായുടെയും ചാണക്യതന്ത്രത്തിൽ ഉത്തർപ്രദേശിൽ ബിജെപി നടത്തിയ അശ്വമേധത്തിൽ കോൺഗ്രസിന്റെ ഉറച്ച കോട്ടകളായ അമേലിയും റായ്ബറേലിയും വരെ തകർന്നടിഞ്ഞു. റായ്ബറേലി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്നത് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ്. അമേഠിയാകട്ടെ പാർട്ടിയുടെ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മണ്ഡലവും.

അമേഠിയിലും റായ്ബറേലിയിലും അഞ്ച് വീതം നിയമസഭാ മണ്ഡലങ്ങളാണുള്ളത്. തെരഞ്ഞെടുപ്പു ഫലങ്ങൾ അന്തിഘട്ടത്തിലേക്കു കടക്കുമ്പോൾ റായ്ബറേലിയിലെയും അമേഠിയിലുമായുള്ള മൊത്തം പത്തു സീറ്റുകളിൽ ആറിലും ബിജെപി സ്ഥാനാർത്ഥികളാണ് ലീഡ് ചെയ്യുന്നത്.

റായ്ബറേലിയിൽ ബച്ച്‌റാവൻ, ഹർചന്ദ്പുർ, റായ്ബറേലി, സുരേനി, ഉൻചാഹർ എന്നീ അഞ്ച് നിയമസഭാ മ്ണ്ഡലങ്ങളാണുള്ളത്. അമേഠിയിൽ തിലോയ്, സലോൺ, ജഗദീഷ്പുർ, ഗൗരിഗഞ്ച്, അമേഠി എന്നീ മണ്ഡലങ്ങളും. ഇതിൽ ഒമ്പതു മണ്ഡലങ്ങളിൽ കോൺഗ്രസും എസ്‌പിയും തമ്മിൽ സഖ്യത്തിലാണു മത്സരിച്ചത്. ഒരു മണ്ഡലത്തിൽ സഖ്യമില്ലാതെ ഇരു പാർട്ടികളും ഏറ്റുമുട്ടി. ഇതിൽ കോൺഗ്രസ് രണ്ടു മണ്ഡലങ്ങളിൽ ജയിച്ചു. കോൺഗ്രസുമായി മത്സരിച്ച ഗൗരീഗഞ്ചിലടക്കം രണ്ടിടങ്ങളിൽ എസ്‌പി ജയം നേടി.

ബച്ച്‌റാവനിൽ ബിജെപിയുടെ രാം നരേഷ് റാവത്താണ് ജയിച്ചത്. കോൺഗ്രസിന് ഷഹാബ് ശരൺ രണ്ടാം സ്ഥാനത്തായി.

ഹർചന്ദ് പുരിൽ കോൺഗ്രസിന്റെ രാകേഷ് സിങ് ജയിച്ചു. ബിജെപി രണ്ടാം സ്ഥാനത്തും ബിഎസ്‌പി മൂന്നാം സ്ഥാനത്തും.

റായ്ബറേലിയിൽ കോൺഗ്രസിന്റെ അദിതി സിങ് ജയിച്ചു. ബിഎസ്‌പി രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തും.

സരേണിയിൽ ബിജെപിയുടെ ധീരേന്ദ്ര ബഹാദൂർ സിങ് ആണു ജയിച്ചത്. ബിഎസ്‌പി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായി.

ഉൻചാഹറിൽ സമാജ് വാദി പാർട്ടിയുടെ മനോജ് കുമാർ പാണ്ഡേയാണു ജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തും ബിഎസ്‌പി മൂന്നാം സ്ഥാനത്തുമായി.

തിലോയിൽ ബിജെപിയുടെ മയങ്കേശ്വർ ശരൺ സിങ് ആണ് ജയിച്ചത്. ബിഎസ്‌പി രണ്ടാം സ്ഥാനത്തും കോൺഗ്രസ് മൂന്നാം സ്ഥാനത്തുമായി.

സാലോണിൽ ബിജെപിയുടെ ദാൽ ബഹാദൂർ ആണു വിജയിച്ചത്. കോൺഗ്രസ് രണ്ടാമതും ബിഎസ്‌പി മൂന്നാം സ്ഥാനത്തുമായി.

ജഗദീഷ്പുരിൽ ബിജെപിയുടെ സുരേഷ് കുമാർ ആണു ജയിച്ചത്. കോൺഗ്രസ് രണ്ടാമതും ബിഎസ്‌പി മൂന്നാമതുമായി.

ഗൗരിഗഞ്ചിൽ കോൺഗ്രസും എസ്‌പിയും തമ്മിൽ സഖ്യമില്ലായിരുന്നു. ഇരു പാർട്ടികളും ഇവിടെ മത്സരിച്ചു. എസ്‌പിയുടെ രാകേഷ് പ്രതാപ് സിങ് ആണ് ജയിച്ചത്. കോൺഗ്രസിന്റെ മുഹമ്മദ് നയിം രണ്ടാം സ്ഥാനത്തും ബിഎസ്‌പി മൂന്നാം സ്ഥാനത്തും ബിജെപി നാലാം സ്ഥാനത്തുമായി.

അമേഠിയിൽ ബിജെപിയുടെ ഗരിമ സിങ് ആണ് വിജയിച്ചത്. എസ്‌പി രണ്ടാം സ്ഥാനത്തും ബിഎസ്‌പി മൂന്നാം സ്ഥാനത്തും വന്നപ്പോൾ കോൺഗ്രസിനു നാലാം സ്ഥാനമായിരുന്നു.

2012 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഈ മണ്ഡലങ്ങൾ കോൺഗ്രസിനെ കൈവിടുന്ന ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയിരുന്നു. 2012ൽ റായ്ബറേലിയിൽ സംപൂജ്യരായ കോൺഗ്രസ് അമേഠിയിൽ രണ്ട് സീറ്റിലൊതുങ്ങിയിരുന്നു.

നെഹ്റു കുടുംബം സ്വകാര്യസ്വത്തുപോലെ കരുതുന്ന ഇരു മണ്ഡലങ്ങളിലെയും പരാജയം കോൺഗ്രസിനെ കുറച്ചൊന്നുമല്ല ഇരുത്തിച്ചിന്തിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ജനപ്രീതിയും രാഷ്ട്രീയ തന്ത്രങ്ങളുമായി മോദി-അമിത് ഷാ കൂട്ടുകെട്ട് ഇന്ത്യമുഴുവൻ പിടിച്ചെടുക്കാൻ പോകുന്നതിന്റെ തുടക്കമായി ഉത്തർപ്രദേശിലെ പരാജയത്തെ കോൺഗ്രസ് നേതാക്കൾ വിലയിരുത്താൻ തുടങ്ങിയിട്ടുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പുകളിൽ രണ്ട് തവണ മാത്രമാണ് അമേഠി കോൺഗ്രസിനെ കൈവിട്ടത്. ഒൻപത് തവണയാണ് ഇവിടെനിന്ന് നെഹ്റു കുടുംബം തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മൂന്നാം തവണയാണ് രാഹുൽ വിജയിച്ചത്. സോണിയ നാലാമതും തെരഞ്ഞെടുക്കപ്പെട്ട റായ്ബറേലിയിൽ ഇന്ദിരാ ഗാന്ധിയും ഭർത്താവ് ഫിറോസും വർഷങ്ങളോളം എംപിമാരായിട്ടുണ്ട്. വെറും എംപിമാരായിരുന്നില്ല ഇവരാരും. രാജ്യത്തിന്റെ ഭരണചക്രം തിരിച്ചവരോ പിന്നിൽ നിന്ന് നിയന്ത്രിച്ചവരോ ആയിരുന്നു.