പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന റോളണ്ട് ഗാരോസ് സ്റ്റേഡിയം കോംപ്ലക്സിൽ സ്പെയ്നിന്റെ ലോക മൂന്നാം നമ്പർ താരം റാഫേൽ നദാലിന്റെ പ്രതിമ സ്ഥാപിച്ചു.

സ്റ്റീലിൽ നിർമ്മിച്ചിരിക്കുന്ന പ്രതിമയ്ക്ക് മൂന്നു മീറ്റർ ഉയരമുണ്ട്. കളിമൺ കോർട്ടിലെ രാജാവ് എന്നറിയപ്പെടുന്ന നദാൽ 13 തവണ ഫ്രഞ്ച് ഓപ്പണിൽ ജേതാവായ താരമാണ്.

വ്യാഴാഴ്ച നദാലിനൊപ്പം ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ പ്രസിഡന്റ് ഗില്ലെസ് മോർട്ടൺ, ടൂർണമെന്റ് ഡയറക്ടർ ഗൈ ഫൊർഗറ്റ്, ശിൽപി ജോർഡി ഡയസ് ഫെർമാണ്ടസ് എന്നിവർ ചേർന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.

സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിന് തൊട്ടടുത്തായിട്ടാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.