മെൽബൺ: പുരുഷ ടെന്നിസിൽ ചരിത്രനേട്ടം സ്വന്തമാക്കി സ്പാനിഷ് താരം റാഫേൽ നദാൽ . ഏറ്റവും കൂടുതൽ ഗ്രാൻഡ്സ്ലാം കിരീടങ്ങളെന്ന നേട്ടം നദാലിന്റെ അക്കൗണ്ടിലായി. 20 കിരീടങ്ങളുമായി സ്വിറ്റ്‌സർലൻഡ് താരം റോജർ ഫെഡറർ, സെർബിയൻ താരം നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം ഇതുവരെ പങ്കുവച്ച റെക്കോർഡ്, 21ാം കിരീടവുമായി ഇനി റാഫേൽ നദാലിന് മാത്രം സ്വന്തം. ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്വദേവ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നദാലിന്റെ 21ാം ഗ്രാൻസ്ലാം കിരീടനേട്ടം.

 ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷം തിരിച്ചടിച്ചാണ് മുപ്പത്തഞ്ചുകാരനായ നദാൽ മെദ്വദേവിനെ വീഴ്‌ത്തിയത്. സ്‌കോർ: 2-6, 6-7, 6-4, 6-4, 7-5.മെദ്വദേവ് അനായാസം കിരീടം നേടുമെന്നിരിക്കെയായിരുന്നു നദാലിന്റെ തിരിച്ചുവരവ്. ആദ്യ രണ്ട് സെറ്റും മെദ്വദേവ് നേടിയിരുന്നു. 6-2 7-6 എന്ന സ്‌കോറിനായിരുന്നു മെദ്വദേവ് സെറ്റെടുത്തത്. എന്നാൽ നിർണായകമായ മൂന്നാം സെറ്റിൽ നദാൽ ഗംഭീര തിരിച്ചുവരവ് നടത്തി. 6-4ന് മൂന്നാം സെറ്റ് സ്വന്തമാക്കിയ നദാൽ നാലാം ഇതേ സ്‌കോറിന് കൈക്കലാക്കി. എന്നാൽ അഞ്ചാം സെറ്റിൽ തുടക്കത്തിൽ തന്നെ മെദ്വദേവിന് കാലിടറി. നദാൽ സെർവ് ബ്രേക്ക് ചെയ്തു.

എന്നാൽ അവസാന നിമിഷം റഷ്യൻ താരത്തിന്റെ തിരിച്ചുവരവ്. നദാൽ ചാംപ്യൻഷിപ്പിന് വേണ്ടി സെർവ് ചെയ്യുമ്പോൾ മെദ്വദേവ് ബ്രേക്ക് ചെയ്തു. അവസാന സെറ്റിൽ 5-5. എന്നാൽ മെദ്വദേവിനെ വീണ്ടും ബ്രേക്ക് ചെയ്ത് സ്‌കോർ 6-5ലേക്ക് ഉയർത്തി. സ്വന്തം സെർവിൽ നദാൽ ഒരു പിഴവും വരുത്തിയില്ല. 7-5ന് സെറ്റ് സ്വന്തമാക്കി.

ഇരുവരും തമ്മിൽ നടന്ന അഞ്ചാം മത്സരത്തിൽ നദാലിന്റെ നാലാം ജയമാണിത്. ഇതിനു മുൻപ് ഏറ്റുമുട്ടിയ 2019 യുഎസ് ഓപ്പൺ ഫൈനലിലും നദാൽ മെദ്വദേവിനെ തോൽപിച്ചിരുന്നു. ഈ സീസണിൽ തോൽവിയറിയാതെ നദാലിന്റെ 11ാം മത്സരമാണിത്.നൊവാക് ജോക്കോവിച്ചിന്റെ വാക്‌സീൻ വിവാദത്തിലൂടെ നിറം മങ്ങി തുടങ്ങിയ ഓസ്‌ട്രേലിയൻ ഓപ്പണിനാണ് ഇത്തവണ റാഫേൽ നദാലിന്റെ കിരീടനേട്ടത്തിലൂടെ ആവേശോജ്വല വിരാമമായത്. 29ാം ഗ്രാൻസ്‌ലാം ഫൈനലിൽ നിന്നാണ് നദാൽ റെക്കോർഡ് കുറിച്ച് 21ാം കിരീടമുയർത്തിയത്.

ഓസ്ട്രേലിയൻ ഓപ്പണിൽ നദാലിന്റെ രണ്ടാമത്തെ മാത്രം കിരീടമാണിത്. 2009ലാണ് നദാൽ അവസനായി ഓസ്ട്രേലിയൻ ഓപ്പൺ നേടയിത്. വിംബിൾഡൺ രണ്ട് തവണയും സ്വന്തമാക്കി. യുഎസ് ഓപ്പണിൽ നാല് തവണ കിരീടത്തിൽ മുത്തമിട്ടു. ബാക്കി 13 തവണയും ഫ്രഞ്ച് ഓപ്പണിലായിരുന്നു നദാലിന്റെ കിരീടനേട്ടം.