ന്യൂഡൽഹി: 2015ൽ ഫ്രാൻസ് സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച റഫാൽ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കേന്ദ്ര സർക്കാരിനെ വലിയ പ്രതിരോധത്തിലാക്കുകയാണ്. ഈ വിഷയത്തിൽ രാജ്യവ്യാപക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. അതിനിടെ യുദ്ധവിമാന നിർമ്മാണത്തിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡിനെ (എച്ച്എഎൽ) ഒഴിവാക്കി, സ്വകാര്യ സ്ഥാപനമായ റിലയൻസ് ഡിഫൻസ് ലിമിറ്റഡിന് 1.30 ലക്ഷം കോടി ലഭിക്കാൻ വഴിയൊരുങ്ങിയതിന് പിന്നിലെ ദുരൂഹതകൾക്ക് കേന്ദ്ര സർക്കാരിന് കൃത്യമായ മറുപടി പറയാനും കഴിയുന്നില്ല. ആരോപണങ്ങൾക്കും പ്രത്യാരോപണങ്ങൾക്കും കളമൊരുക്കി റഫാൽ പുതിയ രാഷ്ട്രീയ ആയുധമായി മാറുകയാണ്.

പ്രധാനമന്ത്രിയായശേഷം ഫ്രാൻസിലേക്കുള്ള ആദ്യ സന്ദർശനത്തിൽ പാരിസിൽ നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനമാണു റഫാൽ വിവാദത്തിന്റെ തുടക്കം. 2015 ഏപ്രിൽ പത്തിന് ആയിരുന്നു അത്. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 റഫാൽ യുദ്ധവിമാനങ്ങൾ വാങ്ങുമെന്നു മോദി അന്നു പ്രഖ്യാപിച്ചു.അതിന് 13 ദിവസം മുൻപ് ഇന്ത്യൻ പ്രതിരോധ മേഖലയിൽ എത്തിയ സ്വകാര്യ കമ്പനിയാണ് റിലയൻസ് ഡിഫൻസ് ലിമിറ്റഡ്. കേന്ദ്ര കോർപറേറ്റ് മന്ത്രാലയത്തിന്റെ പക്കലുള്ള രേഖകൾ പ്രകാരം അനിൽ അംബാനിയുടെ കീഴിലുള്ള റിലയൻസ് ഡിഫൻസ് ലിമിറ്റഡ് രൂപംകൊണ്ടതു 2015 മാർച്ച് 28ന്. ഈ കമ്പനിക്കാണ് റാഫേലിന്റെ ഗുണം ലഭിച്ചത്.

റിലയൻസിനെ പങ്കാളിയാക്കിയത് ഇന്ത്യയുടെ താത്പര്യപ്രകാരമാണെന്ന് ഫ്രഞ്ച് മുൻ പ്രസിഡന്റ് ഫ്രാൻസ്വാ ഒളോന്ദിന്റെ വെളിപ്പെടുത്തൽ പ്രശനത്തെ കൂടുതൽ സങ്കീർണ്ണമാക്കി. പിന്നീട് നിലപാട് മയപ്പെടുത്തി. ഇക്കാര്യത്തിൽ ദസോൾട്ടാണ് മറുപടി പറയേണ്ടതെന്നായിരുന്നു അദ്ദേഹം ഞായറാഴ്ച പറഞ്ഞത്. എന്നാൽ, തങ്ങളാണ് റിലയൻസിനെ പങ്കാളിയാക്കാൻ തീരുമാനിച്ചതെന്ന് ഒളോന്ദിന് മറുപടിയുമായി ദസോൾട്ട് തന്നെ രംഗത്തെത്തി. ഒളോന്ദിന്റെ പങ്കാളിയും നടിയുമായ ജൂലി ഗയേയുടെ റൂഷ് എന്റർടെയ്ന്മെന്റ് എന്ന സിനിമാക്കമ്പനിയുമായിച്ചേർന്ന് ഒരു സിനിമ നിർമ്മിക്കുന്നതിനുള്ള കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് എന്റർടെയ്ന്മെന്റ് ഒപ്പിട്ടു. 2016 ജനുവരി 24-നായിരുന്നു അത്. സെപ്റ്റംബറിൽ ഇന്ത്യയും ഫ്രാൻസും റഫാൽ കരാറിൽ ഒപ്പിട്ടു. സിനിമ റിലീസ് ചെയ്ത് എട്ടാഴ്ചയ്ക്കുശേഷം നാഗ്പുരിൽ പ്ലാന്റും സ്ഥാപിക്കപ്പെട്ടു. ഇതും സശയങ്ങൾക്ക് ഇടനൽകുന്നു.

പ്രതിരോധ സംഭരണച്ചട്ടം അനുസരിച്ച് പ്രതിരോധ ഇടപാടുകളുടെ ഭാഗമാകുന്ന സ്ഥാപനങ്ങൾക്ക് വേണ്ടത്ര പരിചയവും ശേഷിയും ഉണ്ടാകണം. കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം തുടങ്ങി ഒരു സ്ഥാപനത്തിന് എങ്ങനെ 'വേണ്ടത്ര പരിചയവും ശേഷിയും' ഉണ്ടാകുമെന്നതാണ് ഉയരുന്ന ചോദ്യം. എച്ച്.എ.എല്ലിന് റഫാൽ വിമാനങ്ങൾ നിർമ്മിക്കാനുള്ള ശേഷിയില്ലെന്നാണ് കേന്ദ്രവാദം. അപ്പോൾ അനിൽ അംബാനിക്ക് എന്തുണ്ടെന്ന ചോദ്യത്തിന് ഉത്തരവും ഇല്ല. പ്രധാനമന്ത്രി പ്രതിരോധസംഭരണ ചട്ടങ്ങൾ ലംഘിച്ചു. ചട്ടപ്രകാരം പ്രതിരോധമന്ത്രിയുടെ അധ്യക്ഷതയിൽ മൂന്ന് സേനാമേധാവികളുൾപ്പെടെ അംഗങ്ങളായ പ്രതിരോധ സംഭരണ കൗൺസിലിനുമാത്രമേ ആയുധങ്ങൾ വാങ്ങുന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. ഇതും റഫേലിൽ ലംഘിക്കപ്പെട്ടു. അതുകൊണ്ടാണ് അനിൽ അംബാനിയുടെ സാന്നിധ്യം റഫേലിനെ വിവാദത്തിലാക്കുന്നത്.

റഫാൽ വിമാന ഇടപാടുമായി ബന്ധപ്പെട്ടുള്ള 30,000 കോടി രൂപയുടെ ഓഫ്‌സെറ്റ് കരാർ റിലയൻസിനു കൈമാറാൻ ഡാസോ ഏവിയേഷൻ തീരുമാനിച്ചതിന് പിന്നിലെ ചില കാണാകരങ്ങളുടെ ഇടപെടൽ വ്യക്തമാണ്. ഇതാണ് അഴിമതി ആരോപണത്തിന് കാരണം. യുപിഎ സർക്കാരിന്റെകാലത്ത്, പൊതുമേഖലാ സ്ഥാപനമായ ബെംഗളൂരുവിലെ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡിനു (എച്ച്എഎൽ) കൈമാറാനിരുന്ന ഓഫ്‌സെറ്റ് കരാർ സ്വകാര്യ കമ്പനിയായ റിലയൻസിനു നൽകിയതാണ് മോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്തുന്നത്.

126 വിമാനങ്ങൾക്കായി തങ്ങൾ ഉറപ്പിച്ച ഇടപാടിനേക്കാൾ ഉയർന്ന തുകയ്ക്കു 36 എണ്ണം മാത്രം വാങ്ങാനും സ്വകാര്യ കമ്പനിയെ പങ്കാളിയാക്കാനുമുള്ള മോദിയുടെ തീരുമാനത്തിനു പിന്നിൽ കോടികളുടെ ക്രമക്കേടുണ്ടെന്നും 'കള്ളൻതന്നെയാണു രാജ്യത്തിന്റെ കാവൽക്കാരനെ'ന്നും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആരോപിച്ചു. ഇതിനെ പ്രതിരോധിക്കാനുള്ള ബിജെപി ശ്രമങ്ങൾ ഫലം കണ്ടുമില്ല. ഇതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ റഫാൽ ഏറ്റവും വലിയ ചർച്ചയായി മാറും

മുകേഷ് അംബാനിയെ വെട്ടി അനുജൻ നേടിയ കരാർ

കരാറിൽ അനിൽ അംബാനിയെ പങ്കാളിയായത് ചേട്ടൻ മുകേഷ് അംബാനിയെ പോലും അവഗണിച്ചാണ് എന്നതാണ് വസ്തുത. എച്ച് എ എൽ ,ടാറ്റ , എൽ എൻഡ് ടി ,ഭാരത് ഇലക്ടോണിക്സ് പോലെ പടുകൂറ്റൻ കമ്പനികളെ ഒഴിവാക്കിയാണ് ഒരു പരിചയവുമില്ലാത്ത അനിൽ അംബാനിയെ കരാറിന്റെ ഭാഗമാക്കിയത്. 2007 ഇൽ എടുത്ത തീരുമാനപ്രകാരം യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യ തീരുമാനിച്ചു. അതിൽ സ്വദേശി പങ്കാളി വേണമെന്നും തീരുമാനിച്ചിരുന്നു. ടാറ്റ ഗ്രൂപ് അമേരിക്കൻ കമ്പനിയും ലോകത്തിലെ ഏറ്റവും മികച്ച യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ലോക്ഹെഡ് മാർട്ടിനുമായി ധാരണക്ക് ശ്രമിക്കുന്നു.

2011 ഇൽ ഡിഫെൻസ് കരാറിൽ ഏർപ്പെട്ട ഡസോൾട് ചർച്ച തുടങ്ങിയത് ,മുകേഷിന്റെ റിലൈൻസ് ഐറോസ്‌പേസ് ടെക്നോളജീസ് ,എന്ന കമ്പനിയുമായാണ് .അന്ന് മുകളിൽ പറഞ്ഞവരെല്ലാം മുൻ നിരയിൽ ഉണ്ടായിരുന്നു. എന്നാൽ മോദിയുടെ കാലത്തെ കരാറിൽ എത്തിയത് 2015 മാർച്ച് 28 നു മാത്രം പിറവിയെടുത്ത കടലാസ്സ് കമ്പനിയായ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസും. മുകേഷ് അംബാനിയുമായി ഡസോൾട് നടത്തിയ സാധ്യതാ പഠനം മറികടന്നാണ് അനിലിന് വേണ്ടി ചരട് വലി നടന്നത്. തുടർന്നാണ് ടെക്നോളജി ട്രാൻസ്ഫറുടെയുള്ള 126 വിമാനകരാർ റദ്ദു ചെയ്തു 36 ഓഫ് ദി ഷെൽഫ് കരാർ ആയതെന്നാണ് വിമർശനം. അനിൽ അംബാനിയുടെ പുതിയ കമ്പനി ഒരു കടലാസ്സ് വിമാനം പോലും കയ്യിലില്ലാത്ത യാതൊരു മാനുഫാക്ച്ചറിങ് ബെയ്സോ ഒന്നുമില്ലാത്ത കമ്പനിയാണ്.

ഡൽഹി മെട്രോയിൽ വിവാദത്തിൽ പെട്ട് ബ്ലാക്ക് ലിസ്റ്റ് ചെയ്യപ്പെട്ട റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ എന്ന കമ്പനിയുടെ സബ്‌സിഡിയറിയുമായിരുന്നു അത്. ആ കമ്പനി ബാങ്കുകളുടെ കിട്ടാക്കട ലിസ്റ്റിൽ ഉള്ളതുമാണ്. അതുകൊണ്ട് കൂടിയാണ് റാഫേലിൽ മോദി സർക്കാർ പ്രതിരോധത്തിലാകുന്നത്. മുകേഷ് അംബാനിക്ക് പോലും കരാറിൽ നിന്ന് പിന്മാറാൻ ഏറെ സമ്മർദ്ദങ്ങൾ നേരിടേണ്ടി വന്നുവെന്നും സൂചനകളുണ്ട്. .മനോഹർ പരീക്കറിനെ മാറ്റി നിർമല സീതാരാമനെ പ്രതിരോധ മന്ത്രിയാക്കിയതിന് പിന്നിലെ റഫേലാണെന്ന വിമർശനവും സജീവമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ ആയുധ കരാറിൽ ഏർപ്പെടുമ്പോൾ ഇന്ത്യയിലെ ബാങ്കുകൾ പറയുന്നതിന് കേന്ദ്ര സർക്കാർ വില നൽകിയതുമില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുകയാണ്.

കാലാവധി കഴിഞ്ഞ ജെറ്റ് വിമാനങ്ങൾ വ്യോമസേനയിൽനിന്ന് മാറ്റണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് സേന ആവശ്യപ്പെട്ട മീഡിയം മൾട്ടിറോൾ പോർവിമാനത്തിൽപ്പെടുന്ന റഫാൽ വാങ്ങാൻ 2012-ൽ യു.പി.എ. സർക്കാർ തയ്യാറാകുന്നത്. അമേരിക്കയുടെ എഫ്.-16, എഫ്.-18, റഷ്യയുടെ മിഗ്-35, സ്വീഡന്റെ ഗ്രിപെൻ, യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്തസംരംഭമായ യൂറോഫൈറ്ററിന്റെ ടൈഫൂൺ എന്നീ യുദ്ധവിമാനങ്ങളുമായുള്ള മത്സരത്തെ അതിജീവിച്ചായിരുന്നു ഇത്. അത്യാധുനിക ആയുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനങ്ങളാണ് റഫാൽ. ഫ്രഞ്ച് കമ്പനിയായ ദസോൾട്ട് ഏവിയേഷനാണ് ഇതിന്റെ നിർമ്മാതാക്കൾ. നിലവിൽ ഫ്രഞ്ച് വ്യോമ-നാവിക സേനകളും ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളിലെ വ്യോമസേനകളുമാണ് റഫാൽ ഉപയോഗിക്കുന്നത്. ദ്വിവൈമാനിക റഫാൽ വിമാനങ്ങൾ. നീളം 15.27 മീറ്റർ. മണിക്കൂറിൽ 1912 കിലോമീറ്റർ വേഗം.

ഒറ്റപ്പറക്കലിൽ 3700 കിലോമീറ്റർവരെ പറക്കാൻ കഴിയുന്ന വിമാനത്തിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്. എയർ ടു എയർ, എയർ ടു ഗ്രൗണ്ട്, എയർ ടു സർഫസ് എന്നിങ്ങനെ ത്രിതല മിസൈൽശേഷിയുമുണ്ട്. അസ്ത്ര, സുദർശൻ ബോംബുകൾ, എ.ഇ.എസ്.എ. റഡാർ, പൈത്തൺ അഞ്ച്, ഇസ്രയേലിന്റെ ഡെർബി മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സംവിധാനങ്ങളുണ്ടാകും. രാത്രിയും പകലും ഒരുപോലെ ആക്രമണം നടത്താനും ശേഷി.

കരാറിലും സർവ്വത്ര ദുരൂഹത

ഒന്നാം യു.പി.എ. സർക്കാരിന്റെകാലത്ത് റഫാൽ വിമാനങ്ങൾ വാങ്ങാൻ ആലോചന തുടങ്ങി. രണ്ടാം യു.പി.എ. സർക്കാരിന്റെ കാലത്ത് ദസോൾട്ടുമായി 126 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള ചർച്ചകൾ അവസാനഘട്ടം വരെയെത്തുന്നു. കരാറായില്ല. അന്നത്തെ ചർച്ചകളിൽ ഒരു വിമാനത്തിന്റെ അടിസ്ഥാനവില 526 കോടി രൂപയായിരുന്നു. പരിപാലനം, ആയുധങ്ങൾ, വ്യോമസേനയുടെ ആവശ്യപ്രകാരമുള്ള സാങ്കേതിക വ്യതിയാനങ്ങൾ എന്നിവ ഒഴികെയാണിത്. 18 വിമാനങ്ങൾ വാങ്ങും. 108 എണ്ണം സാങ്കേതികവിദ്യാ കൈമാറ്റക്കരാർപ്രകാരം പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ ഏറോനോട്ടിക്‌സ് ലിമിറ്റഡിന്റെ (എച്ച്.എ.എൽ.) ബെംഗളൂരുവിലെ പ്ലാന്റിൽ നിർമ്മിക്കുമെന്നുമായിരുന്നു ധാരണ.

എൻ.ഡി.എ. വന്നപ്പോൾ 126 എന്നത് 36 ആക്കി കുറച്ചുകൊണ്ട് മോദിസർക്കാർ റഫാൽ കരാർ യാഥാർഥ്യമാക്കുന്നു. ദസോൾട്ടിൽനിന്ന് സാങ്കേതികവിദ്യ വാങ്ങി മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി ഇത് ഇന്ത്യയിൽ നിർമ്മിക്കാനാണ് കരാറിലൂടെ എൻഡിഎ ശ്രമിച്ചത്. വിമാനത്തിന്റെ അടിസ്ഥാനവില 670 കോടി രൂപയായും നിശ്ചയിച്ചു. സാങ്കേതികവിദ്യയടക്കം ഉപയോഗിച്ച് പൂർണസജ്ജമായ വിമാനത്തിന് 1611 കോടി രൂപ. 36 വിമാനങ്ങൾക്ക് നൽകേണ്ടത് 58,000 കോടി രൂപ. അതിൽ 15 ശതമാനം ഇന്ത്യ മുൻകൂറായി നൽകി. ഇതിന്റെ ഭാഗമായി ലഭിക്കുന്ന തുകയുടെ 30 ശതമാനം ഫ്രാൻസ് ഇന്ത്യയുടെ സൈനിക-വിമാന ഗവേഷണപ്രവർത്തനങ്ങൾക്കും 20 ശതമാനം റഫാലിന്റെ മറ്റു ഭാഗങ്ങളുടെ ഉത്പാദനത്തിനായും നിക്ഷേപിക്കും.

മോദിയുടെ കരാറിൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞിട്ടും വിലയിൽ മൂന്നുമടങ്ങിന്റെ വർധനയുണ്ടായെന്നാണഅ കോൺഗ്രസ് പറയുന്നത്. എച്ച്.എ.എല്ലിനെ ഒഴിവാക്കി, കരാർ പ്രഖ്യാപിക്കുന്നതിന് 12 ദിവസം മുമ്പുമാത്രം ഉണ്ടാക്കിയ റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് മോദിയുടെ താത്പര്യമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. സർക്കാർ എച്ച്.എ.എല്ലിനെ അപകീർത്തിപ്പെടുത്തുന്നുവെന്നും കുറ്റപ്പെടുത്തുന്നു. എന്നാൽ സാങ്കേതികവിദ്യ കൈമാറാനുള്ള വ്യവസ്ഥ മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്നില്ലെന്ന് കേന്ദ്ര സർക്കാർ മറുപടി പറയുന്നു. കൂടാതെ ആയുധങ്ങൾ, ലോകത്തെ ഏറ്റവും അത്യാധുനികം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മീറ്റീർ മിസൈൽ എന്നിവ ഘടിപ്പിക്കാനുള്ള സൗകര്യം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ളതാണ് പുതിയ വില.

ദസോൾട്ട്, അതിന്റെ പങ്കാളികളായ സഫ്രാൻ (എൻജിൻ നിർമ്മാതാക്കൾ), താൽസ് (ഇലക്ട്രോണിക് സിസ്റ്റംസ് നിർമ്മാതാവ്) എന്നിവർ പ്രതിരോധ ആയുധം വാങ്ങൽ നയത്തിന്റെ ഭാഗമായി ഇന്ത്യയ്ക്ക് സാങ്കേതികവിദ്യകൾ കൈമാറുമെന്നും പറയുന്നു. അപ്പോഴും അംബാനിയെ കുറിച്ച് വ്യക്തമായ ഉത്തരമില്ല. റിലയൻസ് ഡിഫൻസിനെ പങ്കാളിയാക്കിയത് ദസോൾട്ടാണ്. സർക്കാരിന് അതിൽ പങ്കില്ലെന്ന വാചകത്തിൽ ആരോപണങ്ങളെ നേരിടുകയാണ് ബിജെപിയും കേന്ദ്ര സർക്കാരും.