ന്യൂഡൽഹി: റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങിയതിൽ അഴിമതി നടന്നതായി തെളിഞ്ഞിട്ടില്ലെന്നും ഇടപാടിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും സുപ്രീം കോടതി വിധി വന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കിനി തലയുയർത്തി നടക്കാം. തെരഞ്ഞെടുപ്പു ഫലം പ്രതികൂലമായി വന്നതിനു പിന്നാലെ റാഫേൽ ഇടപാടിൽ സർക്കാരിന് അനുകൂല വിധി വന്നത് പാർട്ടി കേന്ദ്രങ്ങളിലും തെല്ലാശ്വാസത്തിന് വക നൽകിയിട്ടുണ്ട്. ഇതോടെ ആയുധ ഇടപാടിൽ സംശയത്തിന്റെ കരിനിഴലിൽ നിന്നിരുന്ന മോദിക്ക് ഇതോടെ ക്ലീൻ ചിറ്റ് ലഭിച്ചു കഴിഞ്ഞു.

എന്താണ് റാഫേൽ ഇടപാട്
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു 36 വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ അഴിമതി നടന്നുവെന്ന ആരോപണവുമായി കോൺഗ്രസാണ് മോദിക്കെതിരേ രംഗത്തിറങ്ങിയത്. മിഗ് വിമാനങ്ങൾ തകർന്നടിയുന്നതും മിറാഷ് 200 യുദ്ധ വിമാനങ്ങൾക്ക് പ്രായമേറുകയും ചെയ്ത സാഹചര്യത്തിലാണ് വിദേശത്തുനിന്നും പോർവിമാനങ്ങൾ വാങ്ങാൻ 2007 ൽ യുപിഎ സർക്കാർ തീരുമാനിക്കുന്നത്. 31 സ്‌ക്വാഡ്രൺ (ഒരു സ്‌ക്വാഡ്രൺ 18 വിമാനങ്ങളാണ്) വിമാനങ്ങൾ മാത്രമാണ് ഇന്ത്യൻ എയർഫോഴ്‌സിനുള്ളത്. ഇത് 45 എങ്കിലും ആക്കി ഉയർത്തണമെന്ന് എയർഫോഴ്‌സിന്റെ ആവശ്യം പരിഗണിച്ചാണ് പോർവിമാനങ്ങൾ വാങ്ങാൻ തീരുമാനമാകുന്നത്. ഇതിന്റെ ഭാഗമായാണ് ഏഴ് സ്‌ക്വാഡ്രൺ അഥവാ 126 യുദ്ധ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതും ആഗോള ടെൻഡർ ക്ഷണിച്ചതും.

അമേരിക്കയിലെ ലോക്ക്ഹീഡ് മാർടിൻ, ബോയിങ്ങ്, റഷ്യയിലെ മിഗ് 18, സ്വീഡനിലെ സാബ് ഗ്രിപെൻ, യുറോഫൈറ്റർ ടൈഫൂൺ, ഫ്രാൻസിലെ ദാസ്സോ റാഫേൽ തുടങ്ങിയ കമ്പനികൾ ടെൻഡർ നൽകുകയും അവസാനം ദാസ്സോ ഏവിയേഷന് കരാർ നൽകാൻ തീരുമാനിക്കുകയും ചെയ്തു.

ദാസ്സോയുമായി കമ്പനിയുമായി 2012 ലാണ് കരാർ ഒപ്പുവെക്കുന്നത്. ഇതനുസരിച്ച് 18 വിമാനങ്ങൾ കമ്പനി പൂർണമായും നിർമ്മിച്ച് നൽകും. ബാക്കി 108 വിമാനങ്ങൾ ബംഗ്‌ളൂരുവിലെ പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്ക്‌സ് ലിമിറ്റഡുമായി(എച്ച്എഎൽ) ചേർന്ന് സംയുക്തമായി നിർമ്മിക്കും. വിമാന നിർമ്മാണത്തിന്റെ സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറാനും ഇതിൽ ധാരണയായിരുന്നു.

അന്ന് 1020 കോടി ഡോളാറിന്റേതാണ് കരാർ. ഏകദേശം 54000 കോടി രൂപയുടേത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2014 മാർച്ചിൽ ദാസ്സോയും എച്ച് എ എല്ലും വർക്ക് ഷെയർ കരാറും ഒപ്പിട്ടു. മോദി സർക്കാർ അധികാരമേറി ഒരു വർഷം കഴിഞ്ഞപ്പോഴാണ് ഈ കരാർ തകിടം മറിഞ്ഞത്. 2015 ഏപ്രിൽ 10 നാണ് മോദി പാരീസ് സന്ദർശിച്ചപ്പോൾ റാഫേൽ ചർച്ചകൾക്ക് വീണ്ടും ജീവൻ വച്ചത്. യാതൊരു അറിയിപ്പും മുൻകൂട്ടി നൽകാതെ ഫ്രാൻസ് സന്ദർശനവേളയിൽ ഇന്ത്യ 36 റാഫേൽ വിമാനങ്ങൾ വാങ്ങാൻ തീരുമാനിച്ചതായി പ്രധാനമന്ത്രി അറിയിക്കുകയായിരുന്നു. പോർവിമാന നിർമ്മാണത്തിൽ മുൻപരിചയമില്ലാത്ത അനിൽ അംബാനിയുടെ കമ്പനിയെ കരാറിൽ പങ്കാളിയാക്കുകയും ചെയ്തതോടെ മോദിക്കു നേരെ സംശയത്തിന്റെ നിഴൽ പടരുകയായിരുന്നു. 2016 സെപ്റ്റംബർ 23 ന് പുതിയ കരാർ ഒപ്പുവെച്ചു. കൃത്യം പത്ത് ദിവസത്തിന് ശേഷം ദാസ്സോ ഏവിയേഷൻസും റിലയൻസ് ഏയ്‌റോസ്‌പേസും ചേർന്ന് സംയുക്ത സംരഭത്തിനും തുടക്കമിട്ടു. കരാറനുസരിച്ച് കരാർ തുകയുടെ പകുതിയോളം വരുന്ന നിർമ്മാണ പ്രവൃത്തികൾ (30000 കോടി രൂപയോളം വരുന്ന തുകയുടെ) ഈ സംയുക്ത സംരംഭമാണ് ഏറ്റെടുത്തുനടത്തുക. വിമാനങ്ങളുടെ ഘടന, ഇലക്ട്രോണിക്ക് സംവിധാനം, എൻജിൻ തുടങ്ങിയവയായിരിക്കും നിർമ്മിക്കുക. അന്നത്തെ പ്രതിരോധ മന്ത്രി മനോഹർ പരീക്കറെ പോലും ഇരുട്ടിൽ നിർത്തിയായിരുന്നു പുതിയ കരാറുറപ്പിച്ചത്.

റാഫേൽ ഇടപാടിന്റെ പേരിൽ ഒട്ടേറെ രാഷ്ട്രീയ വിമർശനങ്ങൾക്ക് ഇരയാകേണ്ടി വന്ന മോദിയെ വീണ്ടും പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു ഫ്രാൻസ് ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിനു ലഭിച്ച പരാതി. റഫേൽ കരാർ സംബന്ധിച്ച് വിശദമായ അന്വേഷണമാവശ്യപ്പെട്ടാണ് ഫ്രാൻസ് ഫിനാൻഷ്യൽ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസിന് ഷെർപ എന്ന എൻജിഒ പരാതി നൽകിയത്. ഫ്രാൻസിൽ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പ്രവർത്തിക്കുന്ന എൻജിഒ ആണ് ഷെർപ.

ജെറ്റ് നിർമ്മാണ കമ്പനിയായ ദാസ്സോ ഇന്ത്യയുമായി നടത്തിയ റഫേൽ ജെറ്റുകളുടെ കരാറിന്റെ വിശദാംശങ്ങളും അംബാനിയെ ഇടനിലക്കാരനാക്കിയ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങളും ആവശ്യപ്പെട്ടാണ് പരാതി. അഴിമതി നടന്നിരിക്കാനുള്ള സാധ്യത, അർഹതപ്പെടാത്തവർക്ക് ആനുകൂല്യം നൽകൽ, സ്വാധീനത്തിന് വഴങ്ങിയുള്ള കച്ചവടം തുടങ്ങിയ ആരോപണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷയെന്ന് എൻജിഒ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.

മോദി സർക്കാരിന്റെ കാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു റാഫേൽ ഇടപാട്. രാജീവ് ഗാന്ധിയെ വീഴ്‌ത്തിയ ബോഫോഴ്സ് അഴിമതിയായി ഇതിനേയും താരതമ്യപ്പെടുത്തിയിരുന്നു. ഇന്ത്യൻ പ്രതിരോധ സേനയിൽ ആയുധങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതിയെ തുടർന്ന് രാജീവ് ഗാന്ധിക്ക് അധികാരം നഷ്ടപ്പെടുന്ന സാഹചര്യം വരെയുണ്ടായി.

റാഫേലിന്റെ പേരിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയിൽ നിന്ന് ഒട്ടേറെ ആരോപണങ്ങളാണ് പലപ്പോഴും മോദിക്ക് നേരിടേണ്ടി വന്നതും. രാഹുൽ ഗാന്ധി തന്നെ നേരിട്ട് രംഗത്തിറങ്ങി റാഫേലിന്റെ പേരിൽ സർക്കാരിന്റെ ആക്രമിക്കാൻ മുന്നിട്ടു നിൽക്കുകയും ചെയ്തിരുന്നു. ആരോപണങ്ങൾ ഓരോന്നായി വന്നപ്പോഴും മോദി അവയ്ക്ക് മറുപടി നൽകാതെ മൗനം പാലിക്കുകയായിരുന്നു. പാർലമെന്റിൽ ഒരിക്കൽ രാഹുൽ നേരിട്ടു നടത്തിയ ആക്രമണത്തിലും മോദി മൗനം വെടിഞ്ഞിരുന്നില്ല. എന്നാൽ അവയ്ക്കെല്ലാം ഒറ്റവാക്കിൽ നൽകാവുന്ന ഉത്തരവാണ് സുപ്രീം കോടതി വിധിയിലൂടെ പുറത്തായിരിക്കുന്നത്.

അടുത്ത തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അഭിമാനത്തോടെ ഉയർത്തിപ്പിടിക്കാവുന്ന വിഷയമായി റാഫേൽ. ബിജെപിയെ പ്രതിരോധിക്കാൻ റാഫേൽ ഒരായുധമായി കൊണ്ടുനടന്ന കോൺഗ്രസിന് ഇപ്പോൾ മുനയൊടിഞ്ഞ അവസ്ഥയാണ്. ഇതുവരെ പ്രതിരോധത്തിലായിരുന്ന ബിജെപി കുറ്റവിമുക്തരായതിനാൽ കൂടുതൽ കരുത്തോടെ പ്രതിപക്ഷത്തെ നേരിടും.