ന്യൂഡൽഹി: റഫാൽ ഇടപാടിൽ അഴിമതി ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ ഫ്രാൻസിൽ അന്വേഷണം നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. 'കള്ളത്താടി' എന്ന അടിക്കുറിപ്പോടെ താടിയുള്ള ഒരു പകുതിമുഖവും താടിയുടെ അറ്റത്ത് ഒരു ചെറു ജെറ്റ്‌വിമാനം തൂങ്ങിക്കിടക്കുന്നതുമായ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് മോദിക്കെതിരെ രാഹുലിന്റെ പരിഹാസം

ഫ്രഞ്ച് വിമാനനിർമ്മാണക്കമ്പനിയായ ദസോ ഏവിയേഷനും ഇന്ത്യാ സർക്കാരും തമ്മിൽ ദസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള 56,000 കോടിരൂപയുടെ കരാറിലാണ് അഴിമതി ആരോപണം ഉയർന്നിരിക്കുന്നത്. എന്നാൽ കരാറിൽ വൻ അഴിമതി നടന്നുവെന്ന് കോൺഗ്രസ് തുടക്കം മുതൽക്ക് കുറ്റപ്പെടുത്തിയിരുന്നു

 

 
 
 
View this post on Instagram

A post shared by Rahul Gandhi (@rahulgandhi)

ഇടപാടിലെ അഴിമതിയെ കുറിച്ച് ഫ്രാൻസ് ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചതിനെ തുടർന്ന് ഒരു സംയുക്ത പാർലമെന്ററി സമിതിയെ അന്വേഷണത്തിന് നിയമിക്കണമെന്ന് കോൺഗ്രസ് ശനിയാഴ്ച ആവശ്യപ്പെടുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് ബിജെപി ഐടി വിഭാഗത്തിന്റെ ചുമതലയുള്ള അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചു. 2019 വരെ നിലവാരമുള്ള കുറ്റപ്പെടുത്തലുകളുമായി എത്തിയ രാഹുൽ ഗാന്ധി ഇപ്പോൾ ഏറെ തരം താണിരിക്കുന്നതായും ഇന്ത്യയിലൂടനീളമുള്ള ജനങ്ങൾ രാഹുലിനെ നിരാകരിച്ചിട്ടും റഫേൽ ഇടപാടിനെ മുൻനിർത്തി 2024 ലെ തിരഞ്ഞെടുപ്പിലേക്ക് രാഹുലിനെ സ്വാഗതം ചെയ്യുകയാണെന്നും അമിത് മാളവ്യ ട്വീറ്റിൽ കുറിച്ചു

ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചെന്ന വാർത്തകൾക്ക് പിന്നാലെയാണ് കോൺഗ്രസ് അന്വേഷണം ആവശ്യപ്പെട്ടത്. ഫ്രഞ്ച് പ്രോസിക്യൂഷൻ സർവീസിന്റെ ഫിനാൻഷ്യൽ ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്.

'റഫാൽ അഴിമതി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നു. സംയുക്ത പാർലമെന്ററി സമിതി റഫാൽ അഴിമതി അന്വേഷിക്കണം. രാഹുൽ ഗാന്ധിയും കോൺഗ്രസും പറഞ്ഞത് ഇപ്പോൾ തെളിയിക്കപ്പെട്ടിരിക്കുകയാണ്,' കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

റഫാൽ അഴിമതി രാജ്യ സുരക്ഷയുമായി ബന്ധപ്പട്ട വിഷയമാണിതെന്നും ഇതിൽ പ്രധാനമന്ത്രി രാജ്യത്തോട് ഉത്തരം പറയേണ്ടതുണ്ടെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.