- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഫാൽ കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി വൻ തുക നൽകിയെന്ന വെളിപ്പെടുത്തൽ: പൊതുതാത്പര്യ ഹർജിയിൽ സുപ്രീം കോടതി രണ്ടാഴ്ച കഴിഞ്ഞ് വാദം കേൾക്കും
ന്യൂഡൽഹി: റഫാൽ യുദ്ധവിമാന കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ സമർപ്പിച്ച പൊതുതാത്പര്യ ഹർജി രണ്ടാഴ്ച കഴിഞ്ഞ് സുപ്രീം കോടതി പരിഗണിക്കും. ഹർജി ഫയലിൽ സ്വീകരിക്കാൻ അഭിഭാഷകൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് രണ്ടാഴ്ചയ്ക്കകം കോടതി കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അറിയിച്ചു.
റഫാൽ കരാറിൽ ഇന്ത്യയിലെ ഇടനിലക്കാരന് ദസ്സോ കമ്പനി ഒരു മില്യൺ യൂറോ സമ്മാനമായി നൽകിയെന്ന് റിപ്പോർട്ട്. ഫ്രഞ്ച് മാധ്യമമായ മീഡിയപാർട്ടാണ് റഫാൽ ഇടപാട് സംബന്ധിച്ച നിർണായകവിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
2016-ൽ റഫാൽ കരാർ ഉറപ്പിച്ചതിന് പിന്നാലെ ദസ്സോയുടെ സബ് കോൺട്രാക്ടറായ ഡെഫിസിസ് സൊലൂഷൻസ് എന്ന ഇന്ത്യൻ കമ്പനിക്ക് 10,17,850 യൂറോ(ഏകദേശം 8.77 കോടി രൂപ) നൽകിയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റഫാൽ വിമാനങ്ങളുടെ 50 പകർപ്പുകൾ നിർമ്മിക്കാനാണ് ഈ പണം ചെലവഴിച്ചതെന്നാണ് ദസ്സോയുടെ വിശദീകരണമെങ്കിലും ഇത് സാധൂകരിക്കുന്ന തെളിവുകളോ മറ്റോ ദസ്സോയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ലെന്നാണ് റിപ്പോർട്ടിലുള്ളത്.
റഫാൽ യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്ന ദസ്സോ കമ്പനിയിൽ നടന്ന ഓഡിറ്റിൽ ഒട്ടേറെ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് റിപ്പോർട്ടിൽ പറയുന്നത്. ഫ്രാൻസിലെ അഴിമതി വിരുദ്ധ ഏജൻസിയായ ഏജൻസെ ഫ്രാൻസൈസ് ആന്റികറപ്ഷൻ(എഎഫ്എ) കമ്പനിയിൽ നടത്തിയ ഓഡിറ്റിലാണ് ഈ ക്രമക്കേടുകൾ കണ്ടെത്തിയത്.
2017-ലെ അക്കൗണ്ടിൽ 'ഇടപാടുകാർക്കുള്ള സമ്മാന'മായി ഏകദേശം 5,08,925 യൂറോ കമ്പനി ചെലവഴിച്ചു. ഈ പണം റഫാൽ വിമാനങ്ങളുടെ പകർപ്പ് നിർമ്മിച്ചതിന് ചെലവഴിച്ചെന്നാണ് കമ്പനിയുടെ വിശദീകരണം. പക്ഷേ, ഇതിന്റെ തെളിവുകളും ദസ്സോയ്ക്ക് ഹാജരാക്കാനായില്ല.
ഇന്ത്യയിലെ വിവാദ വ്യവസായിയായ സുഷേൻ ഗുപ്തയുമായി ബന്ധപ്പെട്ട കമ്പനിയാണ് ഡെഫ്സിസ് സൊലൂഷൻസ്. നേരത്തെ അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി കേസിൽ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്ത വ്യക്തിയാണ് സുഷേൻ ഗുപ്ത.
ന്യൂസ് ഡെസ്ക്