ആലുവ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകരാണ് മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും. റഫീക്കാക്കകട്ടെ ചെറുപ്പത്തിലേ ആർ.എസ്.എസ് ശാഖയിലും പോയിരുന്നയാൾ. ഇക്കുറി എടത്തല പഞ്ചായത്തിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചപ്പോൾ ബിജെപി ഇരുവരെയും ഒപ്പം കൂട്ടി.അങ്ങിനെ എടത്തല പഞ്ചായത്തിൽ മലയിപ്പിള്ളി കുന്നുംപുറത്ത് ആഷിക്ക് മൻസിലിൽ മുഹമ്മദ് റഫീക്കും ഭാര്യ സുഫീറയും സ്ഥാനാർത്ഥികളായി.

ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള പഞ്ചായത്താണ് എടത്തല.ഭരണം പിടിക്കാൻ വരെ സാധ്യതയുണ്ടെന്ന് അവർ അവകാശപ്പെടുന്ന പഞ്ചായത്ത്. മൂന്നാം വാർഡിൽ സുഫീറയും നാലാം വാർഡിൽ മുഹമ്മദ് റഫീക്കും ജനവിധി തേടുന്നു.ഇരുവരും നേരത്തേ തന്നെ ബിജെപി അംഗങ്ങളാണ്. ന്യൂനപക്ഷ മോർച്ചയുടെ ആലുവ മണ്ഡലം സെക്രട്ടറി പദവിയും റഫീക്ക് വഹിച്ചിട്ടുണ്ട്.

ഇപ്പോൾ മോർച്ചയുടെ എടത്തല പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്. ടൈൽ പണിക്കാരനാണ്.40 വർഷം മുമ്പ് കണ്ണൂർ ആയ്ക്കരയിൽ നിന്നും എടത്തലയിലെത്തിയതാണ് റഫീക്കിന്റെ പിതാവ്. സമീപത്തെ ചെരുപ്പ് നിർമ്മാണ കമ്പനിയിലായിരുന്നു പിതാവ് മുഹമ്മദ് കുഞ്ഞിന് ജോലി. ആറ് വർഷം മുമ്പ് അദ്ദേഹം മരിച്ചു.