- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിതാവ് ഉപേക്ഷിച്ചുപോയ കുടുംബം; അമ്മ മറ്റൊരു വിവാഹവും കഴിച്ചു; മകൻ ഉത്സവ പറമ്പിലെത്തി പ്രണയ ചതിയിൽ പെൺകുട്ടികളെ വീഴ്ത്തുന്ന വിരുതൻ; പ്രണയം നടിച്ച് സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച റാഫിക്ക് വിനയായതും സോഷ്യൽ മീഡിയാ കരുത്ത്; ബസ് ഡ്രൈവർ റാഫിയെ കുടുക്കിയത് ഇങ്ങനെ
കണ്ണൂർ: കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ ആലക്കോട്പ്രണയം നടിച്ച് സഹോദരിമാരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ കുടുക്കിയത് ബസ് ജീവനക്കാരുടെ സമയോചിത ഇടപെടൽ. സോഷ്യൽ മീഡിയയുടെ കരുത്താണ് ഇതിന് തുണയായത്. തട്ടിക്കൊണ്ടു പോകൽ നടക്കുന്നുവെന്ന അറിഞ്ഞ് ബസ് ഡ്രൈവർ ബുദ്ധിപരമായി നീങ്ങിയതാണ് നിർണ്ണായകമായത്.
തടിക്കടവ് സ്വദേശിയായ വെട്ടുകല്ലുമുറിയിൽ റാഫി (19) യാണ് അറസ്റ്റിലായത്. ആലക്കോട് നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് സഹോദരിമാരെ കഴിഞ്ഞദിവസം ദുരൂഹസാഹചര്യത്തിൽ കാണാതായിരുന്നു. ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന പതിനാലും പതിനാറും വയസുള്ള പെൺകുട്ടികളെയാണ് കഴിഞ്ഞദിവസം കാണാതായത്. തിങ്കളാഴ്ച ഉച്ചയോടെ കാണാതായ പെൺകുട്ടികളെ യാത്രയ്ക്കിടയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു.
പെൺകുട്ടികളുടെ തിരോധാനം സംബന്ധിച്ച് ഫോട്ടോ സോഷ്യൽ മീഡിയ വഴി പ്രചരിച്ചതോടെ ഇക്കാര്യം പെൺകുട്ടികൾ സഞ്ചരിച്ച ബസിലെ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയും ബസ് നേരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. പെൺകുട്ടികൾ ആലക്കോടുനിന്ന് തളിപ്പറമ്പിലേക്കും തുടർന്ന് കണ്ണൂരിൽനിന്ന് കോഴിക്കോട്ടേക്കും പോയി. ഇതിനിടെ പെൺകുട്ടികളെ കാണാതായതിനെ തുടർന്ന് അമ്മ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് ദ്രുതഗതിയിൽ അന്വേഷണം നടത്തുകയായിരുന്നു.
സഹോദരിമാരിൽ ഒരാളുമായി പ്രതിയായ റാഫിക്ക് ബന്ധമുണ്ടായിരുന്നു. കഴിഞ്ഞമാസം നടന്ന അരങ്ങം ഉത്സവസമയത്താണ് ഇവർ പരിചയപ്പെട്ടത്. ഈ പരിചയം പിന്നീട് നിരന്തരം ഫോൺ വിളികളിലേക്ക് മാറുകയായിരുന്നു. പെൺകുട്ടികളെ വീടുവിട്ടിറങ്ങാൻ പ്രേരിപ്പിച്ചശേഷം റാഫി ബൈക്കിൽ തളിപ്പറമ്പിൽ എത്തുകയായിരുന്നു. ബസിൽ ഇവർക്കൊപ്പമുണ്ടായിരുന്ന റാഫിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ആലക്കോട് എസ്എച്ച്ഓ വിനീഷ് കുമാർ, എസ്ഐ കെ.ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ റാഫിയെ ചോദ്യം ചെയ്തതിൽനിന്നാണ് പെൺകുട്ടികളെ രക്ഷിക്കാനായത്. പെൺകുട്ടികളുമായി ആദ്യം കോട്ടയത്തെ തന്റെ ബന്ധുവീട്ടിലേക്കും പിന്നീട് തിരുവനന്തപുരത്തേക്കും കടക്കാനായിരുന്നു തീരുമാനമെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.
പിതാവ് ഉപേക്ഷിച്ചുപോയ കുടുംബമാണ് റാഫിയുടേത്. അമ്മ മറ്റൊരു വിവാഹവും കഴിച്ചു. ഇതിനു പിന്നാലെയാണ് ഇയാൾ പെൺകുട്ടികളെ വലയിൽ വീഴ്‌ത്താൻ ശ്രമം നടത്തിയത്. അതീവ ജാഗ്രതയോടെ പൊലീസ് നടത്തിയ അന്വേഷണമാണ് പെൺകുട്ടികളെ രക്ഷിക്കാൻ ഇടയായത്. പ്രതിക്കെതിരേ പോക് സോനിയമപ്രകാരം കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്