- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീധനം കിട്ടാത്തതിന് പ്രതികാരമായി ഭാര്യയുടെ തല മൊട്ടയിച്ച ഭർത്താവും അമ്മായിഅമ്മയും അയൽവാസിയും! പ്രസവ ശേഷം ഭർതൃവീട്ടിലെത്തിയ യുവതിയുടെ മുടി ഷേവ് ചെയ്ത് മാറ്റിയത് ബാർബറെ എത്തിച്ച്; ഇത് സമാനതകളില്ലാത്ത ഗാർഹിക പീഡനം; ഓൺലൈൻ ഡെലിവറി ബോയിയുടെ ചതി ഇങ്ങനെ
കൊച്ചി: പത്ത് ലക്ഷം രൂപയും 15 പവൻ സ്വർണ്ണവും സ്ത്രീധനമായി ആവശ്യപ്പെട്ടതുകൊടുക്കാതിരുന്നതിനാണ് തന്റെ തല മൊട്ടയടിക്കാൻ കാരണമെന്ന് ഭർതൃ കുടുംബത്തിന്റെ പീഡനത്തിരയായ പെൺകുട്ടി. പ്രസവം കഴിഞ്ഞ് തിരികെ മുളന്തുരുത്തിയിലെ വീട്ടിലെത്തിയപ്പോഴാണ് ഭർത്താവ് തലക്കോട് പള്ളത്തുപറമ്പിൽ രാഗേഷിന്റെ (25) നിർദ്ദേശ പ്രകാരം മാതാവ് ശ്യാമളയും അയൽവാസിയായ അമ്മു എന്ന അമൃത(28)യും ചേർന്ന് ബലമായി പിടിച്ചിരുത്തി ബാർബറെക്കൊണ്ട് മുടി ഷേവ് ചെയ്യിപ്പിച്ചത് എന്ന് പെൺകുട്ടി മറുനാടനോട് പറഞ്ഞു.
'കഴിഞ്ഞ ഒന്നാം തീയതി ഉച്ചയോടെയായിരുന്നു സംഭവം. കുഞ്ഞിനെ പ്രസവിച്ച് 82 ദിവസം പിന്നിട്ടപ്പോഴാണ് തൃശൂരിൽ നിന്നും ഇവിടേക്ക് കുഞ്ഞുമായി എത്തിയത്. 90 ദിവസമാകുമ്പോൾ വീട്ടിൽ നടത്തുന്ന ചടങ്ങിന്റെ ഭാഗമായി എന്റെ മുടി മുറിച്ച് വൃത്തിയാക്കണമെന്നും ഉച്ചയോടെ ബാർബർ വരുമെന്നും പറഞ്ഞു. 12.30 മണിയോടെ ബാർബർ എത്തിയപ്പോൾ വീടിന് പുറകിലേക്ക് കൊണ്ടു പോയി മുടി മുറിച്ചു. പകുതിയോളം മുടി മുറിച്ചതോടെ ഞാൻ ബഹളം വച്ചപ്പോൾ അയൽ വീട്ടിലെ അമൃതയും ഭർത്താവിന്റെ അമ്മ ശ്യാമളയും ചേർന്ന് ബലമായി പിടിച്ചിരുത്തി മുടി ബാർബറെക്കൊണ്ട് ഷേവ് ചെയ്യിപ്പിക്കുകയായിരുന്നു. ആകെ പരിഭ്രാന്തിയായതോടെ എന്റെ ബോധം മറഞ്ഞു. പിന്നീട് ബോധം വരുമ്പോൾ എന്റെ തലയിലെ മുടി മുഴുവൻ വടിച്ചു കളഞ്ഞിരുന്നു. ചടങ്ങിനായി ബന്ധുക്കളെത്തുമ്പോൾ സ്ത്രീധനം തരാത്തതിനാൽ നാണംകെടുത്താനാണ് ഇത്തരത്തിൽ ക്രൂരത ചെയ്തതെന്നാണ് അവർ പറഞ്ഞത്.' പെൺകുട്ടി പറഞ്ഞു.
21 വയസ്സുള്ള പെൺകുട്ടിയുടെ വിവാഹം 2020 ജൂൺമാസമായിരുന്നു. വിവാഹത്തിന് മാതാപിതാക്കൾ 7 പവനും നൽകിയിരുന്നു. ഇതു കൂടാതെ കൂടുതൽ സ്വർണ്ണവും പണവും വേണമെന്ന് ആവശ്യപ്പെടുന്നത് പതിവായിരുന്നു. സ്വന്തമായി വീടില്ലാത്ത ഭർത്താവിന് വീട് വയ്ക്കാനാണ് എന്ന് പറഞ്ഞായിരുന്നു സ്ത്രീധനം ആവശ്യപ്പെട്ടത്. രാഗേഷിന്റെ സഹോദരിയും സ്ത്രീധനത്തിന്റെ പേരിൽ വീട്ടിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നതായും പെൺകുട്ടി പറഞ്ഞു. മിക്ക സമയങ്ങളിലും ഭക്ഷണം പോലും നിഷേധിച്ചു. വസ്ത്രങ്ങളോ മറ്റ് അവശ്യ വസ്തുക്കളോ ഭർത്താവ് വാങ്ങി നൽകിയിരുന്നില്ല. എല്ലാം സഹിച്ച് അവിടെ തന്നെ നിന്നിട്ടു ഒടുവിൽ ക്രൂര പീഡനം താങ്ങാനാവാതെ വന്നതോടെ വീട്ടിൽ ഇക്കാര്യം അറിയക്കുകയായിരുന്നു. ഇതോടെ മാതാപിതാക്കൾ ഇവിടെ നിന്നും പെൺകുട്ടിയെയും കുഞ്ഞിനെയും തൃശൂരിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. പിന്നീട് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടസിഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസ് ഇൻസ്പെക്ടർ പി.പി ജോയിയുടെ നേതൃത്വത്തിൽ എസ്ഐ രാജൻ, സിപിഒമാരായ ബിനീഷ്, ലിഷ എന്നിവരടങ്ങുന്ന സംഘം രാഗേഷിനെയും അമൃതയേയും മുളന്തുരുത്തിയിൽ നിന്നും പിടികൂടി. മാതാവ് ശ്യാമള ആരോഗ്യപരമായി ബുദ്ധിമുട്ടിലാണ് എന്ന സർട്ടിഫിക്കറ്റ് കാട്ടി അറസ്റ്റിൽ നിന്നും രക്ഷപെട്ടു. ഇപ്പോൾ അവർ ഒളിവിലാണെന്നാണ് സൂചന. കൂടാതെ പെൺകുട്ടിയുടെ മുടി മുറിച്ച ബാർബറെ പൊലീസ് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ തലയിൽ ചൊറിഞ്ഞു പൊട്ടുന്ന അവസ്ഥയുണ്ടെന്നും അതിന്റെ ഭാഗമായി മുടി മുരറിക്കണമെന്നും തെറ്റിദ്ധരിപ്പിച്ചാണ് ചെയ്യിപ്പിച്ചതെന്നും ഇയാൾ മൊഴി നൽകി.
അതേ സമയം രാഗേഷ് പെൺകുട്ടിയെ വിവാഹം കഴിച്ചത് പ്രമുഖ വാഷിങ് മെഷീൻ കമ്പനിയിലെ സർവ്വീസ് എഞ്ചിനീയറാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു എന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പറഞ്ഞു. ഓൺലൈൻ ഡെലിവറി ബോയിയാണെന്ന് പിന്നീടാണ് ഇവർക്ക് മനസ്സിലായത്. കിണറു നിർമ്മിക്കാനാണെന്നും വീടിന്റെ അറ്റകുറ്റപ്പണിക്കാണെന്നും പറഞ്ഞ് പലപ്പോഴും ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ നിന്നും പണം കൈപ്പറ്റിയിരുന്നു. അറസ്റ്റിലായ രാഗേഷിനെയും അയൽവാസി അമൃതയേയും കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്.
പെൺകുട്ടിയെ ഇനി രാഗേഷിനൊപ്പം വിടില്ല എന്ന് തീരുമാനിച്ചതായി മാതാപിതാക്കൾ പറഞ്ഞു. മുടങ്ങിപ്പോയ എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കി മകളെ ഒപ്പം നിർത്താനാണ് തീരുമാനമെന്നും അവർ വ്യക്തമാക്കി.