കോഴിക്കോട്: കോൺഗ്രസിലെ ഏറ്റവും മാന്യനും സത്യസന്ധനുമായ നേതാവായി അറിയപ്പെടുന്നയാളാണ് കോഴിക്കോട്ടെ എംപി എം.കെ രാഘവൻ. മണ്ഡല പുനർ നിർണ്ണയത്തോടെ മാർക്വസിറ്റ് പാർട്ടിയുടെ കോട്ടയെന്ന് കരുതിയ കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിൽ രണ്ടു തവണ ജയിച്ചയാൾ. പൊതുവെ മൃദുഭാഷിയും ഗ്രൂപ്പ് താൽപ്പര്യങ്ങൾക്ക് നിന്നുകൊടുക്കാത്ത വ്യക്തിയുമായ എം.കെ രാഘവൻ ഒടവുവിൽ മനംമടുത്ത് കോൺഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ രംഗത്തത്തെിയിരക്കയാണ്. പാർട്ടി പദവികൾ വീതംവെക്കുമ്പോൾ ഗ്രൂപ് രഹിതർ നിരന്തരം തഴയപ്പെടുന്നത് ചൂണ്ടിക്കാട്ടി കെപിസിസി നിർവാഹകസമിതി അംഗത്വം എം.കെ. രാഘവൻ രാജിവച്ചു. രാജിക്കത്ത് കെപിസിസി പ്രസിഡന്റ് വി എം. സുധീരന് കഴിഞ്ഞദിവസം അദ്ദേഹം അയച്ചുകൊടുത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനുണ്ടായ പരാജയത്തെ തുടർന്ന് പാർട്ടി പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപവത്കരിച്ച രാഷ്ട്രീയകാര്യ സമിതിയിൽനിന്ന് ഇദ്ദേഹത്തിന്റെ പേര് അവസാനനിമിഷം വെട്ടിയതാണ് രാജിക്ക് പ്രധാന കാരണം. എ.ഐ.സി.സി രൂപം നൽകിയ സമിതിയിൽ ഇദ്ദേഹത്തെ സജീവമായി പരിഗണിച്ചിരുന്നു. എന്നാൽ, ഗ്രൂപ് അടിസ്ഥാനത്തിൽ പദവികൾ വീതംവച്ചപ്പോൾ ഇദ്ദേഹം അന്തിമ പട്ടികയിൽനിന്ന് പുറത്തായി. ഗ്രൂപ്പില്ലാത്തതിനാൽ ഇദ്ദേഹത്തിനുവേണ്ടി കേരളത്തിലെ നേതാക്കൾ സമ്മർദം ചെലുത്തിയിട്ടില്‌ളെന്നാണ് സൂചന. രാഷ്ട്രീയാധികാര സമിതിയിൽ 21 പേരാണുള്ളത്. സമിതിയിൽ പരിഗണിക്കാത്ത കാര്യം മുതിർന്ന നേതാവ് എ.കെ. ആന്റണി ഉൾപ്പെടെയുള്ളവരെ ഇദ്ദേഹം ധരിപ്പിച്ചിട്ടുണ്ട്.

ഇടത് ആധിപത്യമുള്ള കോഴിക്കോട് ലോക്‌സഭാ മണ്ഡലം വർഷങ്ങൾക്കുശേഷം എം.കെ. രാഘവനിലൂടെയാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. 2009ൽ 838വോട്ടിന് ജയിച്ച അദ്ദേഹം, 2016ൽ ഭൂരിപക്ഷം 17,000 ആയി ഉയർത്തി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ലക്ഷത്തോളമാണ് കോഴിക്കോട് മണ്ഡലത്തിൽ ഇടതുപക്ഷത്തിന്റെ ലീഡ്. പൊതുസ്വീകാര്യനായ വ്യക്തിയെ ജനം അംഗീകരിക്കുമ്പോൾ പാർട്ടി പുറംതിരിഞ്ഞുനിൽക്കുന്നുവെന്നാണ് ഇദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നത്. ഇദ്ദേഹത്തെ ഡി.സി.സി പ്രസിഡന്റാക്കണമെന്ന അഭിപ്രായവും കോൺഗ്രസിലുണ്ട്. അതേസമയം, രാജി സംബന്ധിച്ച് പ്രതികരിക്കാൻ എം.കെ. രാഘവൻ എംപി വിസമ്മതിച്ചു. ഒരു കാര്യവും പരസ്യമായി പറയാനില്‌ളെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

അതേസമയം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി അബുവിനോുടള്ള കടുത്ത അതൃപ്തിയും രാജിക്ക് കാരണമായി പറയുന്നുണ്ട്. കഴിഞ്ഞ രണ്ടുതവണയും തന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ അബു സജീവമായില്‌ളെന്ന പരാതി രാഘവനുണ്ട്. ഇക്കാര്യം അദ്ദേഹം പല പാർട്ടി ഫോറങ്ങളിലും പറഞ്ഞിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ കോൺഗ്രസിനുണ്ടായ ദയനീയമായ തോൽവിയുടെ അടിസ്ഥാനത്തിലും അബുവിനെ മാറ്റാത്തതിൽ രാഘവന് കടുത്ത അതൃപ്തിയുമുണ്ടെന്നാണ് അറിയുന്നത്.