ന്യൂഡൽഹി: ഇത്തവണത്തെ സാമ്പത്തിക ശാസ്ത്ര നൊബേൽ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെ പ്രതീക്ഷയോടെ ഇന്ത്യയും. പുരസ്‌കാരം നേടാൻ സാധ്യതയുള്ളവരുടെ പട്ടികയിൽ ഇന്ത്യൻ റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജനും ഉൾപ്പെട്ടിട്ടുണ്ട്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യം പ്രവചിച്ചതോടെയാണ് സാമ്പത്തിക ലോകത്ത് അദ്ദേഹം ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്.

റിസർവ് ബാങ്ക് മുൻ ഗവർണർ രഘുറാം രാജന് ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് സാധ്യതയുണ്ടെന്ന് ഗവേഷണ സ്ഥാപനമായ ക്ലാരിവേറ്റ് അനലിറ്റിക്സ്. രഘുറാം രാജൻ ഉൾപ്പെടെ ആറു പേരുടെ സാധ്യതാ പട്ടികയാണ് തോംസൺ റോയിട്ടേഴ്സ് സ്ഥാപനമായിരുന്ന ക്ലാരിവേറ്റ് പുറത്തുവിട്ടത്. വിവിധ മേഖലകളിലായി 22 പേരുടെ സാധ്യതാ പട്ടിക സെപ്റ്റംബർ അവസാനം സ്ഥാപനം പുറത്തുവിട്ടിരുന്നു. അവരിൽ ആറു പേരാണ് അന്തിമപട്ടികയിലേക്കു കടന്നത്.

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനജേതാവിനെ തിങ്കളാഴ്ച സ്റ്റോക്ക്ഹോമിൽ പ്രഖ്യാപിക്കും. 2016 സെപ്റ്റംബർ നാലിന് ആർ.ബി.ഐയുടെ ഗവർണർ പദവി ഒഴിഞ്ഞശേഷം ഷിക്കാഗോ സർവകലാശാലയിലെ ബൂത്ത് സ്‌കൂൾ ഓഫ് ബിസിനസിൽ പ്രൊഫസറായി ജോലിചെയ്യുകയാണ് രാജൻ. 'ഐ ഡു വാട്ട് ഐ ഡു' എന്ന പേരിൽ ഈയിടെ പുസ്തകം പുറത്തിറക്കിയിരുന്നു.

രഘുറാം രാജന് പുരസ്‌കാരം നേടാൻ ഏറെ സാധ്യത കൽപിക്കുന്നുണ്ടെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, 2002 മുതൽ ക്ലാരിവേറ്റ് പട്ടിക പുറത്തിറക്കുന്നുണ്ട്. ഒട്ടേറെ പേരുടെ കാര്യത്തിൽ പ്രവചനം ശരിയായിട്ടുള്ളതാണ് ഇന്ത്യക്ക് ഏറെ പ്രതീക്ഷ പകരുന്നത്. ഇതിനു മുൻപ് 1998ൽ അമർത്യസെന്നിലൂടെ ഒരിക്കൽ മാത്രമാണു സാമ്പത്തിക ശാസ്ത്ര നൊബേൽ ഇന്ത്യയിലെത്തിയിട്ടുള്ളത്.

2008ൽ യുഎസിലുണ്ടായ സാമ്പത്തിക മാന്ദ്യം അതിനു മൂന്നുവർഷം മുൻപു പ്രവചിച്ചാണു രഘുറാം രാജൻ ശ്രദ്ധേയനായത്. 2005ൽ യുഎസിൽ നടന്ന സാമ്പത്തിക വിദഗ്ധരുടെയും ബാങ്കർമാരുടെയും വാർഷികയോഗത്തിനിടെയായിരുന്നു രഘുറാമിന്റെ നിർണായക പ്രവവചനം. കോർപറേറ്റ് ഫിനാൻസുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ടു.