- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിയും ജെയ്റ്റ്ലിയും കുട്ടിച്ചോറാക്കിയ ഇന്ത്യൻ സമ്പദ് ഘടനയെ കൈപിടിച്ചുയർത്താൻ രഘുറാം രാജൻ എത്തുമോ? ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിഎ ഭൂരിപക്ഷം നേടിയാൽ രാഹുൽ ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ആർബിഐ മുൻ ഗവർണറെ നിർദ്ദേശിച്ചേക്കുമെന്ന് വിലയിരുത്തലുകൾ; ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ ചർച്ചകളിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്നത് ലോകം ബഹുമാനിക്കുന്ന ഈ വിശ്വപൗരന്റെ പേരു തന്നെ
ന്യൂഡൽഹി: 1991-ൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് പി വി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. മുങ്ങിത്താഴുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ കെല്പുള്ള ഒരാളെ നോക്കി നടന്ന നരസിംഹറാവുവിന്റെ മുന്നിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ഡോ. മന്മോഹൻ സിങ്, സാമ്പത്തിക ശാസ്ത്രജ്ഞനായ മന്മോഹൻ സിംഗിനെ നരസിംഹറാവു തന്റെ മന്ത്രിസഭയിൽ സാമ്പത്തികകാര്യ മന്ത്രിയായി നിയോഗിക്കുകയായിരുന്നു. ഇതിനു സമാനമായൊരു അവസ്ഥയിലൂടെയാണ് ഇപ്പോഴും ഇന്ത്യ കടന്നുപോകുന്നത്. അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ആണ് അധികാരത്തിലേറുന്നതെങ്കിൽ മറ്റൊരു മന്മോഹൻ സിംഗിനെ യുപിഎയ്ക്ക് കണ്ടെത്തേണ്ടി വരും. രൂപയുടെ മൂല്യത്തകർച്ചയും അഴിമതിയും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം കൂടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചിരിക്കുന്ന അവസ്ഥയിൽ രാജ്യത്തെ കൈപിടിച്ചുയർത്താൻ മികച്ചൊരു സാമ്പത്തികവിദഗ്ധന്റെ സഹായം കൂടിയേ തീരൂ. അതിന് യുപിഎയുടെ മുന്നിൽ ഒരുത്തരമേയുള്ളൂ
ന്യൂഡൽഹി: 1991-ൽ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സമയത്താണ് പി വി നരസിംഹറാവു പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്. മുങ്ങിത്താഴുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്താൻ കെല്പുള്ള ഒരാളെ നോക്കി നടന്ന നരസിംഹറാവുവിന്റെ മുന്നിൽ ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ. ഡോ. മന്മോഹൻ സിങ്, സാമ്പത്തിക ശാസ്ത്രജ്ഞനായ മന്മോഹൻ സിംഗിനെ നരസിംഹറാവു തന്റെ മന്ത്രിസഭയിൽ സാമ്പത്തികകാര്യ മന്ത്രിയായി നിയോഗിക്കുകയായിരുന്നു. ഇതിനു സമാനമായൊരു അവസ്ഥയിലൂടെയാണ് ഇപ്പോഴും ഇന്ത്യ കടന്നുപോകുന്നത്.
അടുത്തവർഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ആണ് അധികാരത്തിലേറുന്നതെങ്കിൽ മറ്റൊരു മന്മോഹൻ സിംഗിനെ യുപിഎയ്ക്ക് കണ്ടെത്തേണ്ടി വരും. രൂപയുടെ മൂല്യത്തകർച്ചയും അഴിമതിയും നോട്ട് നിരോധനവും ജിഎസ്ടിയുമെല്ലാം കൂടി ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നടുവൊടിച്ചിരിക്കുന്ന അവസ്ഥയിൽ രാജ്യത്തെ കൈപിടിച്ചുയർത്താൻ മികച്ചൊരു സാമ്പത്തികവിദഗ്ധന്റെ സഹായം കൂടിയേ തീരൂ. അതിന് യുപിഎയുടെ മുന്നിൽ ഒരുത്തരമേയുള്ളൂ ഇപ്പോൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുൻ ഗവർണർ രഘുറാം രാജൻ. കോൺഗ്രസ് ഭൂരിപക്ഷം നേടി അധികാരത്തിലേറിയാൽ പ്രധാനമന്ത്രി പദത്തിന് മുൻഗണനയിലുള്ളത് രാഹുൽ ഗാന്ധിയല്ല രഘുറാം രാജനാണെന്നുള്ള വിലയിരുത്തലുകളും തലസ്ഥാനത്ത് ശക്തമാണ്.
സാമ്പത്തിക വിദഗ്ധൻ എന്ന നിലയിൽ മന്മോഹൻ സിംഗിനൊപ്പമോ അതിനു മുകളിലോ ആണ് രഘുറാം രാജന്റെ നില. 2019-ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പദത്തിലേക്ക് നരേന്ദ്ര മോദിക്ക് നേരിടേണ്ടി വരുന്നത് രഘുറാം രാജനെയായിരിക്കും. നിലവിൽ ഇന്ത്യ കടന്നുപോകുന്ന കടുത്ത അരക്ഷിതാവസ്ഥയിൽ നിന്ന് കൈപിടിച്ചുയർത്താൻ രഘുറാം രാജനോളം പോന്ന വ്യക്തി ഇല്ലെന്നുള്ളതാണ് വാസ്തവം. ലോകനേതാക്കൾക്കിടയിലും അന്താരാഷ്ട്ര സംഘടനകൾക്കിടയിലും രഘുറാം രാജനുള്ള സൽപ്പേര് ഈ സ്ഥാനത്തേക്ക് മുതൽക്കൂട്ടാകുന്നുണ്ട്.
2008-09 കാലഘട്ടങ്ങളിൽ ആഗോള മാന്ദ്യം ചൈനയും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ പിടിച്ചുലച്ചപ്പോൾ ഇന്ത്യൻ സമ്പദ് ഘടന കുലുങ്ങാതെ പിടിച്ചു നിന്നത് മന്മോഹൻ സിംഗിന്റെ സാമ്പത്തിക ശാസ്ത്രത്തിലായിരുന്നു. സാമ്പത്തിക മാന്ദ്യം ലോകരാജ്യങ്ങളെ കാർന്നു തിന്നപ്പോൾ വികസിത രാജ്യമായ ഇന്ത്യയിൽ അതിന്റെ അലയൊലികൾ പോലും എത്തിയില്ല. ഇന്ത്യൻ സമ്പദ്ഘടന അത്രയും കരുത്തുള്ളതാണെന്ന് ലോകത്തിന് അന്ന് തെളിഞ്ഞു. എന്നാൽ നരേന്ദ്ര മോദിയുടെ കാലത്ത് രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും കാർഷിക വിപണിയുടെ തകർച്ചയും തൊഴിലില്ലായ്മയും രൂക്ഷമായതോടെ ഇന്ത്യൻ സമ്പദ്ഘടനയ്ക്ക് ഇനിയൊരു ഉയിർത്തെഴുന്നേൽപ് അനിവാര്യമാണ്.
കൂടാതെ കേന്ദ്രസർക്കാരും റിസർവ് ബാങ്കും തമ്മിലും ആശയപരമായ ഭിന്നത നിലനിൽക്കുന്ന ഈ സാഹചര്യത്തിലും ഇതിനെ മെയ് വഴക്കത്തോടെ കൈകാര്യം ചെയ്യുന്ന ഒരു വ്യക്തിയെയാണ് രാജ്യത്തിന് ആവശ്യം. ഇതിനൊക്കെ പരിഹാരമായാണ് രഘുറാം രാജന്റെ പേര് ഉയർന്നുവന്നിരിക്കുന്നത്. റിസർവ് ബാങ്കിന്റെ ഭരണത്തിൽ രാഷ്ട്രീയപരമായി ഇടപെടുന്നതിനെ ശക്തമായി എതിർത്ത ആളാണ് രഘുറാം രാജൻ. ഗവർണറായി ഇരിക്കെ തന്നെ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ തന്റെതായ അഭിപ്രായവും ഇദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റു ആർബിഐ ഗവർണരിൽ നിന്നു വ്യത്യസ്തമായി സമൂഹത്തിലെ താഴെക്കിടയിലുള്ളവരിലും മധ്യ വിഭാഗത്തിലും സ്വാധീനം ചെലുത്താൻ രഘുറാം രാജന് കഴിഞ്ഞിട്ടുണ്ട്.
2016 സെപ്റ്റംബറിൽ ആർബിഐ ഗവർണർ സ്ഥാനം ഒഴിഞ്ഞ രഘുറാം രാജൻ ഇപ്പോൾ രണ്ടുവർഷമായി ഷിക്കാഗോ യൂണിവേഴ്‌സിററിയിൽ സാമ്പത്തിക ശാസ്ത്രവിഭാഗത്തിലെ പ്രഫസറാണ്. രാഷ്ട്രീയ അഭിപ്രായങ്ങൾ തുറന്നു പറയുന്നതിലൂടെയും സർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്നതിലൂടെയും മാധ്യമങ്ങളിൽ നിറസാന്നിധ്യമാണ് ഭോപ്പാൽ സ്വദേശി. നരേന്ദ്ര മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോൾ തന്നെ അതു ഇന്ത്യയുടെ സാമ്പത്തികാവസ്ഥയ്ക്ക് തിരിച്ചടിയായിരിക്കുമെന്ന് രഘുറാം രാജൻ തുറന്നുപറഞ്ഞിരുന്നു. ആഗോള സാമ്പത്തികാവസ്ഥ കൂടുതൽ ഉയരത്തിലേക്ക് കുതിക്കുന്നതിനിടയിൽ ഇന്ത്യയുടെ അവസ്ഥ പിന്നോക്കം പോകുകയാണെന്ന് മോദിയെ വിമർശിച്ചുകൊണ്ട് രഘുറാം പറയുന്നു. രണ്ടക്കം കടന്നിരുന്ന ഇന്ത്യയുടെ പണപ്പെരുപ്പ നിരക്ക് 5.77 ശതമാനമായി കുറച്ച ശേഷമാണ് ഗവർണർ പദവിയിൽ നിന്ന് രഘുറാം രാജൻ പടിയിറങ്ങുന്നത്.
യുപിഎ സഖ്യം പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രഘുറാം രാജന്റെ പേരു പരിഗണിച്ചിരിക്കുന്ന സാഹചര്യത്തിൽ മോദിക്ക് വൻ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്. മോദി ഭരണത്തിന്റെ പോരായ്മകളെകുറിച്ച് ഏറ്റവും നന്നായി മനസിലാക്കിയിട്ടുള്ളത് ഇതേ കാലയളവിൽ തന്നെ ആർബിഐ ഗവർണറായിരുന്ന രഘുറാം രാജന് ആണെന്നതാണ് മോദിയെ ഭയപ്പെടുത്തുന്നത്.
നിലവിൽ ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ വക്താവായി രഘുറാം രാജൻ രംഗത്തെത്തിയിട്ടില്ലെങ്കിലും ഇദ്ദേഹത്തെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചാൽ പിന്തുണയ്ക്കാൻ മുതിർന്ന കോൺഗ്രസ് നേതാക്കളുണ്ട് എന്നകാര്യം വിസ്മരിച്ചുകൂടാ. ഒരു പക്ഷേ രാജ്യം നയിക്കാൻ രാഹുൽ ഗാന്ധിയെക്കാളും മികച്ചത് രഘുറാം രാജനാണെന്ന് മിക്കവരും സമ്മതിക്കും. സാമ്പത്തിക പരിഷ്‌ക്കാരങ്ങളിൽ മോദി വലിയൊരു പരാജയമാണെന്ന് പലപ്പോഴും തുറന്നുപറഞ്ഞിട്ടുള്ള രഘുറാം രാജന് ഇന്ത്യൻ സമ്പദ്ഘടനയെ രക്ഷിക്കാനുള്ള ഫോർമുലകളും വശമാണെന്നതിൽ തർക്കമില്ല. വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ ചെലവ് കുറയ്ക്കാനുമുള്ള ഗവൺമെന്റിനോടുള്ള രാജന്റെ മുന്നറിയിപ്പുകളും തുറന്നുപറച്ചിലുകളും പലപ്പോഴും വിവാദമായിട്ടുണ്ട്. സർക്കാർ നിയന്ത്രണത്തിൽ നിന്നു മാറ്റി ആർബിഐയെ സ്വതന്ത്രമാക്കണമെന്നുള്ള വാദവും രാജൻ മുന്നോട്ടു വച്ചിരുന്നു.
പ്രഭാവം മങ്ങിനിന്ന രാഹുൽ ഗാന്ധി ഇപ്പോൾ മാസ് ഹീറോ ഇമേജിലേക്ക് എത്തിയിട്ടുണ്ടെങ്കിലും പ്രധാനമന്ത്രി പദത്തിന് യോജിച്ചയാളാണോ എന്ന കാര്യത്തിൽ ചിലർക്കെങ്കിലും സംശയമാണ്. അവിടെയാണ് രാഘുറാം രാജന്റെ പ്രധാന്യം. ആർബിഐ ഗവർണറായിരിക്കെ നൽകിയ സംഭാവനകൾ പരിഗണിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഗവർണർ സ്ഥാനത്തേക്കു പോലും രഘുറാം രാജന്റെ പേര് പരിഗണിക്കുകയുണ്ടായി. ഗ്രാമീണകർഷകർക്ക് ലോൺ അനുവദിക്കുന്ന കാര്യത്തിൽ രാജൻ സ്വീകരിച്ച നടപടികളും ഗ്രാമീണ മേഖലയിലെ ജനങ്ങൾക്ക് ഇദ്ദേഹത്തെ സ്വീകാര്യനാക്കിയിട്ടുണ്ട്.
നരസിംഹറാവു മന്മോഹൻ സിംഗിനെ ചുമതലയേൽപ്പിക്കുമ്പോൾ കോൺഗ്രസ് നേതാക്കൾക്കിടയിൽ തന്നെ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു. അക്കാദമിക താത്പര്യം മാത്രമുള്ള, സാമ്പത്തിക കാര്യങ്ങളിൽ മാത്രം അവഗാഹമുള്ള ഒരു വിദഗ്ധൻ എന്നുമാത്രമാണ് മന്മോഹൻ സിംഗിനെ കുറിച്ച് ധരിച്ചിരുന്നത്. എന്നാൽ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് മന്മോഹൻ സിങ് മാജിക് പ്രവർത്തിക്കുകയായിരുന്നു. ഇതേ പ്രഭാവമാണ് രഘുറാം രാജനെ മുന്നിൽക്കണ്ടുകൊണ്ട് യുപിഎ പ്രവർത്തിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിലവിൽ യുപിഎയ്ക്ക് രാഹുൽ ഗാന്ധിയെ അല്ലാതെ മറ്റൊരു നേതാവിനെയും എടുത്തുകാട്ടാനില്ല എന്നതു പാർട്ടിയെ സംബന്ധിച്ച് ഒരു ന്യൂനതയാണ്. പരിഗണനയിലുള്ള ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ശരത് പവാർ, മമതാ ബാനർജി, അഖിലേഷ് യാദവ് തുടങ്ങിയവരൊന്നും പൊതുസമ്മതരല്ലാത്തതും പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥികളുടെ ശക്തി ക്ഷയിപ്പിക്കുന്നതാണ്. കിങ് മേക്കറായി രാഹുൽ ഗാന്ധിയാണ് ഉള്ളതെങ്കിലും രഘുറാം രാജന്റെ സാന്നിധ്യം ഇപ്പോഴും ഈ സ്ഥാനത്തേക്ക് ഉയർന്നു തന്നെയാണ് നിൽക്കുന്നത്. ഇന്ത്യയുടെ ഭരണം മറ്റൊരു മന്മോഹൻ സിംഗിന്റെ കൈകളിൽ എത്തുമോയെന്ന് കണ്ടറിയാം...