- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കളി മാറ്റിയെഴുതിയ രഹാനെയ്ക്ക് ആരാധകരുടെ പൊങ്കാല; കോഹ്ലിയുടെ റണ്ണൗട്ടിന് ഉത്തരവാദി രഹാനെയെന്ന് മൂതിർന്ന താരങ്ങളും; പ്രിയ താരം ഒന്നാം ദിനത്തിലെ വില്ലനാകുമ്പോൾ; വിടാതെ ട്രോളി സോഷ്യൽ മീഡിയയും
അഡ്ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച ഫോമിലായിരുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയുടെ റണ്ണൗട്ടിന് കാരണക്കാരനായ വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെയ്ക്കെതിരെ സമൂഹമാധ്യമങ്ങളിലുൾപ്പടെ രൂക്ഷവിമർശനം. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ നിൽക്കുകയായിരുന്ന കോലിയെ ഇല്ലാത്ത റണ്ണിനായി ക്ഷണിച്ച് രഹാനെ കുഴിയിൽച്ചാടിച്ചെന്നാണ് ആരോപണം.മുതിർന്ന താരങ്ങളും ആരാധകരും രഹാനക്കെതിരെ രംഗത്തെത്തി. ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ ഉൾപ്പെടെയുള്ളവർ രഹാനെയെ വിമർശിച്ചു. കോലിയുടെ മറ്റൊരു സെഞ്ചുറിക്കായി കാത്തിരുന്ന ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷ വിമർശനം ഉയർത്തുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റിൽ ഇത് രണ്ടാം തവണ മാത്രമാണ് കോലി റണ്ണൗട്ടാകുന്നത്. അതേസമയം, അജിൻക്യ രഹാനെ ഇതുവരെ ടെസ്റ്റിൽ റണ്ണൗട്ടായിട്ടുമില്ല.
ഓസ്ട്രേലിയൻ സ്പിന്നർ നഥാൻ ലയൺ എറിഞ്ഞ 77ാം ഓവറിന്റെ അവസാന പന്തിലാണ് രഹാനെ കോലിയുടെ വിക്കറ്റ് ഓസീസിന് 'സമ്മാനിച്ചത്'. 77ാം ഓവറിലെ അവസാന പന്ത് നേരിട്ടത് രഹാനെയായിരുന്നു. പന്ത് മിഡ് ഓഫ് ഭാഗത്തേക്ക് തട്ടിയിട്ടശേഷം രഹാനെ ഞൊടിയിടയിൽ സിംഗിളിനായി ഓടി. വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ അഗ്രഗണ്യനായ കോലിയും ക്രീസ് ലക്ഷ്യമാക്കി കുതിച്ചു. ക്രീസ് വിട്ടിറങ്ങി രണ്ടു ചുവടു വച്ചപ്പോഴേക്കും അപകടം മണത്ത രഹാനെ ഓട്ടം നിർത്തി കോലിയെ തിരിച്ചയച്ചു. രഹാനെ തിരികെ ക്രീസിൽ കയറിയെങ്കിലും അപ്പോഴേക്കും പാതിവഴി എത്തിയ കോലിക്ക് തിരികെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലെ ക്രീസിലെത്താൻ കഴിഞ്ഞില്ല. അതിനു മുൻപേ ഹെയ്സൽവുഡ് എറിഞ്ഞ് നൽകിയ പന്തിൽ ലയൺ സ്റ്റംപിളക്കി.
രഹാനെയുടെ പിഴവിൽ കോലി പുറത്താകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സെഞ്ചുറി ലക്ഷ്യമിട്ടുള്ള കുതിപ്പിൽ റണ്ണൗട്ടായ കോലി നിരാശയോടെ രഹാനെയെ ഉറ്റുനോക്കുന്നത് വിഡിയോയിൽ വ്യക്തമാണ്. കോലിയുടെ റണ്ണൗട്ടിന് കാരണക്കാരനെന്ന നിലയിൽ രഹാനെ കോലിയോട് ആംഗ്യത്തിലൂടെ ഖേദം പ്രകടിപ്പിക്കുന്നതും വ്യക്തം. അതേസമയം, ഇത്തരത്തിൽ പുറത്തായിട്ടും കോലി കാര്യമായ 'പ്രകടനങ്ങൾ'ക്കു തുനിയാതെ പവലിയനിലേക്ക് മടങ്ങിയതും ശ്രദ്ധേയമായി. ഗ്രൗണ്ട് വിട്ടയുടൻ ഗ്ലൗസ് ഊരിയെറിഞ്ഞതു മാത്രമായിരുന്നു റണ്ണൗട്ടിനുശേഷമുള്ള കോലിയുടെ 'കലിപ്പൻ' പ്രതികരണം.
180 പന്തിൽ രണ്ടു ഫോറുകൾ സഹിതം 74 റൺസെടുത്ത വിരാട് കോലിയാണ് നിലവിൽ ഇന്ത്യയുടെ ടോപ് സ്കോറർ. മൂന്നാം വിക്കറ്റിൽ ചേതേശ്വർ പൂജാരയ്ക്കൊപ്പം 68 റൺസും, നാലാം വിക്കറ്റിൽ അജിൻക്യ രഹാനെയ്ക്കൊപ്പം 88 റൺസും കൂട്ടിച്ചേർത്ത കോലിയാണ് ഇന്ത്യയെ കൂട്ടത്തകർച്ചയിൽനിന്ന് കരകയറ്റിയത്. പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് തകർപ്പൻ ഫോമിൽ ബാറ്റു ചെയ്തുവന്ന കോലി, ഈ വർഷം രാജ്യാന്തര ക്രിക്കറ്റിലെ ആദ്യ സെഞ്ചുറി നേടുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരിക്കെയായിരുന്നു നിർഭാഗ്യകരമായ പുറത്താകൽ.കോലി പുറത്തായതോടെ ഏകാഗ്രത നഷ്ടമായ രഹാനെ അധികം വൈകാതെ പുറത്താകുകയും ചെയ്തു. 92 പന്തിൽ മൂന്നു ഫോറും ഇന്ത്യൻ ഇന്നിങ്സിലെ ഒരേയൊരു സിക്സും സഹിതം 42 റൺസെടുത്താണ് രഹാനെ പുറത്തായത്.
സ്പോർട്സ് ഡെസ്ക്