പരപ്പനങ്ങാടി: പരപ്പനങ്ങാടി അഞ്ചുപുരയിലെ അറവുശാലയിൽ വീട്ടമ്മ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ യുവതിയുടെ ഭർത്താവ് നെജുബുദ്ദീനെ കണ്ടെത്താനുള്ള പൊലീസ് ശ്രമം വിജയിക്കുന്നില്ല. കോഴിക്കോട് നരിക്കുനി കൂട്ടാംപൊയിൽ സ്വദേശിനി റഹീന (30)യെയാണ് കഴുത്തറുത്തുകൊല്ലപെട്ട നിലയിൽ കണ്ടെത്തിയത്. ഇറച്ചി വ്യാപാരിയായ ഭർത്താവ് പരപ്പനങ്ങാടി സ്വദേശി പഴയകത്ത് നിസാമുദ്ദീന്റെ അറവുശാലക്കകത്താണ് മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ 4 മണിയോടെ കടയിലെത്തിയ തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്.

രണ്ട് ഭാര്യമാരുള്ള നെജുബുദ്ദീന്റെ ആദ്യ ഭാര്യയാണ് റഹീന. നിസാമുദ്ദീൻ തന്നെയാണ് കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പുലർച്ചെ രണ്ട് മണിയോടെ അറവ് ശാലയിൽ സഹായിക്കാനാണെന്ന് പറഞ്ഞ് നെജുബുദ്ദീൻ ഭാര്യയെ ഇവർതാമസിക്കുന്ന പരപ്പനങ്ങാടി പരപ്പിൽ റോഡിലെ വാടക വീട്ടിൽ നിന്ന് വിളിച്ച് കൊണ്ടുപോകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പ്രതിയെ കണ്ടെത്താനാവാത്തത് വെല്ലുവിളിയാണ്.

നെജുബുദ്ദീന്റെ മൊബൈൽഫോൺ, കൃത്യം നടന്നതുമുതൽ സ്വിച്ച്ഓഫ് ആണ്. ഇയാൾ ഉപയോഗിക്കുന്ന ബൈക്കിന്റെ നമ്പർ പൊലീസിനു കിട്ടിയത് ഞായറാഴ്ച ഉച്ചയ്ക്കാണ്. കൃത്യം നിർവഹിച്ച ആയുധം കണ്ടെത്താനും പൊലീസിന് കഴിഞ്ഞിട്ടില്ല. മലപ്പുറത്തുനിന്ന് ശ്വാനസേന എത്തിയെങ്കിലും അഞ്ചപ്പുര അങ്ങാടിയിൽനിന്ന് കിഴക്കോട്ട് പാടത്തുകൂടി ഒരുകിലോമീറ്ററോളം ദൂരെ കോട്ടത്തറ ക്ഷേത്രത്തിനടുത്തെത്തി നായ തിരിച്ചുപോന്നു.

ഞായറാഴ്ച പുലർച്ചെ നെജുബുദ്ദീൻ തന്റെ രണ്ടാം ഭാര്യയുള്ള വീട്ടിലെത്തി വസ്ത്രം മാറിയശേഷം വലിയൊരുതുക കൈയിലെടുത്താണ് സ്ഥലം വിട്ടത്. കാലിക്കച്ചവടക്കാരനായതുകൊണ്ട് എപ്പോഴും വൻതുക വീട്ടിൽ സൂക്ഷിക്കുന്ന ആളാണ്. ഇയാൾ ദൂരേക്ക് കടന്നിട്ടുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലപ്പെട്ട റഹീനയുമായി വഴക്ക് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച അവരെ മർദിച്ചതായും വിവരമുണ്ട്. വഴക്കിനെത്തുടർന്ന് റഹീനയെ നരിക്കുനിയിലെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ മാതാവ് എത്തിയിരുന്നു.

കൊല്ലപ്പെട്ട് പന്ത്രണ്ടുമണിക്കൂറോളം കഴിഞ്ഞ് വൈകുന്നേരം മൂന്നുമണിക്കാണ് മൃതദേഹപരിശോധനയ്ക്കുവേണ്ടി മാറ്റിയത്. തൃശ്ശൂരിൽനിന്ന് ഫോറൻസിക് വിദഗ്ദ്ധർ എത്താൻ വൈകിയതാണ് കാരണം. അതിനിടെ നെജുബുദ്ദീനെ പിടികൂടാൻ പൊലീസ് സൈബർ സെല്ലിന്റെ സഹായമാവശ്യപെട്ടിട്ടുണ്ട്. പതിമുന്നുവയസുകാരി നാജിയ ഫർഹാനയും എട്ടു വയസ്സുള്ള നജീബും മക്കളാണ്. മാതാവ്: സുബൈദ, സഹോദരി റിസാന.