കോഴിക്കോട്: സുന്നി പ്രഭാഷകൻ റഹ്മത്തുള്ളാ ഖാസിമിയുടെ റംസാൻ പ്രഭാഷണം വിവാദത്തിലായി അബ്ദുസമദ് സമദാനിയെ (പേരെടുത്ത് പറയാതെയാണ് തൊപ്പിയിട്ട എംപി എന്ന് വിശേഷിപ്പിച്ച് വിമർശിക്കുന്നത്. കള്ള വഹാബിയാണ് എംപിയെന്നും വിശ്വസിക്കരുതെന്നും ഖാസിമി പറയുന്നു. ചെന്ന് കണ്ട് സംസാരിക്കുന്നവരെ പോലും വഹാബിയാക്കി മാറ്റുന്നയാളാണ് സമദാനിയെന്നാണ് വിമർശനം.

പേര് പിന്നീട് വെളിപ്പെടുത്തുമെന്ന് ഖാസിമി പറയുന്നു. സുന്നിപ്രസ്ഥാനത്തെ അയാൾ നശിപ്പിക്കുമെന്ന് ഖാസിമി മുന്നറിയിപ്പ് നൽകുന്നു. കള്ള മുനാഫിക്കും ഹമുക്കുമാണ് ഇയാളെന്നും സുന്നികളെ വഹാബിസത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നയാള് എം പിയെന്നും ഖാസിമി പ്രസംഗത്തിൽ ആക്ഷേപിക്കുന്നു.

ലീഗ് നേതാക്കളെയും എംഎൽഎമാരെയും പൊതുവിലും വിമർശിക്കുന്നു. ലീഗ് വഹാബികളുണ്ടാക്കിയ പാർട്ടിയാണ്. അവരെക്കൊണ്ട് കാര്യമില്ല. അവരുടെ എംഎൽഎമാരല്ല തനിക്ക് റേഷൻ കാർഡ് നൽകിയത്. കേന്ദ്രസർക്കാരാണ്. കല്ലെറിഞ്ഞാലും ലീഗ് വഹാബി ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങൾ പറയുമെന്നും ഖാസിമി പറഞ്ഞു.

സമസ്തയുടെ സംഘടനകളുമായി ഇപ്പോൾ ബന്ധമില്ലെങ്കിലും നേരത്തെ എസ് വൈ എസ് ഭാരവാഹിയായിരുന്നു റഹ്മത്തുള്ളാ ഖാസിമി. ലീഗും സമസ്തയും തമ്മിലുള്ള തർക്കത്തിന്റെ തുടർച്ചയാണ് ഖാസിമിയുടെ പ്രസംഗമെന്നാണ് വിമർശനം. മുസ്ലിം യൂത്ത് ലീഗിന്റെ പല കമ്മറ്റികളും ഖാസിമിയെ നിലക്ക് നിർത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിക്കഴിഞ്ഞു.