പത്തനംതിട്ട: സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ നടയടയ്ക്കുന്നത് വരെ തുടരും. നാലു സ്ഥലങ്ങളിലാണ് 144 പ്രഖ്യാപിച്ചത്. നിലയ്ക്കൽ, പമ്പ, ഇലവുങ്കൽ, സന്നിധാനം എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് 144 പ്രഖ്യാപിച്ചത്.നിരോധനാജ്ഞ. തീർത്ഥാടനം സുഗമമായി നടത്തുന്നതിനാണ് മുൻഗണനയെന്നും കളക്ടർ വ്യക്തമാക്കി. തീർത്ഥാടകർക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.അതിനിടെ സ്ന്നിധാനത്ത് യുവതികളെ തടഞ്ഞ 200 പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ശബരിമലയിൽ നിലയ്ക്കലും പമ്പയിലും വീണ്ടും സംഘർഷം. പമ്പയിൽ 4.30 ഓടു കൂടി ഏഴംഗ പ്രവർത്തകർ പന്തളം രാജാവിന്റെ ഇരിപ്പിടത്തിന് സമീപം നാമജപ പ്രാർത്ഥന തുടങ്ങുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് സംഘർഷത്തിന് കാരണമായി. ഇവർ നാമജപ പ്രാർത്ഥന ആരംഭിച്ച ഉടനെ പൊലീസ് എത്തുകയും 144 നിലനിൽക്കുന്നതിനാൽ കൂട്ടംകൂടിയിരിക്കാൻ പാടില്ലെന്ന് ഇവരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ അവർ ചെവിക്കൊണ്ടില്ല. പൊലീസ് നടപടി ആരംഭിച്ചതോടെ ഇവർ ബിജെപി അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

അതേസമയം നിലയ്ക്കലിൽ നാമജപയജഞത്തിനെത്തിയ ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞത് സംഘർഷത്തിന് വഴിവെച്ചിരുന്നു. ബിജെപി സംസ്ഥാന നേതാവ് രേണുവിനെയാണ് തടഞ്ഞത്. പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.നിലയ്ക്കലിലേക്ക് ഓട്ടോയിൽ വന്നിറങ്ങിയ മഹിളാ മോർച്ച മുൻ സംസ്ഥാന പ്രസിഡന്റും ബിജെപി സംസ്ഥാന സെക്രട്ടറിയുമായ രേണു തനിക്ക് നിരോധനാജ്ഞ ലംഘിച്ച് നാമജപയജ്ഞം നടത്തണമെന്ന് അറിയിക്കുകയായിരുന്നു. ഇവരുടെ കൂടെ സുഹൃത്തായ മറ്റൊരു യുവതിയും ഉണ്ടായിരുന്നു. ഇവർ നാമജപം ആരംഭിക്കുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു.

എന്നാൽ പൊലീസ് എത്തി നിരോധനാജ്ഞ ലംഘിക്കാൻ കഴിയില്ലെന്ന് അറിയിക്കുകയും ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. ഇത് ചെറിയ സംഘർഷത്തിന് കാരണമായി. ഇവർ ഇപ്പോൾ നിലയ്ക്കൽ പൊലീസ്റ്റേഷനിലാണ് ഉള്ളത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂട്ടം കൂടുകയോ പ്രതിഷേധ പ്രകടനം നടത്താൻ പാടില്ലാത്തതിനാൽ കരുതൽ തടങ്കൽ എന്ന രീതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കർശനമായ സുരക്ഷയാണ് നിലയ്ക്കൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നിരോധനാജ്ഞ നിലവിലില്ലാത്ത ജില്ലയിലെ മറ്റ് പ്രദേശങ്ങളിൽ മഹിളാമോർച്ച ഉൾപ്പടെയുള്ള സംഘടനകളുടെ പ്രതിഷേധങ്ങളും വാഹനം തടയലും തുടരുന്നുണ്ട്.

ശബരിമല: സുപ്രീംകോടതിയുടെ വിധിയുമായി പൊലീസ് സുരക്ഷയിൽ ശബരിമലയിലെത്തിയ രഹ്നാ ഫാത്തിമയുടെ അതിമോഹം പൊളിഞ്ഞു. പതിനെട്ടാംപടി ചവിട്ടി ചരിത്രം സൃഷ്ടിക്കാമെന്നുള്ള രഹ്നയുടെ മോഹത്തിന് തന്ത്രിയുടെ നിലപാട് തിരിച്ചടിയായപ്പോൾ സുരക്ഷയൊരുക്കിയ പൊലീസ് തന്നെ രഹ്നയെ തിരിച്ച് മലയിറക്കുന്നു. ആക്ടിവിസ്റ്റ് മലചവിട്ടിയാൽ ആചാര ലംഘനത്തിന് നടയടക്കുമെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയതോടെ രഹ്നയെയും ഒപ്പമുള്ള മാധ്യമ പ്രവർത്തകയേയും തിരിച്ച് മലയിറക്കാൻ പൊലീസ് ഒരുങ്ങുകയായിരുന്നു. തിരിച്ചു പോകാതെ നിവർത്തിയില്ലെന്നായതോടെ രഹ്നയും മാധ്യമ പ്രവർത്തക കവിതയും തിരിച്ച് മലയിറങ്ങാൻ ഐജി നിർദ്ദേശിക്കുക ആയിരുന്നു. ഇതോടെ കനത്ത പൊലീസ് കാവലിൽ ഇരുവരും മലയിറങ്ങി തുടങ്ങി.

കടകംപള്ളിയെ തള്ളി കോടിയേരി

ആക്റ്റിവിസ്റ്റുകൾക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമലയെന്ന് പറഞ്ഞ കടകംപള്ളി പിന്നീട് നിലപാട് മാറ്റുകയും ചെയ്തിരുന്നു. ആക്റ്റിവിസ്റ്റുകൾ ശബരിമലയിൽ പോകരുത് എന്ന നിലപാട് പാർട്ടിക്കില്ലെന്നും എന്നാൽ അത് പ്രശ്നങ്ങൾ ഉണ്ടാക്കാൻ വേണ്ടി ആകരുതെന്നും കോടിയേരി വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം മന്ത്രി നിലപാട് മാറ്റിയത്.

പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ച പറ്റിയെന്ന് മന്ത്രി പറഞ്ഞതും സിപിഎം സെക്രട്ടറി തിരുത്തിയിരുന്നു. പൊലീസ് ചെയ്തത് സുരക്ഷ ഒരുക്കുക എന്നതാണ്. കോടതി വിധി നടപ്പിലാക്കാനുള്ള ബാധ്യത പൊലീസിനുണ്ട്. കലാപം നടക്കും എന്ന സ്ഥിതിയിലാണ് താൻ ഇടപെട്ടതെന്നാണ് കടകംപള്ളി പറഞ്ഞത്. ശബരിമല വിഷയത്തിൽ സർക്കാരിന് വീഴ്ച പറ്റരുതെന്നും വളരെ ശ്രദ്ധിച്ച് വേണം ഈ വിഷയത്തിൽ ഇടപെടാനെന്നും പാർട്ടി നേരത്തെ തന്നെ താക്കീത് നൽകിയിരുന്നു.

വിശ്വാസിയാണെങ്കിൽ ഏത് ആക്റ്റിവിസ്റ്റിനും മല കയറാം. എന്നാൽ സ്ത്രീയായാലും പുരുഷനായാലും ശരി അവർ ആക്റ്റിവിസ്റാറാണെങ്കിലും മറ്റാരെങ്കിലുമാണെങ്കിലും അത് പ്രശ്നമുണ്ടാക്കാൻ വേണ്ടി ആകരുത് എന്നാണ് നിലപാട് എന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇടതുമുന്നണി ആരുടെയും വിശ്വാസത്തിന് എതിരല്ല.പക്ഷെ യുവതികൾ മടങ്ങിയത് പൊലീസിന്റെ വീഴ്‌ച്ച കൊണ്ടല്ല.തന്ത്രിയുടെ നിലപാട് കാരണമാണ് അവർ മടങ്ങിയത്.പൊലീസിന് യുവതികളെ എടുത്ത് സന്നിധാനത്തിലെത്തിക്കാൻ പറ്റില്ല

യുവതികൾ മരക്കൂട്ടവും പിന്നിട്ട് സന്നിധാനത്തിന് അടുത്തെത്തിയതോടെ പ്രതിഷേധങ്ങൾ ആളിക്കത്തിയതിനു പിന്നാലെയാണ് വിശ്വാസികൾക്ക് അനുലൂകമായ നിലപാടുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എത്തുന്നത്. പ്രശ്നങ്ങളുണ്ടാക്കാനാണ് അക്ടിവിസ്റ്റുകൾ മലയിലെത്തുന്നതെന്ന നലിപാട് മന്ത്രി എടുക്കു ആയിരുന്നു. ഇത്തരം പ്രശ്നക്കാരെ അംഗീകരിക്കില്ലെന്നും അവർക്ക് പിന്തുണ നൽകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു. ശബരിമലയിൽ ഉയർന്ന ശരണം വിളികളാണ് കടകംപള്ളി സുരേന്ദ്രനെ കൊണ്ട് ഇത് പറഞ്ഞത്. വിശ്വാസികൾക്കൊപ്പമാണ് സർക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും അറിയിച്ചതും യുവതികൾക്ക് തിരിച്ചടിയായി.

ശബരിമലയിൽ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം ആളിക്കത്തുകയായിരുന്നു. കിസ് ഓഫ് ലൗ പ്രവർത്തക രഹ്നാ ഫാത്തിമയേയും മാധ്യമ പ്രവർത്തക കവിതയേയും കൊണ്ട് ഇതോടെ പൊലീസ് മലയിറങ്ങുകയായിരുന്നു. ഭരണഘടനാ ബാധ്യത സർക്കാരിനുണ്ട്. എന്നാൽ ആക്ടിവിസ്റ്റുകൾക്ക് കയറി ഇടപെടാൻ ശബരിമലയെ അനുവദിക്കില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതോടെയാണ് രഹ്നാ ഫാത്തിമയ്ക്കും മാധ്യമ പ്രവർത്തകയായ കവിതയ്ക്കും തിരിച്ചു മടങ്ങേണ്ട അവസ്ഥ വന്നത്. മരക്കൂട്ടം വരെ പൊലീസ് ഇരുവരേയും എത്തിച്ചു. ഇതോടെ അയ്യപ്പ ഭക്തർ ഒരുമിച്ച് കൂടി. നടപന്തലിൽ അഞ്ഞൂറോളം ഭക്തർ നിരന്ന് കിടന്നു. അയ്യപ്പ ശരണമന്ത്രങ്ങൾ ഉയർന്നു. ഇതോടെ ഐജി ശ്രീജിത്ത് എത്തി ഭക്തരോട് കാര്യങ്ങൾ വിശദീകരിച്ചു. വിശ്വാസികളെ മറികടന്ന് മുന്നോട്ട് പോകില്ലെന്നും അറിയിച്ചു. ഇതിന് പിന്നാലെയാണ് സർക്കാർ നയപരമായ തീരുമാനം മന്ത്രി തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇതോടെ ആക്ടിവിസ്റ്റുകളാണ് എത്തിയതെന്ന് പൊലീസും സർക്കാരും സമ്മതിക്കുന്ന അവസ്ഥയും വന്നു.

അങ്ങനെ സ്ത്രീ പ്രവേശനത്തിന്റെ മറവിൽ ശബരിമലയിൽ എത്തുന്നവർ ആക്ടിവിസ്റ്റുകളാണെന്ന് സർക്കാരും പ്രഖ്യാപിക്കുന്ന അവസ്ഥയാണ്. കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് സർക്കാർ തിരിച്ചറിഞ്ഞതാണ് ഇതിന് കാരണം. ആക്ടിവിസ്റ്റുകളെ കയറ്റിയാൽ അത് സർക്കാരിന് വലിയ തിരിച്ചടിയാകും. അതുകൊണ്ടാണ് അടിയന്തര ഇടപെടൽ വരുന്നത്. ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകും. ഇത് സർക്കാർ അംഗീകരിക്കുമെന്നും മന്ത്രി അറിയിച്ചു. സോഷ്യൽ മീഡിയയിലെ വിവാദ നായിക രഹ്നാ ഫാത്തിമ സന്നിധാനത്തേക്ക് ഇരുമുടിയുമായെത്തിയാണ് സർക്കാരിനേയും വെട്ടിലാക്കിയത്. ഇതാണ് നയപരമായ തീരുമാനം എടുക്കാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചാണ് കടകംപള്ളി തീരുമാനം എടുത്തത്.

അവിശ്വാസികൾ കയറിയാൽ നടപൂട്ടി താക്കോലെടുക്കും- തന്ത്രി
ശരണം വിളികളോടെയാണ് പൊലീസിന്റെ പുതിയ തീരുമാനത്തെ അയ്യപ്പ ഭക്തർ വരവേറ്റത്. അവിശ്വാസികൾ കയറിയാൽ നടപൂട്ടി താക്കോൽ ദേവസ്വത്തിന് കൈമാറുമെന്ന് തന്ത്രി നിലപാടെടുത്തതോടെയാണ് മലകയറിയേ അടങ്ങൂ എന്ന വാശിയോടെ പ്രതിഷേധക്കാരെ വകവെയ്ക്കാതെ നിലയുറപ്പിച്ച രഹ്നയ്ക്കും കവിതയ്ക്കും തിരിച്ചിറങ്ങേണ്ടി വന്നത്. ആചാരം ലംഘിച്ചാൽ നടയടച്ച് പരിഹാര ക്രിയകൾ നടത്തുമെന്ന് തന്ത്രി അറിയിച്ചു. വിവാദമായ പ്രതിഷേധ സമരങ്ങളിലൂടെ ശ്രദ്ധേയയായ ആക്ടിവിസ്റ്റ് പതിനെട്ടാംപടി ചവിട്ടിയാൽ നടപൂട്ടി താക്കോലെടുക്കുമെന്ന ഉറച്ച നിലപാട് തന്ത്രി കണ്ഠരര് രാജീവര് കൈക്കൊള്ളുകയായിരുന്നു. അദ്ദേഹം ഇത് മാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഇതോടെ യുവതിക്ക് സന്നിധാനത്തേക്ക് എത്തിയ പൊലീസും കുഴങ്ങി. ഇതിന് പുറമേ മന്ത്രി കടകം പള്ളിയുടെ നിലപാടും ശക്തമായതോടെ യുവതികൾക്ക് പൊലീസിനൊപ്പം തിരിച്ചിറങ്ങേണ്ടി വരികയായിരുന്നു.

പൂജനിർത്തിവെച്ച് പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധിച്ച് പരികർമ്മികൾ
ശബരിമലയിലെ പരികർമ്മികളും യുവതികളുടെ ക്ഷേത്ര പ്രവേശനത്തിനെതിരായി ജോലി നിർത്തിവെച്ചു സമരത്തിനിരുന്നു. പരികർമികൾ പൂജ നിർത്തിവെച്ച് പതിനെട്ടാംപടിക്ക് താഴെയാണ് പ്രതിഷേധവുമായി എത്തിയത്. രണ്ട് യുവതികൾ മല ചവുട്ടി നടപ്പന്തൽ വരെയെത്തിയ സാഹചര്യത്തിലാണ് പരികർമികളുടെ പ്രതിഷേധം. ഇവർക്കൊപ്പം നിരവധി ഭക്തരും പ്രതിഷേധം നടത്തുന്നുണ്ട്. ശരണം വിളികളോടെയാണ് പ്രതിഷേധം. യുവതികൾ കയറുന്നത് ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് പരികർമികൾ നടത്തിയത്. ഇതും യുവതികൾക്ക് തിരിച്ചടിയായി.

നട അടച്ച് താക്കോൽ നൽകണമെന്ന് പന്തളം കൊട്ടാരം
യുവതികൾ പതിനെട്ടാംപടി കയറിയാൽ പൂജ നിർത്തണമെന്നും നട അടച്ച് താക്കോൽ നൽകണമെന്നും പന്തളം കൊട്ടാരത്തിൽനിന്ന് നേരത്തേ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു തന്ത്രിയുടെ നിലപാടും യുവതികൾക്ക് തിരിച്ചടിയായത്. ഇതോടെ പൊലീസിന് യുവതികളേയും കൊണ്ട് പിന്മാറേണ്ടി വരികയായിരുന്നു.

വത്തക്കാ സമരത്തിലൂടെ മാറുതുറന്ന് കാട്ടിയ സമര നായിക
വേറിട്ട പ്രതിഷേധവുമായി ചർച്ചകളിൽ നിറഞ്ഞ വ്യക്തിയാണ് രഹ്ന. അത്തരത്തിൽ ഒരു സമരത്തിന്റെ ഭാഗമായി തന്നെയാണ് രഹ്നാ ഫാത്തിമ ശബരിമലയിലും എത്തിയത്. അതുകൊണ്ട് തന്നെയാണ് ഒരു ആക്ടിവിസ്റ്റിന്റെ സമരത്തെ സർക്കാരും തടഞ്ഞത്. ചുംബന സമരവും വത്തക്കാ സമരവും മാറു തുറക്കലുമായി വിവാദങ്ങളിൽ ഇടംപിടിച്ചയാളാണ് രഹ്നാ ഫാത്തിമ. ഇത്തരത്തിൽ ഒരു ആക്ടിവിസ്റ്റ് ശബരിമലയിൽ എത്തിയത് മനപ്പൂർവ്വം കുഴപ്പം ഉണ്ടാക്കാൻ തന്നെയാണ്. ഇതുകൊണ്ടാണ് സർക്കാരും രഹ്നാ ഫാത്തിമയെ അനുകൂലിക്കാതിരുന്നത്. ചുംബന സമരപങ്കാളിത്തത്തിലൂടെ പ്രതിരോധ സമരങ്ങളിൽ സജീവമായ വ്യക്തികളാണ് രഹ്നയും പങ്കാളി മനോജും. കൊച്ചിയിൽ താമസക്കാരിയായ രഹ്ന ബി എസ് എൻ എൽ ജീവനക്കാരിയുമാണ്.

മാറു തുറക്കൽ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രഹ്ന എടുത്ത ചിത്രം ആക്ടിവിസ്റ്റും സുഹൃത്തുമായ ദിയ സന ഫേസ്‌ബുക്കിൽ പങ്കുവച്ചത് ഏറെ ചർച്ചയായിരുന്നു. തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്യുന്ന രണ്ട് ചിത്രങ്ങളാണ് ദിയ സന പോസ്റ്റ് ചെയ്തത്. എന്നാൽ ഈ പോസ്റ്റ് ഫേസ്‌ബുക് കമ്യൂണിറ്റി സ്റ്റാന്റേർഡിന് നിരക്കുന്നില്ലെന്ന പേരിൽ നീക്കം ചെയ്തു.

മാറുമറക്കൽ സമരത്തിനും പൊതുബോധത്തിൽ നിൽക്കുന്ന സ്ത്രീകൾ എതിരായിരുന്നു. അമ്മായിയമ്മ കാണാതെ റൂമിനുള്ളിൽ കതകടച്ച് ഭർത്താവിന് കാണാൻ മാത്രം ബ്ലൗസ് ധരിച്ച സത്രീകളെ ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ബ്ലൗസ് ധരിച്ച് സമരം ചെയ്തുകൊണ്ടിരിക്കുമ്പോൾ തമ്പ്രാക്കൾ സൂക്ഷിച്ച് നോക്കിയപ്പോൾ നാണം വന്ന് ബ്ലൗസും ഊരി തോളിലിട്ട് സമരത്തിൽ നിന്ന് നടന്നുപോയ സ്ത്രീകളും ഉണ്ടായിരുന്നു- ദിയ സനയിട്ട സ്വന്തം ചിത്രത്തിനു കീഴിൽ രഹ്ന ഇങ്ങനെയാണ് കുറിച്ചത്. അങ്ങനെ വിവാദങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തിത്വമാണ് രഹ്ന.

ചുംബന സമരത്തിലെ പങ്കാളിത്തത്തിനു ശേഷമാണ് ശരീര രാഷ്ട്രീയ പ്രവർത്തനം രഹ്ന ആരംഭിച്ചത്. തന്റെ ബിക്കിനി ചിത്രം സോഷ്യൽ മീഡയിയിൽ ഇട്ടതിന് രഹ്ന മതവാദികളുടെ വധ ഭീഷണി നേരിട്ടിരുന്നു. മുസ്ലിം സ്ത്രീ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന പേരിലായിരുന്നു അന്നത്തെ ആക്രമണം. പുരുഷന്മാർ ആധിപത്യം സ്ഥാപിച്ച തൃശൂരിലെ പുലിക്കളിയിൽ ആദ്യത്തെ പെൺപുലിയായി 2016ൽ രഹ്ന ചരിത്രം സൃഷ്ടിച്ചു. നഗ്‌നശരീരത്തിലായിരുന്നു പുലി വര. ചരിത്രത്തിൽ ആദ്യമായി തൃശൂർ പൂരത്തോടനുബന്ധിച്ച് പെൺ പുലിക്കളി സംഘം ഇറങ്ങിയതും രഹ്നയുടെ നേതൃത്വത്തിലായിരുന്നു. പുലിയായി വേഷമിട്ട് രഹ്നയും പെൺപടയും തൃശൂരിൽ താരങ്ങളായി.

പിന്നീട് ഏക എന്ന സിനിമയിലൂടെ ശരീരത്തെ കൂടുതൽ വിപുലമായ ആവിഷ്‌കാരത്തിലേയ്ക്ക് രഹ്ന അവതരിപ്പിച്ചു. സിനിമയുടെ ട്രെയ്‌ലറുകളും പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടി. തൃശൂർ പുലികളിയിൽ പെൺപുലിയായി വേഷമിട്ടും രഹ്ന വാർത്തകളിൽ ഇടം നേടിയിരുന്നു. നഗ്‌ന ശരീരത്തിൽ പുലികളിയുടെ പെയിന്റ് അടിച്ചായിരുന്നു പുലികളിക്ക് എത്തിയത്.