തിരുവനന്തപുരം : ശബരിമലയിൽ പ്രവേശിക്കാൻ തനിക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തത് പത്തനംതിട്ട ജില്ലാ കലക്ടർ പിബി നൂഹും,ഐ ജി മനോജ് എബ്രാഹാമുമാണെന്ന വെളിപ്പെടുത്തലുമായി ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ. ജനം ടിവിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മാധ്യമ പ്രവർത്തകനുമായി നടത്തിയ സംസാരത്തിനിടയിലാണ് രഹ്ന ഫാത്തിമ വിശ്വാസ ലംഘനം നടത്താൻ സർക്കാർ സഹായം വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തിയതെന്നാണ് ജനം ടിവി ആരോപിക്കുന്നത്. രഹ്നയ്ക്ക് ഇടതുപക്ഷ ബന്ധമാണുള്ളതെന്നും വാർത്ത പറയുന്നു. ഈ വിവാദം സോഷ്യൽ മീഡിയയും ബിജെപിയും ഏറ്റെടുക്കുകയാണ്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുമായി രഹ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്നും ജനം ടിവി പറയുന്നു. എന്റ ചങ്ക് സഹാദരൻ എന്ന തരത്തിൽ രഹ്ന ഫോട്ടോ പോസ്റ്റ് ചെയ്ത ചിത്രത്തിൽ പറയുന്നു. മകന്റെ അടുത്ത സുഹൃത്തായതു കൊണ്ടാണ് രഹ്നയെ ആക്ടിവിസ്റ്റായി കോടിയേരി വിശദീകരിക്കാത്തതെന്നും ജനം ടിവി പറയുന്നു. പല രാഷ്ട്രീയ നേതാക്കളുമായി രഹ്ന നിൽക്കുന്ന ചിത്രവും പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ രഹ്ന ഇടതു പക്ഷക്കാരിയാണെന്ന് ജനം ടിവി പറയുന്നു. ഇതോടെ രഹ്നയുടെ ഇടതുപക്ഷ ബന്ധം ആരോപിച്ച് സംഘപരിവാർ അണികളും സോഷ്യൽ മീഡിയയിൽ സജീവമായി. ശബരിമലയിൽ സിപിഎമ്മിന്റെ ഗൂഢാലോചനയാണ് നടക്കുന്നതെന്ന വാദമാണ് പരിവാറുകാർ ഉയർത്തുന്നത്.

തന്നെ സന്നിധാനത്ത് പ്രവേശിപ്പിക്കാമെന്ന് പൊലീസ് ഉറപ്പ് തന്നിരുന്നു.ആദ്യം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട തനിക്ക് പമ്പയിലെ ഗണപതി കോവിൽ വരെ സ്വന്തം റിസ്‌ക്കിൽ വരാനായിരുന്നു നിർദ്ദേശമെന്നുമാണ് രഹ്നയുടെ പുറത്തു വന്ന ഓഡിയോയിൽ ഉള്ളത്. അവിടെ നിന്ന് സംരക്ഷണം നൽകാമെന്ന് അറിയിച്ചു.ഉന്നത ഉദ്യോഗസ്ഥരോട് സംസാരിച്ച് ബാക്കി തീരുമാനിക്കാമെന്ന് സ്റ്റേഷനിൽ ഉണ്ടായിരുന്നവർ അറിയിച്ചെങ്കിലും താൻ ജില്ലാ കലക്ടർ നൂഹിനോടും,ഐ ജി മനോജ് എബ്രാഹാമിനോടും സംസാരിച്ചിരുന്നതായും അവർക്ക് സന്ദേശം നൽകിയിരുന്നതായും സ്റ്റേഷനിൽ ഉണ്ടായിരുന്നവരെ അറിയിച്ചു.

താൻ പുറപ്പെടും മുൻപും വിവരം ഇരുവരെയും അറിയിച്ചിരുന്നു. പമ്പയിലെത്തിയാൽ സംരക്ഷണം നൽകാമെന്ന് കലക്ടറും ഉറപ്പ് പറഞ്ഞു. ഗണപതി കോവിൽ എത്തുംവരെ തന്നെ ആരും തിരിച്ചറിഞ്ഞിരുന്നില്ല.പെൺകുട്ടിയാണെന്ന് പോലും മനസില്ലാക്കാൻ കഴിഞ്ഞില്ല. ഐ ജി ശ്രീജിത്ത് നല്ല രീതിയിൽ പിന്തുണ നൽകിയിരുന്നു. തയ്യാറാണെങ്കിൽ നിങ്ങളെ അവിടെ എത്തിക്കുമെന്ന് തന്നെ ശ്രീജിത്ത് ഉറപ്പ് നൽകിയിരുന്നു. അവരുടെ പ്രൊട്ടക്ഷനിൽ നിന്നും പിന്മാറരുതെന്ന് നിർദ്ദേശിച്ചിരുന്നു.പൊലീസ് നല്ല രീതിയിൽ സഹായിച്ചു.പക്ഷെ കുറച്ച് മുന്നോട്ട് പോയി കഴിഞ്ഞപ്പോൾ പിന്നെ പോകാൻ പറ്റാതെ വന്നു.അതാണ് പിന്മാറിയത്.

തനിക്ക് ബിജെപിയുമായി ഒരു വിധത്തിലും ബന്ധമില്ല.സ്‌ക്കൂൾ തലം മുതലും,ഇപ്പോൾ ജോലിയുമായി ബന്ധപ്പെട്ടും തനിക്ക് ഇടതുപക്ഷ മനോഭാവമാണുള്ളത്.കെ സുരേന്ദ്രനുമായും തനിക്ക് ബന്ധമില്ല. താൻ ശബരിമലയിൽ പ്രവേശിച്ചതിനെതിരെ പ്രതികരിച്ചപ്പോഴാണ് അദ്ദേഹത്തെ കാണുന്നത് തന്നെ.രശ്മി നായർ തന്നോട് പക വീട്ടാനാണ് കെ സുരേന്ദ്രനുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നതായി ആരോപിക്കുന്നതെന്നും രഹ്ന ഫാത്തിമ പറഞ്ഞു. ബി എസ് എൻ എല്ലിലെ ഇടതുപക്ഷ യൂണിയൻ അംഗമാണ് രഹ്നാ ഫാത്തിമയെന്നും ജനം ആരോപിക്കുന്നു.

അതിനിടെ സ്ത്രീകൾ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചാൽ അശുദ്ധിയാകുമെന്ന് പറഞ്ഞ ശബരിമല തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് രഹ്ന വിശദീകരിച്ചിട്ടുണ്ട്. തന്ത്രി സ്ത്രീത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. ഇത്തരം മാനസിക അവസ്ഥയിലുള്ളവർ അവിടെയുള്ളിടത്തോളം ഇനി താൻ ശബരിമലയിലേക്കില്ലെന്നും രഹ്ന പറഞ്ഞു. ശബരിമലയിൽ ആക്ടിവസം തെളിയിക്കാനോ, ആദ്യ സ്ത്രീയെന്ന ഖ്യാതിക്കോ വേണ്ടിയല്ല പോയത്. സ്ത്രീകൾ കയറുന്നത് അശുദ്ധിയാണെന്ന് തന്ത്രി ഉൾപ്പടെ പറയുന്നുവെന്നും രഹ്ന കുറ്റപ്പെടുത്തി.

ശബരിമല കയറുന്നതിന് മുൻപ് കളക്ടറെയും, ഐജി മനോജ് എബ്രഹാമിനെയും ഫോണിൽ ബന്ധപ്പെട്ടിരുന്നു. സുരക്ഷ നൽകുമെന്ന ഉറപ്പിലാണ് പമ്പയിലെത്തിയതെന്നും രഹ്ന വ്യക്തമാക്കി. ബിജെപി നേതാവ് കെ. സുരേന്ദ്രനുമായി നേരിട്ട് ഒരു പരിചയവുമില്ല. മാധ്യമങ്ങളിലൂടെ മാത്രമെ അദ്ദേഹത്തെ കണ്ടിട്ടുള്ളൂ. രണ്ട് വർഷം മുൻപ് സുരേന്ദ്രൻ ഒരു ഫേസ്‌ബുക്ക് പോസ്റ്റിൽ തന്നെ ടാഗ് ചെയ്തത് പരിചയത്തിന്റെ പേരിലല്ല. സമാനചിന്താഗതിയായതിനാൽ ഫേസ്‌ബുക്കിൽ ടാഗ് അഭ്യർത്ഥന വന്നപ്പോൾ താൻ സ്വീകരിക്കുകയായിരുന്നു. കെ സുരേന്ദ്രൻ അറിഞ്ഞ് കൊണ്ട് തന്നെ പോസ്റ്റിൽ ഉൾപ്പെടുത്തി എന്ന് വിചാരിക്കുന്നില്ലെന്നും രഹ്നയും പറഞ്ഞു.