ന്യൂഡൽഹി; കത്വ, ഉന്നാവ് സംഭവങ്ങളിൽ പ്രതിഷേധാഗ്നി കത്തിക്കാനാണ് കോൺഗ്രസ് തീരുമാനം. ഡൽഹിയിലെ നിർഭയയുടെ കൊലപാതകമായിരുന്നു യുപിഎ സർക്കാരിന് തിരിച്ചടിയായത്. ഇതിനെതിരെ ദേശ വ്യാപക പ്രക്ഷോഭമെത്തി. ഇതും മന്മോഹൻ സിങ് സർക്കാരിന്റെ പതനത്തിന് കാരണമായി. സ്ത്രീ മനസ്സുകളെ ബിജെപിയോട് അടുപ്പിച്ചതും മോദിയെ അധികാരത്തിലെത്തിച്ചതും നിർഭയയുടെ പങ്ക് വലുതാണ്. ഇത് കോൺഗ്രസും തിരിച്ചറിയുന്നു. ബിജെപി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ കത്വ പ്രശ്‌നം ചർച്ചയാക്കാനാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം. രാഹുൽ ഗാന്ധിക്ക് എല്ലാ വിധ പിന്തുണയുമായി പ്രിയങ്കാ ഗാന്ധിയും ഉണ്ടാകും.

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കു വേണ്ടിയും രാജ്യമാകെ മെഴുകുതിരി കത്തിച്ചു കൂട്ടായ്മകൾ നടത്തണമെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആഹ്വാനം ചെയ്യുന്നത് ഇതിന് വേണ്ടിയാണ്. ഡൽഹിയിലെ ഇന്ത്യ ഗേറ്റ് പരിസരത്തു വ്യാഴാഴ്ച രാത്രി മെഴുകുതിരി വെളിച്ചത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ രാഹുലിനൊപ്പം സഹോദരി പ്രിയങ്കാ ഗാന്ധിയും ഭർത്താവ് റോബർട് വാധ്‌രയും മകൾ മിരായയും പങ്കെടുത്തിരുന്നു. അർധരാത്രിയിലും പ്രതിഷേധത്തിൽ പങ്കെടുക്കാൻ വൻ ജനാവലി എത്തിയിരുന്നു. സ്ത്രീകളെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ സ്ത്രീ സുരക്ഷ ചർച്ചയാക്കാനാണ് തീരുമാനം. ഇതിലൂടെ മോദിയുടെ ഇമേജ് തകർക്കാമെന്നും അധികാരത്തിൽ വീണ്ടുമെത്താമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നു.

മോദിയെ കടന്നാക്രമിക്കുന്ന പ്രതികരണങ്ങൾ രാഹുൽ നടന്നിരുന്നു. നിശബ്ദത പാലിക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും പ്രധാനമന്ത്രിയുടെ വാക്കുകൾക്കായി രാജ്യം കാത്തിരിക്കുകയാണെന്നും രാഹുൽ പറഞ്ഞു. പ്രധാനമന്ത്രിക്കു മുമ്പിൽ രണ്ടു ചോദ്യങ്ങളുയർത്തിയാണു ട്വിറ്ററിലൂടെയുള്ള രാഹുലിന്റെ വിമർശനം. 'പ്രധാനമന്ത്രി, നിങ്ങളുടെ നിശബ്ദത അംഗീകരിക്കാനാകില്ല' എന്നു വ്യക്തമാക്കുന്നതിനു പിന്നാലെയാണു രണ്ടു ചോദ്യങ്ങൾ രാഹുൽ ഉയർത്തിയത്.

1. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർധിക്കുന്നതിരോട് താങ്കളുടെ നിലപാട് എന്താണ്? 2. കുറ്റാരോപിതരായ പീഡകരെയും കൊലപാതകികളെയും ഭരണകൂടം സംരക്ഷിക്കുന്നതിന്റെ സാംഗത്യമെന്താണ്? എന്നീ ചോദ്യങ്ങൾക്കൊടുവിൽ, മറുപടിക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്നും രാഹുൽ കുറിച്ചു. 'സ്പീക്കപ്പ്' എന്ന ഹാഷ്ടാഗും രാഹുൽ ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്. ഉന്നാവ് സംഭവത്തിൽ പ്രധാനമന്ത്രി മൗനം തുടരുകയാണെന്ന് ആരോപിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ നേരത്തേ രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് പ്രധാനമന്ത്രി പ്രതികരണത്തിന് തയ്യാറായത്.

രാഹുലിന്റെ അഭിപ്രായങ്ങൾ ഏറ്റെടുത്തു. വനിതാ, യുവജന, വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.സമൂഹ മാധ്യമങ്ങളിലും വിഷയം പ്രതിഷേധക്കൊടുങ്കാറ്റിനിടയാക്കി. സിനിമാ താരങ്ങളുൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധങ്ങൾക്കു പിന്തുണയുമായെത്തി. കത്തുവ, ഉന്നാവ് സംഭവങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ഇന്ത്യാ ഗേറ്റിലേക്കു മെഴുകുതിരികളുമേന്തി പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.