ബംഗളൂരു: സോണിയാഗാന്ധിയെന്ന ഇന്ത്യയുടെ മരുമകളെ നിരന്തരം കളിയാക്കിയിരുന്നു കോൺഗ്രസിന്റെ എതിരാളികൾ. മദാമ്മയെന്നും വിദേശിയെന്നും വിളിച്ചും ഇറ്റലിക്കാരിയെന്ന് പ്രചരിപ്പിച്ചും സോണിയയെ ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിൽ നിന്നുവരെ അവരെ തടഞ്ഞു.

മറ്റു പാർട്ടികളിലെ രാഷ്ട്രീയ എതിരാളികൾക്ക് മാത്രമല്ല, കോൺഗ്രസിൽ തന്നെയുള്ള അവരുടെ എതിരാളികൾക്കും ഈ പ്രചരണത്തിൽ പങ്കുണ്ടായിരുന്നു. എന്നാൽ ഇത്തരം പ്രചരണങ്ങൾ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തുടരുന്നവർക്കെതിരെ ശക്തമായ ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് കോൺഗ്രസ് അധ്യക്ഷൻ കൂടിയായ മകൻ രാഹുൽ ഗാന്ധി.

മറ്റു പലരെക്കാളും മികച്ച ഇന്ത്യക്കാരിയായാണ് തന്റെ അമ്മ ഈ രാജ്യത്തു ജീവിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കർണാടകത്തിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുൽ വികാരഭരിതനായി ഇത്തരം പ്രചരണങ്ങളോട് പ്രതികരിച്ചത്. 'ജീവിതത്തിന്റെ ഏറിയ പങ്കും ഈ നാട്ടിൽ ജീവിച്ചയാളാണ് അമ്മ. ഈ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളും സഹനങ്ങളും നിറഞ്ഞ ജീവിതത്തിലൂടെയാണ് അവർ കടന്നുപോയത്' - പ്രധാനമന്ത്രി നരേന്ദ്ര മോദി സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ പൈതൃകത്തെ വിമർശിച്ചതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറഞ്ഞുകൊണ്ട് രാഹുൽ പ്രതികരിച്ചു.

കർണാടക തിരഞ്ഞെടുപ്പു പ്രചാരണ സമാപനത്തിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ അമ്മ സോണിയയെക്കുറിച്ചു പറയുമ്പോൾ രാഹുൽ വികാരഭരിതനായി. തന്നെ പുത്രവധുവായി ഇന്ത്യയിലേക്ക് സ്വീകരിച്ച ഭർതൃമാതാവ് ഇന്ദിരാഗാന്ധിയുടെ ജീവനും പിന്നീട് ഭർത്താവായ രാജീവ് ഗാന്ധിയുടെ തന്നെ ജീവനും രാജ്യത്തിന് വേണ്ടി പ്രവർത്തിച്ചതിന്റെ പേരിൽ നഷ്ടപ്പെടുന്നത് കണ്ട സോണിയയെ ഇത്തരം പരാമർശങ്ങളിലൂടെ മോദിയുൾപ്പെടെ അപമാനിക്കുന്നതിനെ തുറന്നുകാട്ടുകയായിരുന്നു രാഹുൽ.

'അമ്മയെ അധിക്ഷേപിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നിലവാരമാണ് വ്യക്തമാക്കുന്നത്. ഒരിക്കൽ ബുദ്ധനെക്കാണാൻ വന്ന ഒരാൾ അദ്ദേഹത്തോട് ആക്രോശിച്ചു. വളരെ മോശമായി പെരുമാറി. ബുദ്ധൻ ഒന്നും തിരിച്ചുപറഞ്ഞില്ല. മടങ്ങിപ്പോയപ്പോൾ ശിഷ്യന്മാർ അദ്ദേഹത്തോട് എന്താണു പ്രതികരിക്കാഞ്ഞതെന്നു ചോദിച്ചു. അപ്പോൾ ബുദ്ധൻ പറഞ്ഞു: അയാൾക്കു ദേഷ്യം ഒരു സമ്മാനമായി കിട്ടിയിട്ടുണ്ട്. ഞാനത് ഏറ്റെടുക്കുന്നില്ല.

ദേഷ്യവും പകയും ഉള്ളിൽ സൂക്ഷിച്ചു സംസാരിക്കുന്നയാളാണു പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. അദ്ദേഹത്തിന്റെ ദേഷ്യമാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. എന്നെയും ഒരു ഭീഷണിയായി അദ്ദേഹം കാണുന്നു. - ഇതായിരുന്നു രാഹുലിന്റെ പ്രതികരണം. 'എന്റെ അമ്മ ഇറ്റലിക്കാരിയാണ്. എന്നാൽ ജീവിതത്തിന്റെ ഭൂരിഭാഗവും അവർ ഇന്ത്യയിലാണ് ജീവിച്ചത്. മറ്റേത് ഇന്ത്യക്കാരനെക്കാളും ഇന്ത്യൻ ദേശീയത അവർ വച്ചുപുലർത്തുന്നുണ്ട്. ഇന്ത്യക്ക് വേണ്ടി ത്യാഗം സഹിച്ചവരാണ് എന്റെ അമ്മ.'- രാഹുൽ പറഞ്ഞു.

'മോദി എന്നെ ആക്രമിക്കുന്നത് ശ്രദ്ധ തിരിക്കാനാണ്. അദ്ദേഹത്തിന് കർണാടകയിലെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് ഒന്നും പറയാനില്ല. കർണാടക തെരഞ്ഞെടുപ്പ് രാഹുൽ ഗാന്ധിയെ ചുറ്റിപ്പറ്റിയല്ല.' മോദിയെ ഓർമ്മിപ്പിച്ചുകൊണ്ട് രാഹുൽ പറഞ്ഞു. ഇന്ന് കർണാടകത്തിൽ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കാനിരിക്കെയാണ് രാഹുലിന്റെ പ്രതികരണം.

കർണാടകത്തിന്റെ ഭാവിയെക്കുറിച്ചോ കർഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തിപരമായി വിമർശനങ്ങളുടെ വേദിയായി മോദി തിരഞ്ഞെടുപ്പിനെ മാറ്റി. 8000 കോടി രൂപയാണു സംസ്ഥാന സർക്കാർ കർഷകർക്കു കടാശ്വാസം നൽകിയത്. കേന്ദ്രം നയാപൈസ നൽകിയില്ല.

പുരോഗമനവാദികളായ കർണാടക ജനതയുടെ ജീവിതം ആർഎസ്എസ് നിയന്ത്രിക്കണമോയെന്ന് ജനങ്ങൾ തീരുമാനിക്കും. ഗുജറാത്തിൽ കോൺഗ്രസ് 30 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. എന്നിട്ട് എന്തു സംഭവിച്ചു? കോൺഗ്രസ് കർണാടകത്തിൽ അനായാസം അധികാരം നിലനിർത്തും. അതിനാൽ തിരഞ്ഞെടുപ്പിനുശേഷമുള്ള സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോൾ കോൺഗ്രസ് ചർച്ചചെയ്യുന്നുപോലുമില്ല. - രാഹുൽ നിലപാട് വ്യക്തമാക്കി.

കർണാടകയിലെ കോൺഗ്രസ് നേതൃത്വം ഒരേ വേദിയിൽ അണിനിരന്ന വേദിയിൽവച്ചായിരുന്നു രാഹുലിന്റെ പത്രസമ്മേളനം. ഡി.കെ.ശിവകുമാർ, കെപിസിസി പ്രസിഡന്റ് ജി.പരമേശ്വര, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവരെല്ലാം രാഹുലിനൊപ്പം എത്തി. കോൺഗ്രസ് കർണാടകയിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം പകരാനും ഈ നടപടിയിലൂടെ കഴിഞ്ഞെന്നാണ് വിലയിരുത്തലുകൾ.