ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടു ഇടപെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ലംഖിപൂരിലേക്ക് പോകാൻ അനുമതി. ബിജെപിക്ക് വിഷയം തിരിച്ചടിയായി മാറുമെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രധാനമന്ത്രി വിഷയത്തിൽ ഇടപെട്ടത്. പ്രധാനമന്ത്രി സംഭവത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് റിപ്പോർട്ട് തേടി. തുടർന്ന് യോഗി ആദിത്യനാഥ് പ്രധാനമന്ത്രിയുമായി ചർച്ച നടത്തി. സ്ഥിതിഗതികൾ യുപി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു.

ലഖിംപൂർ ഖേരിയിലെ സംഭവ വികാസങ്ങളിൽ ആരോപണ വിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര തേനി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ സന്ദർശിച്ചു. അജയ് മിശ്രയെ അമിത് ഷാ ഡൽഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ലഖിംപൂരിൽ കർഷകർ മരിക്കാനിടയായ സംഭവ വികാസങ്ങളിൽ കേന്ദ്രമന്ത്രിക്ക് വീഴ്ച ഉണ്ടായിയെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തൽ.

യുപിയിൽ നിയമസഭ തെരഞ്ഞെടുപ്പ് അടിത്ത വേളയിൽ അനാവശ്യ വിവാദത്തിന് വഴിവെക്കുന്ന നടപടിയാണ് ഉണ്ടായതെന്നും ബിജെപി നേതൃത്വം വിലയിരുത്തി. യുപി സർക്കാർ നൽകിയ റിപ്പോർട്ടിലും പൊലീസ് എഫ്ഐആറിലും കേന്ദ്രമന്ത്രിക്കും മകനുമെതിരെ പരാമർശങ്ങൾ ഉള്ളതായാണ് റിപ്പോർട്ടുകൾ. അതേസമയം കർഷകരെ ഇടിച്ചിട്ട വാഹനങ്ങളിൽ താനോ മകനോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര പറയുന്നത്.

മോദി വിഷയത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് കർഷകർ കൊല്ലപ്പെട്ട ലഖിംപുർ ഖേരി സന്ദർശിക്കുന്നതിന് കോൺഗ്രസ് നേതാക്കൾക്ക് ഉത്തർപ്രദേശ് സർക്കാർ സന്ദർശന അനുമതി നൽകിയത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും മറ്റു മൂന്ന് കോൺഗ്രസ് നേതാക്കളും ലഖിംപുരിലെത്തി കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ കാണും. കരുതൽ തടങ്കലിൽ ഉണ്ടായിരുന്ന പ്രിയങ്കയെ വിട്ടയച്ചിട്ടുണ്ട്.

എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പരമാവധി അഞ്ചു വീതം നേതാക്കൾക്കാണ് ലഖിംപുർ സന്ദർശിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്. നേരത്തെ സന്ദർശനത്തിന് മുതിർന്ന നേതാക്കളെ തടയുന്ന സമീപനമായിരുന്നു യുപി സർക്കാർ സ്വീകരിച്ചിരുന്നത്. ഇതേ തുടർന്ന് പ്രിയങ്കാ ഗാന്ധിയെ അടക്കം തടങ്കലിലാക്കിയിരുന്നു. നേരത്തെ, യുപി സന്ദർശനം നടത്താൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സംഘം അനുമതി തേടിയിരുന്നെങ്കിലും യുപി സർക്കാർ നിഷേധിച്ചിരുന്നു.

ലഖ്നൗവിൽ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനത്തെ വെല്ലുവിളിച്ചുകൊണ്ട് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും ഉച്ചയോടെ ലഖ്നൗവിലെത്തുകയുണ്ടായി. അതിനിടെ, സംഘർഷബാധിതമായ ലഖിംപൂർ ഖേരി സന്ദർശിക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധി, പഞ്ചാബ്, ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിമാർ എന്നിവർക്ക് യുപി ആഭ്യന്തര വകുപ്പ് അനുമതി നൽകി. എന്തു വന്നാലും ലഖിംപൂർ സന്ദർശിക്കുമെന്ന് രാഹുൽഗാന്ധി വ്യക്തമാക്കിയിരുന്നു. രാഹുലിനൊപ്പം എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമുണ്ട്.

യുപി സർക്കാർ അനുമതി നൽകിയതിന് പിന്നാലെ സിതാപൂരിൽ തടങ്കലിലായിരുന്ന പ്രയിങ്ക ഗാന്ധിയെ പൊലീസ് മോചിപ്പിച്ചു. 59 മണിക്കൂർ നീണ്ട തടങ്കലിന് ശേഷമാണ് പ്രിയങ്കയെ മോചിപ്പിച്ചത്. എഎപി സംഘവും ലഖിംപൂർ ഖേരി സന്ദർശിക്കുമെന്ന് പ്രസ്താവിച്ചിട്ടുണ്ട്. ഇതിനിടെ കർഷകർക്ക് നേരെ വാഹനം ഇടിച്ചുകയറ്റിയെന്ന് ആരോപണത്തിൽ ഉൾപ്പെട്ട കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയുടെ നേതൃത്വത്തിലാണ് കർഷകർക്ക് നേരെ വാഹനം കയറ്റിയതെന്നാണ് ആരോപണം. തനിക്കും മകനുമെതിരെ ഉയർന്ന ആരോപണം അജയ് മിശ്ര നിഷേധിച്ചിട്ടുണ്ടെങ്കിലും സംഭവത്തിൽ ബിജെപി ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം.