ന്യൂഡൽഹി: ആർഎസ്എസിൽ വനിതാ പ്രതിനിധികളില്ലെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് സംഘടനയുടെ മറുപടി. വനിതകളെ ഷോട്‌സിൽ കാണണമെങ്കിൽ രാഹുൽ ഹോക്കി കാണണമെന്ന മുതിർന്ന ആർഎസ്എസ് നേതാവ് മന്മോഹൻ വൈദ്യ പറഞ്ഞു.ആപ്പിളിനെ ഓറഞ്ചുമായി താരമ്യം ചെയ്യുന്നതിന് സമാനമാണ് രാഹുലിന്റെ പ്രസ്താവന.

സംഘപരിവാർ എന്താണെന്ന് രാഹുലിന് പ്രസംഗം തയാറാക്കുന്നവർക്ക് മനസിലായിട്ടില്ല. പ്രസംഗം തയാറാക്കുന്നതിനായി കുറച്ച് കൂടി ബുദ്ധിയുള്ള എഴുത്തുകാരെ രാഹുൽ കണ്ടെത്തണമെന്നും വൈദ്യ പരിഹസിച്ചു. ക്രിക്കറ്റ് ടീമും ഹോക്കി ടീമും പരസ്പരം ഏറ്റുമുട്ടുന്നത് പോലെയാണ് ആർ.എസ്.എസിന്റെ വനിതാ സാന്നിധ്യത്തെ കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന. ആർ.എസ്.എസിന്റെ ശക്തി വർധിപ്പിക്കുന്നത് സംബന്ധിച്ചത് രാഹുൽ ഗാന്ധിക്ക് വേവലാതി വേണ്ടെന്നും വൈദ്യ കൂട്ടിച്ചേർത്തു.

വനിതകൾക്ക് ആർ.എസ്.എസിൽ സ്ഥാനമില്ലെന്നും ഷോട്‌സിട്ട വനിതകളെ ആരെങ്കിലും ആർഎസ്എസ് ശാഖകളിൽ കണ്ടിട്ടുണ്ടോയെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഗുജറാത്തിൽ നടന്ന പ്രചാരണത്തിനിടെ ചോദിച്ചിരുന്നു.