കൊച്ചി: ഗുരുവായൂരിൽ ബിജെപിയുടെ തെരഞ്ഞടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേളയിൽ തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വറിന് അശുദ്ധമുണ്ടാകാതിരിക്കാൻ മാറ്റു സമുദായത്തിലെ ആളുകളെ അയിത്തം കൽപ്പിച്ച് മാറ്റിനിർത്തിയെന്ന വിധത്തിൽ വാർത്ത സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിയിൽ ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. ബിജെപി ചടങ്ങിൽ അവർണ്ണർക്ക് അശുദ്ധിയെന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത വലിയ തോതിൽ ചർച്ചയായതോടെ വാർത്തയോട് പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. തീർത്തും അസത്യമായ വാർത്തയാണ് ഇതെന്ന് രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു.

ഗുരുവായൂർ ബിജെപി തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉൽഘാടനത്തിന് ശബരിമല തന്ത്രി കുടുംബാഗമായാ രാഹുൽ ഈശ്വറിനെ പങ്കെടുപ്പിച്ചതിനാൽ മറ്റ് അവർണരെ അകറ്റി നിർത്തിയെന്നും, കസേര നൽകിയില്ലെന്നുമായിരുന്നു ദേശാഭിമാനി വാർത്ത. സിപിഐ(എം) മുഖപത്രം പ്രസിദ്ധീകരിച്ച വാർത്ത കല്ലുവച്ച നുണയാണെന്ന് രാഹുൽ ഈശ്വർ വ്യക്തമാക്കി. താൻ വിവാഹം കഴിച്ചിരിക്കുന്നത് പോലും ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള യുവതിയെ അല്ല. മാത്രവുമല്ല, അത്തരം ഒരു അയിത്ത സമീപനം തന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടായിട്ടില്ലെന്നും രാഹുൽ ഈശ്വർ പറയുന്നു.

ശബരിമലയുടെ 100 വർഷത്തെ ചരിത്രമെടുത്താൽ ഒരു തരത്തിലും ജാതീയത ഉണ്ടായിരുന്നില്ല എന്നും മഹാക്ഷേത്രങ്ങളായ ശബരിമലയിലും ഗുരുവായൂരും അബ്രാഹ്മണരെയും ശാന്തിയായി എടുക്കണമെന്ന് പറഞ്ഞു കോടതിയിൽ ഹർജി കൊടുത്ത ആളാണ് താനെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇങ്ങനെയുള്ള തന്നെപ്പറ്റി തീർത്തും നുണയായ കാര്യങ്ങൽ പറയാൻ ദേശാഭിമാനിക്ക് കുറച്ചെങ്കിലും ഉളുപ്പു വേണ്ടേയെന്നും രാഹുൽ ചോദിക്കുന്നു.

ഗുരുവായൂരിൽ നടന്ന ബിജെപി തിരഞ്ഞെടുപ്പ് ഓഫീസ് ഉൽഘാടന ചടങ്ങിൽ ഗുരുവായൂരിൽ നിന്നും ഒരു ഹിന്ദു എംഎൽഎ വേണമെന്ന് ആഗ്രഹമുണ്ടെന്ന് താൻ തുറന്നു പറഞ്ഞിരുന്നു. ഇതാകാം പാർട്ടി പത്രത്തെ പ്രകോപിപ്പിച്ചതെന്നും രാഹുൽ ഈശ്വർ അഭിപ്രായപ്പെട്ടു. 70 ശതമാനം ഹിന്ദുക്കളുള്ള ഗുരുവായൂരിൽ ബിഡിജെഎസ് ഉൾപ്പടെയുള്ള സമുദായ അംഗങ്ങൾ ഹിന്ദു എംഎൽഎയെയാണ് ആഗ്രഹിക്കുന്നത്. താൻ പറയുന്ന വിധത്തിലേക്ക് മറ്റുള്ളവർ ചിന്തിച്ചാൽ ബാധിക്കുക സിപിഎമ്മിനെയാണ്.

ഇപ്പോൾ ഗുരുവായൂർ നിയോജക മണ്ഡലത്തിൽ ഏകീകൃത മനസോടെ എൻഡിഎ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പ്രവർത്തിക്കുന്ന എല്ലാ ഹിന്ദു സമുദായ അഗങ്ങളുടെയും മനസ്സിൽ വീണ്ടും വിയോജിപ്പുകൾ ഉണ്ടാക്കാനും, ഹിന്ദു വോട്ടുകൾ സ്പ്ലിറ്റ് ചെയ്യാനും, മുന്നോക്കക്കാരെയും പിന്നോക്ക കാരെയും തമ്മിൽ അടിപ്പിക്കാനുള്ള കമ്മ്യൂണിസ്റ്റ് അജണ്ടായാണ് വാർത്തയ്ക്ക് പിന്നിലെന്നും രാഹുൽ പറഞ്ഞു.

ഒരു ഹിന്ദു എംഎൽഎ ഗുരുവായൂരിൽ ഉണ്ടാവാറില്ല, ഉണ്ടാവണമെന്ന് താൻ പറഞ്ഞത് മതസൗഹാർദ്ദത്തിന്റെ ഭൂമികയിൽ നിന്നുകൊണ്ടാന്നും രാഹുൽ പറയുന്നു. കേരളത്തിലെ ഏറ്റവും വലിയ മഹാക്ഷേത്രങ്ങളിൽ ഒന്നായ ഗുരുവായൂരിൽ ഒരു ഹിന്ദു എംഎൽഎ ഉണ്ടായാൽ കേന്ദ്ര സർക്കാരിന്റെ ഒരുപാടു പദ്ധതികൾ ഇവിടെ കൊണ്ടുവരാൻ സാധിക്കും. അതുമൂലം ഗുരുവായൂരിലെ ഹിന്ദു ജനതക്കും അത് ഗുണമാകും. ഒപ്പം ഗുരുവായൂരിന്റെ വികസനത്തിനും അത് കാരണമാകും എന്നും രാഹുൽ പറയുന്നു. ഇത് ഭയന്നാണ് തെറ്റായ വാർത്ത ദേശാഭിമാനി പ്രചരിപ്പിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

ബിജെപി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനച്ചടങ്ങിൽനിന്ന് അവർണരെ അകറ്റിനിർത്താൻ ആർഎസ്എസ് തീരുമാനിച്ചു എന്ന വിധത്തിലായിരുന്നു ദേശാഭിമാനി വാർത്ത. പട്ടികജാതിക്കാരിയെന്നാരോപിച്ച് ഒരുമനയൂർ പഞ്ചായത്തംഗം സിന്ധു അശോകനെ വേദിയിൽ കയറ്റിയില്ല. ബിഡിജെഎസിന്റെ പ്രതിനിധിയായിപ്പോലും പങ്കെടുപ്പിച്ചത് സവർണനെയായിരുന്നു. ഈഴവനാണെന്ന കാരണത്താൽ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദൻ മാമ്പുള്ളിയെയും വേദിയിൽ കയറ്റിയില്ലെന്നും വാർത്തയിൽ പറഞ്ഞിരുന്നു.

തുടർന്നുള്ള വാർത്ത ഇങ്ങനെയാണ്: ബ്രാഹ്മണനായ രാഹുൽ ഈശ്വർ പങ്കെടുക്കുന്ന ചടങ്ങ് താഴ്ന്ന ജാതിക്കാർ കയറി അശുദ്ധമാക്കേണ്ടെന്ന നിലപാട് ആർഎസ്എസ് നേതൃത്വം പരസ്യമായാണ് എടുത്തത്. സവർണരായ ചില ആർഎസ്എസ് നേതാക്കൾ കൽപ്പിച്ചപ്രകാരം അവർണർക്ക് വിലക്ക് നടപ്പാക്കിയതിൽ ബിജെപിയിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നെങ്കിലും ഉന്നത നേതാക്കൾ ഇടപെട്ട് നിശബ്ദരാക്കി. സംഭവം വാർത്താസമ്മേളനം നടത്തി പറയാൻ തുടങ്ങിയ ഒരു ബിജെപി നേതാവിനെ ആർഎസ്എസുകാർ സ്ഥലത്തുനിന്നും മാറ്റി. ഇതോടെയാണ് തിങ്കളാഴ്ച നടന്ന അവർണവിരോധം പുറത്തറിഞ്ഞത്.

തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിൽ ഉന്നതകുലജാതനെ അധഃകൃതർ തൊട്ടശുദ്ധമാക്കേണ്ടെന്ന നലപാടിനെ അന്നുതന്നെ പ്രവർത്തകർ ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. പ്രശ്‌നം രൂക്ഷമാകുമെന്നായതോടെ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് അനീഷിന് അധ്യക്ഷനാകാൻ അനുമതി നൽകി. പ്രത്യേക നിബന്ധനകളോടെയായിരുന്നു ഇത്.

പരിപാടി തുടങ്ങിയപ്പോഴാകട്ടെ ബിജെപി പരിപാടികൾ തുടങ്ങുമ്പോൾ ചൊല്ലാറുള്ള വന്ദേമാതരത്തിനുപകരം ആർഎസ്എസ് കീർത്തനമായ ഏകതാമന്ത്രമാണ് ചൊല്ലിയത്. അവർണർക്ക് ഇപ്പോഴും തൊട്ടുകൂടായ്മയാണെങ്കിൽ സവർണർതന്നെ വോട്ട് പിടിച്ചോട്ടെയെന്നും പോസ്റ്റൊറൊട്ടിക്കാനും മതിലെഴുതാനും മാത്രം തങ്ങളെ കിട്ടില്ലെന്നും ഏതാനും പ്രവർത്തകർ മുറുമുറത്തെങ്കിലും ആർഎസ്എസ് നേതൃത്വം വകവച്ചില്ല.