നിലയ്ക്കൽ: ശബരിമലയിലേക്ക് സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ സംസ്ഥാനത്തുണ്ടായ വിവാദ ചൂടിന് മുൻപന്തിയിൽ നിന്നയാളായിരുന്നു രാഹുൽ ഈശ്വർ. സന്നിധാനത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെ ഹിന്ദു ഐക്യവേദി നേതാവ് ശശികല അടക്കമുള്ളവർ അറസ്റ്റിലായതിന് പിന്നാലെ സന്നിധാനത്തെത്തിയ രാഹുൽ ഈശ്വറിന് ഒടുവിൽ മടങ്ങേണ്ടി വന്നു.

സന്നിധാനത്തെത്തി ദർശനം നടത്തുമെന്ന് ഉറപ്പിച്ച് ഇവിടേയ്‌ക്കെത്തിയ രാഹുലിന് നിലയ്ക്കൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിട്ട് മടങ്ങേണ്ടി വന്നു. ഇന്ന് രാവിലെയാണ് രാഹുൽ ഈശ്വർ ദർശനം നടത്താനെത്തിയത്. എന്നാൽ മടങ്ങിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയോതടെ ഇദ്ദേഹം തിരികെ പോവുയായിരുന്നു. നേരത്തെ ശബരിമല പ്രതിഷേധത്തിന്റെ പേരിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിക്രൂരമായ തരത്തിലായിരുന്നു ജയിലിലേക്ക് മാറ്റിയത്. ഇത് ഏറെ ആരോഗ്യ പ്രശ്നങ്ങളും രാഹുലിന് ഉണ്ടാക്കി. ഇതോടെ വീമ്പു പറച്ചിലിൽ മാത്രമായി കാര്യങ്ങൾ ഒതുക്കുകയായിരുന്നു. പൊലീസ് പ്രതിഷേച്ചതിലും വേഗത്തിൽ നിലയക്കലിൽ നിന്ന് രാഹുൽ മടങ്ങി.

ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുൽ നിലയ്ക്കൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. തുലാമാസ പൂജയ്ക്കായി നട തുറന്ന സമയം തീർത്ഥാടകരെ തടഞ്ഞതിന് രാഹുൽ ഈശ്വർ അറസ്റ്റിലായിരുന്നു പിന്നീട് ജാമ്യം നൽകിയെങ്കിലും ശബരിമലയിൽ യുവതികൾ കയറിയാൽ ചിലർ രക്തം വീഴ്‌ത്തിയും അശുദ്ധി ഉണ്ടാക്കാൻ തയ്യാറായി നിന്നിരുന്നു എന്ന വെളിപ്പെടുത്തലിനെ തുടർന്ന് വീണ്ടും അറസ്റ്റിലാകുകയായിരുന്നു. മണ്ഡല കാലത്ത് യുവതികളെ സന്നിധാനത്ത് എത്താതെ നോക്കുമെന്നും അതിനായി പോണ്ടിച്ചേരിയിൽ നിന്നടക്കം ആചാര സംരക്ഷണ സമിതി പ്രവർത്തകരെ എത്തിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞിരുന്നു. എന്നാൽ നിലയ്ക്കലിൽ പൊലീസ് പറയുന്നത് അനുസരിക്കുന്ന വ്യക്തിയായാണ് രാഹുൽ മാറിയത്. പ്രശ്നങ്ങൾക്കില്ലെന്ന് വ്യക്തമാക്കി രാഹുൽ മടങ്ങി.

ഇനിയൊരു അറസ്റ്റിനും ജയിൽ വാസത്തിനും താനില്ലെന്ന സൂചനയാണ് രാഹുൽ നൽകുന്നത്. ചാനൽ ചർച്ചകളിൽ സജീവമായി തന്നെ രാഹുൽ ഇടപെടും. വെറുതെ അറസ്റ്റിലായി സമയം പാഴാക്കാൻ രാഹുൽ തയ്യാറല്ല. ഇതിനൊപ്പം മറ്റ് ചില വിവാദങ്ങളും രാഹുലിനെ തേടി എത്തിയിരുന്നു. മീ ടു പോലും ഉയർന്നു. ഇതിനെയെല്ലാം കുടുംബങ്ങളെ ഒപ്പം നിർത്തി രാഹുൽ പ്രതികരിച്ചു. ഇതിനിടെ രാഹുലിന്റെ അമ്മാവൻ അടക്കമുള്ള തന്ത്രി കുടുംബാഗങ്ങളും രാഹുലിനെ തള്ളി പറഞ്ഞു. ഇതെല്ലാം പരിഗണിച്ചാണ് രാഹുലിന്റെ പിന്മാറ്റം.

ഇന്നലെ രാത്രിയിൽ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാൻ ഒരുങ്ങിയ ഹിന്ദു ഐക്യവേദി നേതാവ് ശശികലയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ റാന്നി പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്. പ്രശ്ന സാധ്യത കണക്കിലെടുത്ത് കൂടുതൽ ബിജെപി നേതാക്കളെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ട്. പട്ടികജാതി മോർച്ചാ സംസ്ഥാനപ്രസിഡന്റ് പി.സുധീറിനെയും ശബരിമല ആചാരസംരക്ഷണസമിതി പൃത്ഥ്വിപാലിനെയും ഇന്ന് പുലർച്ചെയാണ് കരുതൽ കസ്റ്റഡിയിലെടുത്തത്. കെ.പി.ശശികലയെ അറസ്റ്റ് ചെയ്തതിൽ കൂടുതൽ പ്രതിഷേധമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ശബരിമലയിലെത്തുന്ന തീർത്ഥാടകരെ തമ്പടിക്കാനോ കൂട്ടം കൂടാനോ പൊലീസ് അനുവദിക്കുന്നില്ല.

ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് ശബരിമല നട തുറന്നത്. വലിയ ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ദർശനത്തിന് ഇപ്പോഴും നീണ്ട ക്യൂവുണ്ട്. കൃത്യമായ നിയന്ത്രണത്തോടെ മാത്രമാണ് സന്നിധാനത്തേയ്ക്ക് തീർത്ഥാടകരെ കടത്തി വിടുന്നത്. ചരിത്രത്തിലാദ്യമായി സന്നിധാനം കനത്ത പൊലീസ് സുരക്ഷാവലയത്തിലാണ്. വലിയ നടപ്പന്തലിന് താഴെയും നടപ്പന്തലിലും ആളുകളെ കൂട്ടം കൂടാൻ അനുവദിക്കാതെ ക്യൂ പാലിച്ച് മാത്രമേ ദർശനം അനുവദിക്കൂ. മരക്കൂട്ടത്ത് നിന്ന് മുകളിലേക്ക് ക്യൂ പാലിച്ച് മാത്രമേ കയറാനാകൂ. മരക്കൂട്ടത്തിനടുത്തും വലിയ നടപ്പന്തലിലും കഴിഞ്ഞ തവണ വലിയ രീതിയിൽ ആളുകൾ കൂട്ടം കൂടി പ്രതിഷേധവുമായി എത്തിയ സാഹചര്യത്തിലാണ് പൊലീസിന്റെ മുൻകരുതൽ.