തിരുവനന്തപുരം: മലയാളം വാർത്താ ചാനലുകളിൽ കുറച്ചുകാലമായി ദിലീപിന്റെ ശക്തനായ വക്താവായാണ് രാഹുൽ ഈശ്വർ പ്രത്യക്ഷപ്പെടാറ്. ഇന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുന്റെ വക്കാലത്തുമായാണ് രാഹുൽ ഈശ്വർ എത്തിയത്. വിജയ് ബാബുവിനെ അമ്മയിലെ യോഗത്തിൽ പങ്കെടുപ്പിച്ചതും അദ്ദേഹത്തെ പുറത്താക്കില്ലെന്ന നിലപാട് സ്വീകരിച്ചതുമായിരുന്നു ചാനലിലെ ചർച്ചാ വിഷയം. ഈ ചർച്ചക്കിടെ വിജയ് ബാബുവിനെ പുകഴ്‌ത്തി സംസാരിച്ച രാഹുൽ ഈശ്വർ അദ്ദേഹം കേരളത്തിന്റെ ജോണി ഡെപ്പാണെന്നുമാണ് അവകാശപ്പെട്ടത്.

ഫേക്ക് മീ ടൂവിനെതിരെ പാശ്ചാത്യ ലോകത്ത് പോരാടിയ ജോണി ഡെപ്പിനെ പോലെയാണ് വിജയ് ബാബു ഇവിടെ പുരുഷന്മാർക്ക് വേണ്ടി പോരാടുന്നത് എന്നായിരുന്നു ചാനൽ ചർച്ചയിൽ രാഹുൽ ഈശ്വറിന്റെ വാദം. 'എനിക്ക് പറയാൻ ഏറെ അഭിമാനമുണ്ട്. കേരളത്തിന്റെ ജോണി ഡെപ്പായി മാറിയിരിക്കുകയാണ് വിജയ് ബാബു. അതായത് ഫേക്ക് മീ ടൂ, ഫാൾസ് മീ ടൂവിനെതിരെ പോരാടി പാശ്ചാത്യ ലോകത്ത് വിജയിച്ച ജോണി ഡെപ്പിനെ പോലെ നിശബ്ദനായി നമ്മുടെ നാട്ടിൽ നിന്നും പോരാടുന്നത് ഓരോ പുരുഷനും വേണ്ടിയാണ്. കാരണം ഈ നാട്ടിലെ ഓരോ സ്ത്രീകളും ഓർക്കണം നിങ്ങളുടെ മകൻ, അച്ഛൻ, സഹോദരൻ, സുഹൃത്ത് എന്നിവരെല്ലാം ജയിലിൽ നിന്ന് ഒരു വ്യാജ പരാതി അകലെയാണ് എന്ന്,' രാഹുൽ ഈശ്വർ പറയുന്നു.

സിദ്ദിഖ് ഇന്നെടുത്തത് ആർജവമുള്ള നിലപാടാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മാധ്യമങ്ങളുടെയും ലെഫ്റ്റ് ലിബറൽ ഫെമിനിസ്റ്റുകളുടെയും സമ്മർദ്ദം കൊണ്ട് ദിലീപിനെതിരെ സ്വീകരിച്ച നടപടി തെറ്റായി എന്നായിരുന്നു സിദ്ദിഖ് പറഞ്ഞത്. 'യഥാർത്ഥത്തിൽ ജോണി ഡെപ്പായി മാറി കേരളത്തിലെയും നമ്മുടെ നാട്ടിലെയും വ്യാജ മീ ടുവിന് ഒരു തടയിടാൻ ശ്രീ വിജയ് ബാബുവിന് കഴിഞ്ഞു. അതിന് അദ്ദേഹം അഭിനന്ദിനമർഹിക്കുന്നു,' രാഹുൽ ഈശ്വർ പറഞ്ഞു. അമ്മ പോലെ ഒരു സംഘടന മലയാള സിനിമാ ഇൻഡസ്ട്രിക്ക് നൽകിയ സേവനങ്ങൾ കാണാതെ കണ്ണടച്ചിരുട്ടാക്കരുത് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം ചർച്ചയിൽ പങ്കെടുത്ത ്‌വിജയ് ബാബുവിനെതിരെ ബലാത്സംഗ പരാതി നൽകിയ നടിയുടെ അച്ഛൻ അമ്മക്കെതിരെ ആഞ്ഞടിച്ചു. താരസംഘടനയായ 'അമ്മ' പുരുഷന്മാർക്ക് വേണ്ടി മാത്രമുള്ള സംഘടനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 'അമ്മ' എന്ന സംഘടനയെ കുറിച്ച് എന്ത് പറയാനാണ് എന്നും അദ്ദേഹം ചോദിച്ചു. പണവും സ്വാധീനവും ആളുകളും ഉള്ളവർക്ക് എന്തുമാകാം എന്നതാണ് ഇത് തെളിയിക്കുന്നതെന്നും വിജയ് ബാബു 'അമ്മ' ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുത്തത് പരാമർശിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.

അന്തസ്സുള്ള സംഘടനയായിരുന്നെങ്കിൽ മാറി നിൽക്കാൻ വിജയ് ബാബുവിനോട് പറയുമായിരുന്നു. കേസ് കഴിയുന്ന വരെ കാക്കാമായിരുന്നു. പരാതിയിൽ നിന്ന് പിന്മാറാൻ വിജയ് ബാബു ഒരു കോടി രൂപ മകൾക്ക് വാഗ്ദാനം ചെയ്തു. ഒരു സുഹൃത്ത് മുഖേനയാണ് പണം വാഗ്ദാനം ചെയ്തത്.അതിജീവിതയുടെ സഹോദരിയെ ഫോണിൽ വിളിച്ച് കാലുപിടിച്ചെന്ന പോലെ സംസാരിച്ചു. കേസ് കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫോൺ റെക്കോർഡിങ് കയ്യിലുണ്ടെന്നും അതിജീവിതയുടെ അച്ഛൻ പറഞ്ഞു. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ പിന്നെ പണം വാഗ്ദാനം ചെയ്തത് എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.

പരാതി നൽകിയതിന് പിന്നാലെ ലൈവിലെത്തി അതിജീവിതയുടെ പേര് വെളിപ്പെടുത്തുകയാണ് വിജയ് ബാബു ചെയ്തത്. അതിജീവിത കേസ് നൽകുകയാണ് ചെയ്തത്. എന്നിട്ടും ഇയാളുടെ പേര് എവിടെയും പറഞ്ഞിട്ടില്ല. അതുപോലെ കേസ് നൽകാമായിരുന്നല്ലോ എന്ന് അദ്ദേഹം ചോദിച്ചു. അമ്മയുണ്ട്, ഭാര്യയുണ്ട്, സഹോദരിയുണ്ട് എന്നെല്ലാം അയാൾ ലൈവിൽ പറഞ്ഞു. മറുഭാഗത്തും ഇതെല്ലാം ഉണ്ടല്ലോ. പരാതിക്കാരി അങ്ങോട്ടാണ് സമീപിച്ചതെങ്കിൽ വിജയ് ബാബുവിന് അവരെ തടയാമായിരുന്നില്ലേ എന്നും അതിജീവിതയുടെ അച്ഛൻ ചോദിച്ചു.

അതേസമയം, ലൈംഗിക പീഡന കേസിൽ പ്രതിയായ വിജയ് ബാബുവും എ.എം.എം.എയുടെ ജനറൽ ബോഡി യോഗത്തിനെത്തിയിരുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയിൽ യോഗം നടന്നത്. വിജയ് ബാബുവിനെതിരായ കേസ് കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനത്തിന് മുമ്പ് എടുത്ത് ചാടി നടപടിയെടുക്കില്ലെന്നും സംഘടനാ ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു. തെരഞ്ഞടുക്കപ്പെട്ട അംഗത്തെ കൃത്യമായ കാരണമില്ലാതെ പുറത്താക്കാനാവില്ല. വിജയ് ബാബു വെറും കുറ്റാരോപിതൻ മാത്രമാണ്. മുൻകൂർ ജാമ്യത്തിൽ പുറത്തിറങ്ങിയ ആളെ എന്തടിസ്ഥാനത്തിലാണ് പുറത്താക്കിയതെന്ന് ചോദിച്ചാൽ എന്ത് പറയാനാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസിന്റെ തീരുമാനമറിയാതെ തീരുമാനമെടുക്കാനാവില്ലെന്നും സിദ്ദിഖ് പറഞ്ഞു.