മെൻഡിപത്താർ: പിഎൻബിയിൽ നിന്ന് 11,000 കോടി തട്ടി രാജ്യം വിട്ട നീരവ് മോദി വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. നീരവിനെ സഹായിക്കുന്നത് കോൺഗ്രസ് എന്നാണ് ബിജെപി പറയുന്നത്. അതിനിടെയാണ് കുറിക്കു കൊള്ളുന്ന കളിയാക്കലുമായി രാഹുൽ എത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയിൽ കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുൽ.

'എല്ലാവർക്കും വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഒരു അപേക്ഷയുണ്ട്-അടുത്ത വിദേശ യാത്രയ്ക്ക് പോയി വരുമ്പോൾ മറ്റേ മോദിയെ കൂടി കൊണ്ടുവരണം'- രാഹുൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ബാങ്കുകളിൽ നിന്ന് പണം തട്ടിച്ച് രക്ഷപെട്ട ചില സമ്പന്നരായ ഇന്ത്യക്കാർ ബിജെപിയെ പിന്തുണക്കുന്നവരാണെന്ന് അറിയാം. ഈ സാഹചര്യത്തിൽ ബിജെപിയെ ഒരു പാഠം പഠിപ്പിക്കാനും അദ്ദേഹം മേഘാലയയിലെ വോട്ടർമാരോട് ആവശ്യപ്പെട്ടു. മേഘാലയയിൽ കോൺഗ്രസും ബിജെപിയും നേർക്ക് നേർ പോരാട്ടമാണ് നടത്തുന്നത്.

മേഘാലയയിലെ പള്ളികൾ മോടി കൂട്ടുന്നതിന് പണം അനുവദിച്ച കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ നടപടിയേയും രാഹുൽ വിമർശിച്ചു. ഞങ്ങളുടെ ചില പാർട്ടി അംഗങ്ങളെ ബിജെപി വിലയ്ക്കെടുത്തു. ആ അഹങ്കാരത്തിൽ അവർ ചിന്തിക്കുന്നത് ദൈവങ്ങളേയും വിലയ്ക്കെടുക്കാമെന്നാണ്. പള്ളികളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും മോസ്‌കുകളും ആത്മീയതയും വിൽപ്പനയ്ക്കുള്ളതല്ലെന്ന് ഓർക്കണമെന്നും രാഹുൽ പറഞ്ഞു. രണ്ട് പള്ളികൾ കേന്ദ്രത്തിന്റെ സഹായം നിരാകരിച്ചതും അദ്ദേഹം പറഞ്ഞു.

അസം, അരുണാചൽ, മണിപ്പുർ എന്നിവ പിടിച്ചെടുത്തു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രഥയാത്ര നടത്തിയ ബിജെപി, കേന്ദ്രഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ചു മേഘാലയയിൽ നടത്തുന്ന നീക്കങ്ങളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിനു പുതിയ മാനം നൽകുന്നത്. മോദിതരംഗം വീശിയ 2014ലെ തിരഞ്ഞെടുപ്പ് ബിജെപിക്ക് ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഷില്ലോങ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിൻസന്റ് എച്ച് പാലാ ജയിച്ചെങ്കിലും നാലാമതെത്തിയ ബിജെപിയുടെ ഷിബുൻ ലിങ്‌ദോ പല നിയമസഭാ മണ്ഡലങ്ങളിലും മുന്നിലെത്തി.

2015ൽ ഗാരോ, ഖാസി, ജയ്ന്തിയ തദ്ദേശ കൗൺസിൽ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാനും ബിജെപിക്കു കഴിഞ്ഞു. കേന്ദ്രത്തിൽ ബിജെപിയുടെ സഖ്യകക്ഷിയായ നാഷനൽ പീപ്പിൾസ് പാർട്ടി ഇവിടെ ബിജെപിയെക്കൂടാതെയാണു മൽസരിക്കുന്നത്. മുഖ്യമന്ത്രി മുകുൾ സാങ്മയുടെ ഏകാധിപത്യവും പാർട്ടിയിലെ പ്രശ്‌നങ്ങളുമാണു കോൺഗ്രസിനെ അലട്ടുന്നത്. ബാപ്റ്റിസ്റ്റ് പ്രചാരകനായ റവ. പോൾ സിസായ്ക്ക് ദക്ഷിണാഫ്രിക്കയിലെ ഇന്ത്യൻ എംബസി വീസ നിഷേധിച്ചതാണ് ഏറ്റവും ഒടുവിൽ ആളിക്കത്തുന്ന വിഷയം.

മേഘാലയയിലെ ഗാരോ ഹില്ലിൽ ക്രിസ്ത്യൻ മതം എത്തിയതിന്റെ 150-ാം വാർഷികച്ചടങ്ങിൽ പങ്കെടുക്കാനാണ് റവ. സിസാ ഇന്ത്യയിലേക്കു വരാനിരുന്നത്. സംഭവം ബിജെപിക്കു ക്ഷീണമായതോടെ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തെയാണു പ്രശ്‌നപരിഹാരത്തിനു നിയോഗിച്ചിരിക്കുന്നത്.