- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഡൽഹി പട്ടാളക്കോട്ടയായി'; 'സർക്കാർ എന്തിനാണ് കോട്ട കെട്ടുന്നത്'; 'കർഷകരെ ഭയക്കുന്നുണ്ടോ'; 'അവർ ശത്രുക്കളാണോ'; 'ഇന്ത്യയുടെ പ്രതിച്ഛായ തകർന്നു'; രാജ്യത്തിന്റെ വലിയ ശക്തിയായ കർഷകരെ ബിജെപിയും ആർഎസ്എസും തകർത്തെന്നും രാഹുൽഗാന്ധി
ന്യൂഡൽഹി: കർഷക സമരത്തിൽ പരിഹാരം കാണാത്ത അനിശ്ചിതമായി നീട്ടുന്നതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നതെന്നും കർഷക സമരവുമായി ബന്ധപ്പെട്ട് പ്രശ്നപരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.
'സർക്കാർ എന്തിനാണ് കോട്ട കെട്ടുന്നത്. സർക്കാർ കർഷകരെ ഭയക്കുന്നുണ്ടോ. കർഷകർ ശത്രുക്കളാണോ. കർഷകർ ഇന്ത്യയുടെ കരുത്തും ശക്തിയുമാണെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അവരെ ഭീഷണിപ്പെടുത്തുന്നതും കൊല്ലുന്നതും സർക്കാരിന്റെ ജോലിയല്ല. സർക്കാരിന്റെ ജോലി കർഷകരുമായി ചർച്ചകൾ നടത്തി പ്രശ്നം പരിഹരിക്കുക എന്നുള്ളതാണ്, രാഹുൽ പറഞ്ഞു.
ഡൽഹി കർഷകരാൽ ചുറ്റപ്പെട്ടിരിക്കുകയാണ്. അവർ നമുക്ക് ഭക്ഷണം നൽകുന്നവരാണ്, നമുക്ക് വേണ്ടി പണിയെടുത്തവരാണ്. എന്തുകൊണ്ടാണ് ഡൽഹിയെ ഒരു പട്ടാളക്കോട്ടയായി മാറ്റിയിരിക്കുന്നത്. എന്തിനാണ് നാം നമ്മുടെ കർഷകരെ മർദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കൊലപ്പെടുത്തുന്നതും.എന്തുകൊണ്ടാണ് അവരോട് സംസാരിക്കാൻ തയ്യാറാകാത്തത്. ഈ പ്രശ്നം പരിഹരിക്കാത്തത് എന്തുകൊണ്ടാണെന്നും രാഹുൽ ചോദിച്ചു.
രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയായ കർഷകരെ ബിജെപിയും ആർഎസ്എസും തകർത്തു. കർഷകരുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണം. സർക്കാർ അവരെ ശ്രദ്ധിക്കേണ്ടതുണ്ടെന്നും രാഹുൽ പറഞ്ഞു.
ട്വിറ്ററിൽ 100 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള രാജ്യാന്തര പോപ്പ് താരം റിഹാന, കർഷകരുടെ പ്രതിഷേധത്തെക്കുറിച്ച് എന്തുകൊണ്ടാണു ചർച്ച നടത്താത്തതെന്നു ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരായി സർക്കാർ പ്രസ്താവനയിറക്കി. ബോളിവുഡിലെ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, കരൺ ജോഹർ, സുനിൽ ഷെട്ടി തുടങ്ങിയവർ കേന്ദ്രത്തിന്റെ ആഹ്വാനം ഏറ്റെടുത്തു. ഈ പശ്ചാത്തലത്തിലാണു രാഹുലിന്റെ പരാമർശങ്ങൾ.
'കർഷകർ പ്രതിഷേധിക്കുന്ന ഡൽഹി അതിർത്തിയിൽ ബാരിക്കേഡുകൾ സ്ഥാപിച്ച് അവരെ തടയുന്നതു രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർക്കുകയാണ്. കർഷകരോട് എങ്ങനെ പെരുമാറുന്നു എന്നതു മാത്രമല്ല, രാജ്യത്തെ ജനങ്ങളോട് എങ്ങനെ പെരുമാറുന്നു, മാധ്യമപ്രവർത്തകരോട് എങ്ങനെ പെരുമാറുന്നു എന്നതെല്ലാം രാജ്യത്തിന്റെ പ്രശസ്തിയെ ബാധിച്ചു. നമ്മുടെ ഏറ്റവും വലിയ ശക്തിയായ കർഷകരെ തകർത്തു.
പലതട്ടുകളിലായുള്ള ബാരിക്കേഡുകളും റോഡ് തടസ്സങ്ങളും ഡൽഹിയെ 'പട്ടാളക്കോട്ട' പോലെയാക്കി. രാജ്യത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണു കർഷകർ. അവരോട് ഇത്തരത്തിൽ പെരുമാറരുത്. രാജ്യത്തിനു നേതൃത്വമില്ലെന്നതാണ് ഇതു കാണിക്കുന്നത്. 'നിങ്ങളുടെ ജോലി ചെയ്യൂ' എന്നാണു പ്രധാനമന്ത്രിയോടുള്ള അഭ്യർത്ഥന. ജനസംഖ്യയുടെ ഒരു ശതമാനത്തിനു രാജ്യം വിൽക്കുകയല്ല, കർഷകരെ സംരക്ഷിക്കുകയാണു നിങ്ങളുടെ ജോലി. പോയി അവരുടെ കൈ പിടിക്കൂ, കെട്ടിപ്പിടിച്ച് 'എനിക്ക് നിങ്ങൾക്കായി എന്തുചെയ്യാൻ കഴിയും' എന്നു ചോദിക്കൂ.'- രാഹുൽ പറഞ്ഞു.
കേന്ദ്ര ബജറ്റിനെയും രാഹുൽ ഗാന്ധി വിമർശിച്ചു. 'രാജ്യത്തെ ജനസംഖ്യയുടെ 99 ശതമാനം പേർക്കും പിന്തുണ നൽകുന്നതാകും ബജറ്റെന്നാണ് ഞാൻ പ്രതീക്ഷിച്ചത്. എന്നാൽ ഈ ബജറ്റ് ജനസംഖ്യയുടെ ഒരു ശതമാനം പേർക്ക് വേണ്ടിയുള്ളതാണ്. ചെറുകിട- ഇടത്തരം വ്യവസായമേഖലകളിൽ നിന്നും തൊഴിലാളികളിൽ നിന്നും കർഷകരിൽ നിന്നും പ്രതിരോധ സേനയിൽ നിന്നും പണം തട്ടിയെടുത്ത് 5-10 ആളുകളുടെ പോക്കറ്റിൽ നിക്ഷേപിക്കുകയാണ് സർക്കാർ. ചെറുകിട വ്യവസായ മേഖലകൾക്ക് പണം നൽകിയിരുന്നെങ്കിൽ, അവരെ സംരക്ഷിച്ചിരുന്നെങ്കിൽ സമ്പദ് ഘടന ഉണരുമായിരുന്നെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
'ചൈന ഇന്ത്യയുടെ പ്രദേശത്തേക്ക് അതിക്രമിച്ച് കടക്കുന്നുണ്ട്. ആയിരക്കണക്കിന് കിലോമീറ്ററുകൾ നമ്മുടെ ഭൂമി അവർ പിടിച്ചടക്കുന്നുണ്ട്. എന്നാൽ ബജറ്റിൽ ചൈനയ്ക്ക് എന്തുസന്ദേശമാണ് നൽകിയത്. നമ്മുടെ പ്രതിരോധമേഖലയ്ക്കുള്ള ചെലവ് വർധിപ്പിക്കില്ലെന്നോ. മൂവായിരം-നാലായിരം കോടി രൂപ നിങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. നിങ്ങൾക്ക് അകത്തേക്ക് വരാം, നിങ്ങൾക്ക് ഇഷ്ടമുള്ളത് ചെയ്യാം, ഞങ്ങൾ ഞങ്ങളുടെ സൈന്യത്തെ പിന്തുണയ്ക്കില്ലെന്നാണോ ചൈനയ്ക്ക് നൽകിയ സന്ദേശം?, രാഹുൽ ഗാന്ധി ചോദിച്ചു.
തന്റെ കടമ നിർവഹിക്കുന്നതിനുവേണ്ടിയാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തിരിക്കുന്നത്. ജനസംഖ്യയുടെ ഒരു ശതമാനത്തിന് രാജ്യത്തെ വിൽക്കുകയെന്നുള്ളതല്ല പ്രധാനമന്ത്രിയുടെ ജോലി. പുറത്തുനിൽക്കുന്ന കർഷകരെ സംരക്ഷിക്കുക എന്നുള്ളതാണ്. ഇടത്തരം-ചെറുകിട വ്യാപാരികൾക്ക് ചൈനയുമായി മത്സരിക്കാൻ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നുള്ളതാണ് അദ്ദേഹത്തിന്റെ ജോലി. എന്നാൽ പ്രധാനമന്ത്രി ഇപ്പോൾ താടിയെല്ലാം വളർത്തി മറ്റെവിടെയോ ആണ്. ധൈര്യം സമാഹരിച്ച് രാജ്യത്തെ മുന്നോട്ടുനയിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും രാഹുൽ പറഞ്ഞു.
ന്യൂസ് ഡെസ്ക്