ന്യൂഡൽഹി: രാജ്യത്തുകൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ജനങ്ങൾക്ക് പിന്തുണ നൽകാൻ കോൺഗ്രസ് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടിരിക്കുന്നു, അതിനാൽ ജൻ കി ബാത്ത് നടത്തുക എന്നതിന് വലിയ പ്രാധാന്യമാണുള്ള കാര്യമാണെന്ന് രാഹുൽ ട്വീറ്റു ചെയ്തു.

രാജ്യത്തെ കോവിഡ് സാഹചര്യത്തെ വിശദീകരിക്കുന്ന പ്രധാന മന്ത്രിയുടെ മൻ കി ബാത്തിനിടെയായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഈ പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്വപ്പെട്ട ജനതയെയാണ് രാജ്യത്തിന് ആവശ്യം. എന്റെ എല്ലാ കോൺഗ്രസ് സഹപ്രവർത്തകരോട് ഞാൻ ആവശ്യപ്പെടുകയാണ്- എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളും വിട്ട് രാജ്യത്തെ ജനതയുടെ വേദനയ്ക്ക് പരിഹാരമുണ്ടാക്കാൻ വേണ്ട സഹായം ചെയ്യുക. ഇതാണ് കോൺഗ്രസ് കുടുംബത്തിന്റെ ധർമ്മം.

അതേസമയം, രണ്ടാം ഘട്ട കോവിഡ്19 വ്യാപനം രാജ്യത്തെ ഉലച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മൻകി ബാത്തിൽ തുറന്ന് സമ്മതിച്ചു. കോവിഡ്19 രൂക്ഷമായ ഈ ഘട്ടത്തിൽ ഓക്സിജൻ ഉൽപ്പാദനം, ഫാർമ ഇൻഡസ്ട്രി തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് അതത് മേഖലയിലെ വിദഗ്ധരുമായി ചർച്ച നടത്തിയെന്നും മോദി അറിയിച്ചു.

'നമ്മുടെ ആരോഗ്യ വിദഗ്ധരും ഡോക്ടർമാരും കൊവിഡിനെതിരെ പോരാടുകയാണ്. നമ്മൾ ഒന്നാം തരംഗത്തെ വിജയകരമായി പൂർത്തീകരിച്ചു. എന്നാൽ രണ്ടാം തരംഗത്തിൽ പ്രിയപ്പെട്ടവർ നമുക്ക് നഷ്ടമായി. വിശ്വാസ്യ യോഗ്യമായ സ്രോതസിൽ നിന്ന് മാത്രമെ കോവിഡ്19 സംബന്ധിച്ച അറിയിപ്പുകൾ സ്വീകരിക്കാൻ പാടുള്ളൂ.' മോദി പറഞ്ഞു.

വാക്സിനേഷൻ സംബന്ധിച്ച് ഊഹാപോഹങ്ങളുടെ ഇരയാവരുതെന്നും മോദി ആവശ്യപ്പെട്ടു. എല്ലാ സംസ്ഥാന സർക്കാരുകൾക്കും സൗജന്യ കോവിഡ് 19 വാക്സിൻ കേന്ദ്രം അയച്ചിട്ടുണ്ട്. 45 വയസ് കഴിഞ്ഞ എല്ലാവർക്കും ഇതിന്റെ ഗുണം ലഭിക്കും. മെയ് 1 മുതൽ പതിനെട്ട് വയസ് കഴിഞ്ഞ എല്ലാവർക്കും വാക്സിൻ ലഭിക്കുമെന്നും മോദി പറഞ്ഞു.